03 July Sunday

ജാതിവ്യവസ്ഥയ്‌ക്ക്‌ എതിരായ പോരാട്ടം 
ശക്തിപ്പെടുത്തണം: മന്ത്രി കെ രാധാകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022


അടിമാലി
പൊതുസമൂഹത്തിന്റെ പിന്തുണയോടെ ജാതിവ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന്‌ ദേവസ്വം–പിന്നാക്കക്ഷേമ മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. ആദിവാസി ക്ഷേമസമിതി അഞ്ചാം സംസ്ഥാന സമ്മേളനം രത്‌നാകരൻ കാണി നഗറിൽ (അടിമാലി പഞ്ചായത്ത്‌ ടൗൺഹാൾ) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിവ്യവസ്ഥ അവസാനിപ്പിക്കാതെ അസമത്വങ്ങൾ പരിഹരിക്കാനാകില്ല. വർഗരാഷ്‌ട്രീയത്തെ ശക്തിപ്പെടുത്തിയേ സാമൂഹ്യവ്യവസ്ഥയെ മാറ്റാനാകൂ. ബിജെപി ഭരണത്തിൽ ആദിവാസി–-ദലിത്‌ വിഭാഗങ്ങൾക്ക്‌ രക്ഷയില്ല. പത്തുവർഷത്തിനുള്ളിൽ ഈ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ 66 ശതമാനം വർധിച്ചു. അക്രമികളിൽ ആറുശതമാനംപേർ പോലും ശിക്ഷിക്കപ്പെടുന്നില്ല.


 

ദേശീയവാദത്തിലൂടെയും ജനങ്ങളെ ഭിന്നിപ്പിച്ചും ഭരണം മുന്നോട്ടുകൊണ്ടുപോകാനാണ്‌ ബിജെപി നോക്കുന്നത്‌. കേന്ദ്രഭരണത്തിനെതിരായ പോരാട്ടങ്ങളെ വർഗീയ കാർഡിലൂടെ മറച്ചുവയ്‌ക്കുന്നു. രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കി ചാതുർവർണ്യ വ്യവസ്ഥയിലേക്ക്‌ മടങ്ങാനാണ്‌ ശ്രമം.  
കേരളത്തിൽ വിദ്യാഭ്യാസം സാർവത്രികമാക്കിയ ഇ എം എസ്‌ സർക്കാർ വലിയ മുന്നേറ്റത്തിനാണ്‌ വഴിമരുന്നിട്ടത്‌. കുടികിടപ്പവകാശവും സാധ്യമാക്കി. കർഷകത്തൊഴിലാളി പെൻഷനടക്കം പാവപ്പെട്ട ജനവിഭാഗത്തിന്റെ ഉന്നമനത്തിനുള്ള നിരവധി പരിഷ്‌കാരങ്ങൾ വിവിധ എൽഡിഎഫ്‌ സർക്കാരുകൾ കൊണ്ടുവന്നു. ഇപ്പോഴത്തെ എൽഡിഎഫ്‌ സർക്കാർ വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങി അടിസ്ഥാനപ്രശ്‌നങ്ങളിൽ ശ്രദ്ധയൂന്നുന്നു. പിന്നാക്ക, ആദിവാസി വിഭാഗങ്ങൾക്ക്‌ തൊഴിലും വരുമാനവും വർധിപ്പിക്കാനും ശ്രമിക്കുന്നു. ത്രിതല പഞ്ചായത്തുകളിലൂടെ നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം ഈ വിഭാഗങ്ങൾക്ക്‌ കിട്ടുന്നുണ്ടെന്ന്‌  സർക്കാർ ഉറപ്പാക്കും–- അദ്ദേഹം പറഞ്ഞു.


ആദിവാസി ക്ഷേമസമിതി 
സംസ്ഥാനസമ്മേളനത്തിന് ഉജ്വല തുടക്കം
പ്രകൃതിയോടും സാമൂഹ്യ അടിച്ചമർത്തലുകളോടും അതിജീവനപോരാട്ടം നടത്തുന്ന ആദിവാസി ക്ഷേമസമിതി (എകെഎസ്‌) സംസ്ഥാന സമ്മേളനത്തിന് ഹൈറേഞ്ചിന്റെ കവാടമായ അടിമാലിയിൽ ആവേശത്തുടക്കം. രത്നാകരൻ കാണി നഗറിൽ (അടിമാലി പഞ്ചായത്ത് ടൗൺ ഹാൾ) ദേവസ്വം, പിന്നാക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പോരാട്ടത്തിന്റെയും രക്തസാക്ഷികളുടെയും സ്മരണകളിരമ്പിയ അന്തരീക്ഷത്തിൽ സംസ്ഥാന പ്രസിഡന്റ്‌ ഒ ആർ കേളു പതാക ഉയർത്തി. നേതാക്കളും പ്രതിനിധികളും പുഷ്പാർച്ചന നടത്തി.

പ്രതിനിധി സമ്മേളനത്തിൽ ഒ ആർ കേളു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി വാസുദേവൻ രക്തസാക്ഷി പ്രമേയവും കെ മോഹനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ടി കെ ഷാജി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബി വിദ്യാധരൻ കാണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ചയും ആരംഭിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, എകെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കൃഷ്ണൻ ഒക്ലാവ്, സ്വാഗതസംഘം ചെയർമാൻ കെ വി ശശി, ട്രഷറർ ചാണ്ടി പി അലക്സാണ്ടർ എന്നിവർ  പങ്കെടുക്കുന്നു. ഒ ആർ കേളു (കൺവീനർ), കെ കെ ബാബു, എ രാധ, കെ യു ബിനു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. എം സി മാധവൻ (മിനിട്സ്), സീതാ ബാലൻ (പ്രമേയം), പി വാസുദേവൻ (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. സംസ്ഥാന സെന്ററാണ്‌ സ്റ്റിയറിങ്‌ കമ്മിറ്റി.

വെള്ളി രാവിലെ പൊതുചർച്ചയും സെക്രട്ടറിയുടെ മറുപടിയും ഭാരവാഹി തെരഞ്ഞെടുപ്പും.  പൊതുപ്രകടനത്തോടെ സമ്മേളനം സമാപിക്കും. 14 ജില്ലകളിലെ 37 ആദിവാസി വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 348 പേർ പങ്കെടുക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top