16 July Thursday

വിദേശത്തുനിന്ന്‌ കൂടുതൽ വിമാന സർവീസിന്‌ ശ്രമിക്കും : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020


സ്വന്തം ലേഖകൻ
അമേരിക്ക, ക്യാനഡ എന്നിവിടങ്ങളിൽനിന്ന്‌  കൂടുതൽ വിമാന സർവീസിന്‌ കേന്ദ്രസർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്ന്‌‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാൻഫ്രാൻസിസ്കോ, ന്യൂയോർക്ക്‌, വാഷിങ്‌ടൺ, ചിക്കാഗോ എന്നിവിടങ്ങളിൽനിന്ന്‌ കേരളത്തിലേക്ക് കൂടുതൽ വിമാനസർവീസ്‌ വേണമെന്ന്‌ ആവശ്യപ്പെട്ട് വിദേശ മന്ത്രാലയത്തിന് കത്തുനൽകിയിട്ടുണ്ട്. അമേരിക്കയിലെ മലയാളി സംഘടനാ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നോർക്കവഴി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായും സംസ്ഥാന സർക്കാർ ബന്ധപ്പെടുന്നുണ്ട്.  വന്ദേഭാരത് മിഷനിൽ ഇനിയും ഉൾപ്പെടാത്ത  എല്ലാവരെയും  കൊണ്ടുവരാൻ സംവിധാനമുണ്ടാക്കണം. തിരിച്ചുവരുന്നവർക്ക്‌‌ ‌ വൈദ്യപരിശോധനയും ക്വാറന്റൈനും  ചികിത്സയും  ഉൾപ്പെടെ എല്ലാ കാര്യങ്ങളും  സംസ്ഥാന സർക്കാർ ചെയ്യും. ലേബർ ക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾ, ജയിൽ മോചിതരായി തിരികെ വരുന്നവർ എന്നിവരുടെ വിമാന ടിക്കറ്റിന്റെ  ചെലവ്‌ കേന്ദ്രം വഹിക്കണം.

ഫൊക്കാനാ പ്രസിഡന്റ്‌ മാധവൻ പി നായർ, ഡോ. എം അനിരുദ്ധൻ, സജിമോൻ ആന്റണി, ഡോ. ബോബി വർഗീസ്, ടോമി കൊക്കാട്ട്, ജെസി റിൻസി, ജോർജ് വർഗീസ്, അനുപമ വെങ്കിടേശൻ, കുര്യൻ പ്രക്കാനം, എസ് കെ ചെറിയാൻ, യു എ നസീർ, ഷിബു പിള്ള, ഡോ. നരേന്ദ്ര കുമാർ, ബൈജു പകലോമറ്റം,  ആനിജോൺ, ഫിലിപ്പോസ് ഫിലിപ്പ്, ഡോ. ജോർജ് കാക്കനാട്ട് തുടങ്ങിയവർ സംസാരിച്ചു.

ഒഐസി കാർഡുള്ളവരെ ഈ ഘട്ടത്തിൽ ഇന്ത്യയിലേക്ക്‌ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന പ്രശ്നം ചർച്ചയിൽ പങ്കെടുത്തവർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ വിദേശ മന്ത്രാലയം ചില ഇളവുകൾ വരുത്തിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും കേന്ദ്രസർക്കാരുമായി തുടർന്നും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികളുടെ കൃത്യമായ കണക്കില്ലാത്തതുകൊണ്ടാണ് കേന്ദ്രം കൂടുതൽ വിമാനം അനുവദിക്കാത്തതെന്ന് പറയുന്നത് ശരിയല്ല. നോർക്കവഴി രജിസ്റ്റർ ചെയ്ത എല്ലാവരുടെയും വിവരങ്ങൾ മെയ് അഞ്ചിന്‌ തന്നെ വിദേശമന്ത്രാലത്തിന് അയച്ചു. ചാർട്ടേഡ് ഫ്ളൈറ്റിന് സംസ്ഥാനത്തിന്റെ അനുമതി വേണമെന്ന പ്രചാരണം ശരിയല്ല. കേന്ദ്രസർക്കാർ തീരുമാനിച്ചാൽ വിമാനം നാട്ടിലെത്തും. വിദേശത്ത് കുടുങ്ങിയവരെ തിരികെകൊണ്ടുവരാൻ പ്രത്യേക വിമാനം അയക്കണമെന്ന് പ്രധാനമന്ത്രിയോട് ആദ്യം ആവശ്യപ്പെട്ടത് കേരളമാണ്‌. തിരികെ എത്തുന്നവരെ സ്വീകരിക്കാൻ കേരളം സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top