08 August Saturday

പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കും: മന്ത്രി ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019


തിരുവനന്തപുരം  
പ്രധാന ജീവനോപാധി എന്ന നിലയ്‌ക്കും പരമ്പരാഗത സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കും സാംസ്‌കാരികത്തനിമ നിലനിർത്താനും പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന്‌ മന്ത്രി ഇ പി ജയരാജൻ. ആർ രാമചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടി നൽകുകയായിരുന്നു മന്ത്രി.

കൈത്തറി മേഖലയിൽ നടപ്പാക്കിയ സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി വഴി 5000 ത്തിലധികം തൊഴിലാളികളെയും അത്രത്തോളം അനുബന്ധ തൊഴിലാളികളെയും സംരക്ഷിക്കാനായി. ഇതുവരെ 103 കോടിയോളം രൂപ കൂലിയിനത്തിൽ നൽകി. മേഖലയിലെ തൊഴിൽരഹിതരായ യുവജനങ്ങളെ ആകർഷിക്കാൻ യുവ വീവ്,  വ്യക്തിഗത നെയ‌്ത്തുകാർക്കും കൈത്തറി സംഘങ്ങളിലെ പൊതു പണിശാലയിൽ പണിയെടുക്കുന്നതുമായ നെയ‌്ത്തുകാർക്കും വേണ്ടി  ‘ഒരു വീട്ടിൽ ഒരു തറി', ഹാൻടെക്സ് വഴിയുള്ള ‘കൈത്തറി സുരക്ഷ', സംരംഭകരെ ആകർഷിക്കാൻ സ്ഥിരമൂലധന നിക്ഷേപത്തിന്റെ 40 ശതമാനം പരമാവധി 4 ലക്ഷം രൂപയും, പ്രവർത്തന മൂലധന നിക്ഷേപത്തിന്റെ 30ശതമാനം പരമാവധി 1.5 ലക്ഷം രൂപയും സർക്കാർ ഗ്രാന്റായി നൽകുന്ന  ‘സ്വയം തൊഴിൽ സംരംഭം' എന്നിങ്ങനെ വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നു.

കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ വിവിധ ക്രാഫ്റ്റുകളിലായി 1350 കരകൗശല തൊഴിലാളികൾക്ക്‌ സൗജന്യമായി ടൂൾകിറ്റ‌് വിതരണം ചെയ്തു. കൈത്തൊഴിൽ മേഖലയിൽ 5 ലക്ഷം  വരെയുള്ള വായ്പകൾ 5 മുതൽ 6 ശതമാനം പലിശ നിരക്കിൽ ലഭ്യമാക്കി. കേരള സംസ്ഥാന ബാംബൂ കോർപ്പറേഷൻ അംഗീകൃത ഈറ്റ–-പനമ്പ്‌ തൊഴിലാളികൾക്ക്‌ മിനിമം  വേജസ് പദ്ധതി നടപ്പാക്കി. പനമ്പിന്റെ സംഭരണവില പുതുക്കി,  ‘സാമൂഹ്യ യന്ത്രവൽകൃത പനമ്പ്‌ നെയ‌്ത്ത‌് ക്രേന്ദങ്ങൾ,  ഈറ്റയിൽ നിന്നും പനമ്പു നെയ്യേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സ്ലീവറിങ‌് യൂണിറ്റുകൾ ആരംഭിച്ചു.

കെൽപാം എന്ന സ്ഥാപനത്തിന്റെ പുനരുദ്ധാരണത്തിനായി കോമൺ ഫെസിലിറ്റി സർവീസ് സെന്റർ, പെറ്റ് ബോട്ടിൽ പ്ലാന്റ്, പന ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള സ്വീറ്റ്‌സ്, കല്ലേപ്പുള്ളി മോഡേൺ റൈസ് മിൽ എന്നിവ സ്ഥാപിക്കാൻ പ്രവർത്തനങ്ങൾ നടക്കുന്നു. ഖാദിമേഖലയുടെ പുനഃരുദ്ധാരണത്തിനായി ചർക്കകളും തറികളും പരിഷ്‌ക്കരിച്ചു,  ഉത്സവബത്ത 1500 രൂപയാക്കി, ഉൽപ്പാദന ഇൻസെന്റീവ്‌  നൂൽനൂൽപ്പിന്‌ 1 കഴിക്ക്‌ 60 പൈസയും നെയ‌്ത്തിന്‌ 1 കഴിക്ക്‌ 1.80 പൈസയുമാക്കി. കയർ മേഖലയുടെ ഉന്നമനത്തിനായി ‘കയർ രണ്ടാം പുനഃസംഘടന' നൂതന പദ്ധതിയുടെ ഭാഗമായി ചകിരി ഉൽപ്പാദന–- കയർപിരി മേഖലയിലും യന്ത്രവൽക്കരണം നടപ്പാക്കി.
സർക്കാരിന്റെ നിരന്തര ഇടപെടൽ മൂലം കാപ്പെക്സ്‌ ഫാക്ടറികൾ വീണ്ടും പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെ ബീഡി വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ബീഡി മേഖലയിൽ  വൈവിധ്യവൽക്കരണം നടപ്പാക്കുന്നു. സർക്കാരിൽ അടച്ച നികുതി ഗ്രാന്റായി നൽകുന്നു. കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന കോർപ്പറേഷൻ രൂപീകരിച്ചു. സംസ്ഥാന വ്യാപകമായി കളിമണ്ണ് ഉൾപ്പെടെ വിതരണം ചെയ്യാൻ റോ മെറ്റീരിയൽ ബാങ്ക് നിയമപ്രകാരം വ്യവസായ വകുപ്പിൽ രജിസ്റ്റർ ചെയ‌്തതായും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top