07 April Tuesday
പ്രതിപക്ഷ അസാന്നിധ്യത്തിൽ ബജറ്റ്‌ പാസാക്കി കൊച്ചി നഗരസഭ

ചുളുവിൽ പാസാക്കിയ ബജറ്റ് അംഗീകരിക്കില്ല: പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020


കൊച്ചി
പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ഏകപക്ഷീയമായി ബജറ്റ്‌ ചർച്ച ചെയ്‌ത്‌ പാസാക്കി കൊച്ചി നഗരസഭ. കോവിഡ്‌–-19 ബാധയുടെ പശ്‌ചാത്തലത്തിലും തിങ്കളാഴ്‌ച ബജറ്റ്‌ അവതരിപ്പിച്ച ഭരണപക്ഷത്തിന്റെ നടപടി വിവാദമായിരിക്കേയാണ്‌ രാജ്യം അടച്ചുപൂട്ടലിലേക്കു പോയ സാഹചര്യം കണക്കിലെടുക്കാതെ ബുധനാഴ്‌ച  ബജറ്റ്‌ പാസാക്കിയത്‌. ബജറ്റ് ചർച്ചയുമായി ബന്ധപ്പെട്ട കൗൺസിൽ യോഗം മാറ്റിവയ്‌ക്കണമെന്ന് പ്രതിപക്ഷം  മേയറോട് അവശ്യപ്പെട്ടിരുന്നു. ജില്ലയിൽ കലക്ടർ 144 പ്രഖ്യാപിച്ച  സാഹചര്യത്തിൽ ജനപ്രതിനിധികൾ തന്നെ നിയമം ലംഘിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ബജറ്റ്‌ ചർച്ച ചെയ്യാനുള്ള കൗൺസിൽ യോഗം   മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചെവികൊള്ളാതെയാണ് ബജറ്റ് പാസാക്കിയത്. 23ന് ബജറ്റ് അവതരിപ്പിച്ച് 25ന് ചർച്ച ചെയ്ത് 26ന് പാസാക്കാൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്. കലക്ടറുടെ നിർദേശം ലംഘിച്ചാണ് 23ന് ബജറ്റ് അവതരിപ്പിച്ചതെന്ന വിമർശനവും ഉയർന്നു. ഇതുകൂടി കണക്കിലെടുത്താണ് യോഗം മാറ്റിവയ്‌ക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടത്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യം മുതലെടുത്ത് 26ന് പാസാക്കേണ്ട ബജറ്റ് 25ന്‌ തന്നെ പാസാക്കുകയാണുണ്ടായത്.

തനതു വരുമാനം ഗണ്യമായി കുറയുകയും ദൈനംദിന ചെലവുകൾ അമിതമായി വർധിക്കുകയും ചെയ്യുന്ന അപകടകരമായ സൂചനകളാണ് ബജറ്റിലുള്ളതെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് ബജറ്റിന്റെ തനിയാവർത്തനമാണ് ഈ വർഷത്തെ ബജറ്റെന്നും ആക്ഷേപമുണ്ട്‌. തനതു വരുമാനത്തിനായി മുനിസിപ്പൽ ബോണ്ട് ഇറക്കുമെന്നും വാല്യൂ ക്വാപ്ചർ ഫിനാൻസിങ്, സേവന ഉപനികുതി തുടങ്ങിയ പദ്ധതികൾ നടപ്പാക്കുമെന്നും കഴിഞ്ഞ ബജറ്റിലും പറഞ്ഞിരുന്നു. ഇവ നടപ്പാക്കിയില്ലെന്ന് മാത്രമല്ല കെട്ടിട നികുതി, പ്രൊഫഷണൽ ടാക്സ് തുടങ്ങിയവ പിരിച്ചെടുക്കാനുള്ള നിർദേശങ്ങൾ ബജറ്റിലില്ല. ഭൂരഹിത -ഭവനരഹിതർക്കായി ലൈഫ് പദ്ധതിയിൽ പാർപ്പിട സമുച്ചയം നിർമിക്കാൻ നിർദേശം ബജറ്റിലില്ല. വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനും തകർന്ന റോഡുകൾ നന്നാക്കുന്നതിനും ആവശ്യമായ ഫണ്ട്‌ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല.

നഗരത്തെ തകർച്ചയിലേക്ക് നയിക്കുന്ന, ജനാധിപത്യവിരുദ്ധമായി പാസാക്കിയ ബജറ്റ് അംഗീകരിക്കില്ലെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണിയും എൽഡിഎഫ് പാർലിമെന്ററി പാർടി സെക്രട്ടറി വി പി ചന്ദ്രനും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top