28 January Tuesday

'ആ ജയില്‍ജീവിതമാണ് പൂര്‍ണസമയ രാഷ്‌ട്രീയപ്രവര്‍ത്തകനാക്കിയത്'; അടിയന്തരാവസ്ഥയുടെ ഓര്‍മ്മകളുമായി കടകംപള്ളി സുരേന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

തിരുവനന്തപുരം > സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഘട്ടമായ അടിയന്തരാവസ്ഥക്ക് 44 വര്‍ഷം തികയുമ്പോള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിദ്യാര്‍ത്ഥിയായിരിക്കെ മുതല്‍ പൂര്‍ണസമയ രാഷ്‌ട്രീയപ്രവര്‍ത്തകനാകുന്നതുവരെ അടിയന്തരാവസ്ഥക്കാലം വഹിച്ച പങ്ക് അദ്ദേഹം വിശദീകരിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി തന്റെ അനുഭവങ്ങള്‍ വീണ്ടെടുക്കുന്നത്.

'കടകംപള്ളി സുരേന്ദ്രനെന്ന രാഷ്‌ട്രീയപ്രവര്‍ത്തകനെ സൃഷ്‌ടിക്കുന്നതില്‍ അടിയന്തരാവസ്ഥക്ക് വളരെയധികം പങ്കുണ്ട്. അന്ന് കെഎസ്‌വൈഎഫ് പ്രവര്‍ത്തകനായിരിക്കെ പേട്ടയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തപ്പോള്‍ പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജ് ഉണ്ടായി. അടിവയറ്റില്‍ കുത്തുകിട്ടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസത്തോളം മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പിന്നീട് ഒരു വര്‍ഷം തികഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയില്‍ ഇടതുപക്ഷമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുക്കാനെത്തി. അന്നും ഭീകരമായ മര്‍ദ്ദനമാണ് പൊലീസ് നടത്തിയത്. ചാത്തുണ്ണി മാസ്റ്ററും ഗൗരിയമ്മയും അന്ന് മുന്‍പന്തിയിലുണ്ടായിരുന്നു, സമരത്തെ തുടര്‍ന്ന് കോടതി മൂന്ന് മാസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.

യഥാര്‍ത്ഥത്തില്‍ ആ ജയില്‍ജീവിതമാണ് പൂര്‍ണസമയ രാഷ്ട്രീയപ്രവര്‍ത്തകനാകാനുള്ള തീരുമാനത്തിലെത്തിച്ചത്. അക്കാലത്താണ് പാര്‍ടിയെക്കുറിച്ചും പാര്‍ടിയുടെ നയങ്ങളെക്കുറിച്ചും പഠിച്ചത്. അതാണ് ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന തീരുമാനമെടുക്കാന്‍ കാരണം. അതുകൊണ്ടുതന്നെ ഒളിവിലും തെളിവിലുമായി കഴിഞ്ഞിരുന്ന ആ നാളുകളാണ് പൊതുജീവിതത്തിലെ ഏറ്റവും ഓര്‍മിക്കപ്പെടുന്ന കാലം.'-മന്ത്രി പറഞ്ഞു. 

ഇപ്പോള്‍ നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൗരാവകാശങ്ങള്‍ക്ക്‌മേല്‍ കടിഞ്ഞാണിടുന്ന ഭരണമാണ് നടക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. അന്ന് ജനാധിപത്യപൗരാവകാശങ്ങള്‍ മാത്രമാണ് ധ്വംസിക്കപ്പെട്ടതെങ്കില്‍ ഇന്ന് രാജ്യത്തിന്റെ പരമോന്നതമായ മതേതര പാരമ്പര്യവും ഭരണഘടനാപരമായ അവകാശങ്ങളും എല്ലാം നിഷേധിക്കപ്പെടുകയാണ്. ഏകാധിപതികള്‍ക്കും സ്വേച്ഛാധിപതികള്‍ക്കും ഏറെക്കാലം ജനങ്ങളെ അടിച്ചമര്‍ത്താന്‍ ആകില്ലെന്നതിന് ഏറ്റവും വലിയ തെളിവ് ഇന്ദിരാ ഗാന്ധിയുടെ പതനമാണെന്ന് ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top