22 August Thursday

ജലശുദ്ധി ക്യാമ്പയിന് ഇന്ന് തുടക്കം ; വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനം

വെബ് ഡെസ്‌ക്‌Updated: Friday Apr 26, 2019


ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത്  രണ്ട് ദിനങ്ങളിലായി നടത്തുന്ന ജലശുദ്ധി ക്യാമ്പയിൻ വെള്ളിയാഴ്ച തുടങ്ങും. എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തുക​യാണ് ദ്വിദിന പരിശോധനയുടെ ലക്ഷ്യമെന്ന് ആരോ​ഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ വി മീനാക്ഷി പറഞ്ഞു.  വേനൽക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാനും  മഴക്കാലരോ​ഗങ്ങൾക്കെതിരെ മുൻകരുതലുമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

ക്യാമ്പയിനിലൂടെ കൊതുകിന്റെ എല്ലാ ഉറവിടങ്ങളും  നീക്കം ചെയ്യാനാണ്  ശ്രമം. വാർഡ് തലത്തിലാണ് ക്യാമ്പയിൻ. തദ്ദേശ സ്ഥാപനങ്ങളിലെ ആരോ​ഗ്യ ശുചിത്വ കമ്മിറ്റികളും ആരോ​ഗ്യസേന അം​ഗങ്ങളും ചേർന്നാണ് ക്യാമ്പയിൻ നടത്തുക. സംസ്ഥാനത്തെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും പരിശോധിക്കും. കിണർ, ടാങ്ക് തുടങ്ങിയവ  പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ക്ലോറിനേഷൻ നടത്തും. ജല ദൗർലഭ്യമുള്ള പ്രദേശങ്ങളിൽ വെള്ളം സൂക്ഷിച്ചുവയ‌്ക്കുന്ന  പാത്രങ്ങൾ, ടാങ്ക് തുടങ്ങിയവ പരിശോധിക്കും. വെള്ളം കൊതുക‌് വളരാത്ത രീതിയിൽ സൂക്ഷിക്കുന്നതിനുള്ള ബോധവൽക്കരണവും നൽകും. കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താൻ പമ്പ് ചെയ്യുന്ന ഇടങ്ങൾ, ടാങ്കറുകൾ തുടങ്ങിയവയിൽ കർശനപരിശോധന നടത്തും. ഭക്ഷണശാലകൾ, കൂൾ ബാർ തുടങ്ങിയവയിൽ ഉപയോ​ഗിക്കുന്ന വെള്ളത്തിന്റെ  നിലവാരം ഉറപ്പുവരുത്താനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹായത്തോടെ പരിശോധന ശക്തമാക്കും. 

പകർച്ചവ്യാധി തടയാനായി ആഴ്ചയിലൊരിക്കൽ ഏപ്രിൽമുതൽ ഡ്രൈഡേ ആചരിക്കുന്നുണ്ട്. വിദ്യാലയങ്ങളിൽ വെള്ളിയാഴ്ചയും ഒാഫീസുകളിൽ ശനിയാഴ്ചയും വീടുകളിലും പൊതുസ്ഥലത്തും ഞായറാഴ്ചയുമാണ് ഡ്രൈഡേ. ഏതെങ്കിലും രോ​ഗംവന്നാൽ ഊർജിതമായ നിയന്ത്രണം സാധ്യമാകുന്ന രീതിയിൽ കലണ്ടർ തയ്യാറാക്കിയാണ് ആരോ​ഗ്യവകുപ്പിന്റെ പ്രവർത്തനം. പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ കർമപദ്ധതിയായ ആരോ​ഗ്യജാ​ഗ്രതയുടെ ഭാ​ഗമായാണ് ക്യാമ്പയിൻ.


പ്രധാന വാർത്തകൾ
 Top