03 June Saturday

ഒരു കേസും ആരും അട്ടിമറിക്കില്ല: പിണറായി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022


തൃക്കാക്കര
ഒരു കേസും ആരും അട്ടിമറിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാര്യത്തിൽ ആർക്കും ഒരാശങ്കയും വേണ്ട.  ഇത്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഉറപ്പാണ്‌. ഈ നാട്ടിലെ സഹോദരിമാർക്കുള്ള ഉറപ്പാണ്‌. കടവന്ത്രയിൽ ഡോ. ജോ ജോസഫിന്റെ വിജയത്തിനായി എൽഡിഎഫ്‌ സംഘടിപ്പിച്ച പൊതുയോഗവും റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വ്യാജവാർത്തകളും വാക്കുകൾ വളച്ചൊടിക്കലുംകൊണ്ട്‌ തകർന്നുപോകുന്നതല്ല ഇടതുപക്ഷം. എല്ലാ കള്ളപ്രചാരണങ്ങളെയും അതിജീവിച്ചാണ്‌ ജനം 99 സീറ്റ്‌ നൽകിയത്‌. തൃക്കാക്കരയിൽ അത്‌ നൂറാക്കുന്നു എന്നുമാത്രം.

ഒരു സൂത്രപ്പണികൊണ്ടും ജയിക്കില്ല എന്ന ഗുരുതരാവസ്ഥയിലായപ്പോൾ യുഡിഎഫിന്‌ അൽപ്പം ഗ്ലൂക്കോസ്‌ കൊടുത്തുകളയാമെന്ന ചിന്തയാണ്‌ ചില മാധ്യമങ്ങൾക്ക്‌. അതിനായി ഓവർടൈം ജോലി ചെയ്യുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണയ്‌ക്ക്‌ കൂടുതൽ സമയം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ട്രയൽ കോടതിയെയും ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചത്‌ സർക്കാരാണ്‌. ഈ നാട്ടിൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണത്‌.

രാവിലെ ഒരു ചാനൽ റിപ്പോർട്ട്‌ ചെയ്‌തത്‌, സമ്മർദംമൂലം സർക്കാർ തുടരന്വേഷണം അവസാനിപ്പിക്കേണ്ടെന്നു തീരുമാനിച്ചെന്നാണ്‌. ഇന്നലെ ഇതേ ചാനൽ റിപ്പോർട്ട്‌ ചെയ്‌തത്‌, അന്വേഷണം അവസാനിപ്പിക്കുന്നു എന്നാണ്‌. എന്നിട്ട്‌ അതിനെക്കുറിച്ച്‌ ചർച്ച സംഘടിപ്പിക്കുന്നു. പിറ്റേന്ന്‌ സമ്മർദംമൂലം തുടരന്വേഷണം അവസാനിപ്പിക്കേണ്ടെന്നു തീരുമാനിച്ചെന്നു പറയുകയാണ്‌. നുണ ആദ്യം കൊടുക്കുക, അതേറ്റെടുത്ത്‌ പ്രതിപക്ഷം പ്രചാരണം നടത്തുക. പിന്നെ മറ്റൊരു വാർത്ത നൽകുക. സർക്കാർ എന്തോ തെറ്റ്‌ തിരുത്തിയിരിക്കുകയാണ്‌ എന്ന പ്രതീതി ഉണ്ടാക്കുന്നു. അന്വേഷണം തുടരണോ ഏതുഘട്ടത്തിൽ കുറ്റപത്രം സമർപ്പിക്കണം ഇതൊന്നും സർക്കാർ തീരുമാനിക്കുന്ന കാര്യമല്ല. അത്‌ അന്വേഷണ ഏജൻസിയും അന്വേഷകസംഘവുമാണ്‌ തീരുമാനിക്കുക. അതിൽ തെറ്റിദ്ധാരണ വരുത്തി പ്രതിപക്ഷത്തിന്‌ കുറച്ച്‌ ഇന്ധനം കൊടുക്കുന്ന പണി മാധ്യമങ്ങൾ ഏറ്റെടുത്താൽ യുഡിഎഫിന്റെ ഗ്രാഫ്‌ ലേശം ഉയർത്താൻ കഴിയുമെന്നാണ്‌ ചിന്തിക്കുന്നതെങ്കിൽ, അത്‌ ജനത്തെ കുറച്ചുകാണലാണ്‌. ഇത്തരം ഒട്ടേറെ പ്രചാരണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി നിലപാടെടുത്ത ഒരു നാടാണ് കേരളം.  കേസ്‌ അട്ടിമറിക്കാൻ പോകുന്നു എന്നും പുകമറ സൃഷ്ടിക്കാൻ നോക്കി. 2017ൽ ആരംഭിച്ച ഈ കേസിന്റെ എല്ലാ ഘട്ടത്തിലും അതിന്റെ ഗൗരവം മുൻനിർത്തി സർക്കാർ ഇടപെട്ടിട്ടുണ്ട്‌. ഓരോ ഘട്ടത്തിലും എല്ലാവരും അതിനെ പ്രശംസിച്ചിട്ടുമുണ്ട്‌. ആരും അട്ടിമറി ആരോപിച്ചില്ല. അന്വേഷണത്തിൽ അതിജീവിതയുടെ ഒപ്പംനിൽക്കുകയാണ്‌ സർക്കാർ. സർക്കാർ പിന്തുണയും നൽകുന്നു.

