20 July Saturday

ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച‌് 20 തിയറ്റർ സമുച്ചയം നിർമിക്കും: മന്ത്രി എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

തിരുവനന്തപുരം> ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച‌് 20 തിയറ്റർ സമുച്ചയം നിർമിക്കുമെന്ന‌് മന്ത്രി എ കെ ബാലൻ. കിഫ്ബി ധനസഹായത്തോടെ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനാകും  പദ്ധതി നടപ്പാക്കുകയെന്നും സാംസ‌്കാരിക വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ‌്ക്ക‌് മന്ത്രി മറുപടി നൽകി. തൃശൂർ അളഗപ്പ നഗറിൽ 9.3 കോടിരൂപയും പേരാമ്പ്രയിൽ 11.35 കോടി, കായംകുളത്ത് 15 കോടി, പയ്യന്നൂരിൽ 11.4 കോടി, തലശ്ശേരിയിൽ 10.2 കോടിയും ചെലവിടുന്ന തിയറ്റർ സമുച്ചയങ്ങളുടെ നിർമാണം ഈവർഷം ആരംഭിക്കും.

പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിൽ 3 കോടിരൂപയുടെ വികസനപ്രവർത്തനം ഈവർഷം തുടങ്ങും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ടൂറിങ് ടാക്കീസ് തുടരും. സിനിമയിലെ വനിതാ സംരംഭകർക്ക‌് മലയാളചിത്രങ്ങൾ നിർമിക്കാനുള്ള പ്രത്യേക പാക്കേജ് നടപ്പാക്കും.

പാലക്കാട്, കൊല്ലം, കാസർഗോഡ് ജില്ലകളിൽ സാംസ്കാരിക സമുച്ചയങ്ങളുടെ നിർമാണം ഈവർഷം ആരംഭിക്കും. മറ്റ് ജില്ലകളിൽ സ്ഥലമെടുക്കുന്നത‌് പുരോഗമിക്കുന്നു. സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കും. ഭാരത് ഭവന്റെ ആഭിമുഖ്യത്തിൽ യേശുദാസ് ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും. ആദ്യകാലംമുതൽ തുടർച്ചയായി മലയാളം മിഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ അധ്യാപകരെ മലയാളം മിഷൻ ദശവാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക ഓണറേറിയം നൽകി ആദരിക്കും.

മലയാള നോവൽ സാഹിത്യശാഖയിൽ പുതിയ പന്ഥാവ് വെട്ടിത്തുറന്ന ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ അമ്പതാം വാർഷികം ഒരു വർഷത്തെ പരിപാടികളോടെ ഒ വി വിജയൻ സ്മാരകസമിതി ഈവർഷം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top