ഈ കേസിൽ പ്രതിയായ ഒരാളെ പ്രതിയാക്കാതിരിക്കാൻ ഏതോ ഒരാൾ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നൊരു വാർത്തയും കണ്ടു.  ഇയാൾ പ്രതിയല്ല എന്നു സ്ഥാപിക്കുകയാണ്‌ ഒരു ഉദ്ദേശ്യം. രണ്ട്‌, പണം വാങ്ങി കേസ്‌ അട്ടിമറിച്ചു എന്ന പ്രതീതി ഉണ്ടാക്കുക. ഇയാൾ പ്രതിയല്ലേ? നമ്മുടെ കൺമുന്നിലുള്ള വസ്‌തുതയല്ലേ അത്‌.  എല്ലാവരുടെയും ബുദ്ധിശക്തി പരീക്ഷിക്കുകയാണോ? 2017 ജൂലൈ 10ന്‌ അറസ്റ്റിലായ ആൾ ജയിലിൽ 85 ദിവസമാണ്‌ കിടന്നത്‌. എൽഡിഎഫ്‌ സർക്കാരല്ലായിരുന്നു എങ്കിൽ അത്‌ നടക്കുമോ. യുഡിഎഫായിരുന്നു എങ്കിൽ എന്താണ്‌ സംഭവിക്കുക. അതിജീവിതയും ഒപ്പമുള്ളവരും അക്കാര്യം അംഗീകരിച്ചതല്ലേ. അതു മറച്ച്‌, നാടിനെ തെറ്റിദ്ധരിപ്പിക്കാനാണ്‌ ശ്രമം. ഇതെല്ലാം വിലയിരുത്തിയാണ്‌ ജനം 99 സീറ്റ്‌ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ പി പി ദിലീപ്‌കുമാർ അധ്യക്ഷനായി. പ്രൊഫ. കെ വി തോമസും പന്ന്യൻ രവീന്ദ്രനും സംസാരിച്ചു. എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, നേതാക്കളായ സത്യൻ മൊകേരി, ടി പി രാമകൃഷ്‌ണൻ എംഎൽഎ, സി എൻ മോഹനൻ, ബാബു ജോസഫ്‌, അഡ്വ. ദുർഗദാസ്‌, ടി വി വർഗീസ്‌, ജോർജ് ഇടപ്പരത്തി, മുഹമ്മദ്‌ നജീബ്‌, കെ വരദരാജൻ, സി ബി ചന്ദ്രബാബു, എൻ ചന്ദ്രൻ, ജോൺ ഫെർണാണ്ടസ്‌, എംഎൽഎമാരായ കെ ബി ഗണേഷ്‌കുമാർ, കെ എൻ ഉണ്ണിക്കൃഷ്‌ണൻ, എ പ്രഭാകരൻ, യു പ്രതിഭ, പി വി ശ്രീനിജിൻ, ദലീമ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top