26 May Tuesday

കർമനിരതമായി കെഎസ്ആർടിസി ; വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

കർണാടകത്തിൽനിന്ന്‌ എത്തിയ മലയാളികളെ മുത്തങ്ങ ചെക്ക്‌പോസ്‌റ്റിൽനിന്ന്‌ കെഎസ്‌ആർടിസി ബസിൽ നിരീക്ഷണകേന്ദ്രത്തിലേക്ക്‌ കൊണ്ടുപോകുന്നു ഫോട്ടോ: എം എ ശിവപ്രസാദ്‌


തിരുവനന്തപുരം
കോവിഡ്‌ ജാഗ്രതയുടെ ഭാഗമായി സർവീസ്‌ അവസാനിപ്പിച്ചുവെങ്കിലും ഇപ്പോഴും കർമനിരതമാണ്‌ കെഎസ്‌ആർടിസി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ കെഎസ്ആർടിസി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ജില്ലാ കലക്ടർമാരുടെ നിർദേശമനുസരിച്ചായിരുന്നു ഇത്‌.

"ദിബ്രുഗഡ്‌–-കന്യാകുമാരി' വിവേക് എക്സ്പ്രസിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്ന യാത്രക്കാരെ സർക്കാർ ഷെൽട്ടറുകളിലേക്ക് മാറ്റാനായി തൃശൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽനിന്ന് ജില്ലാ കലക്ടർമാരുടെ നിർദേശമനുസരിച്ച് കെഎസ്‌ആർടിസി സർവീസ് നടത്തി. തൃശൂർ "കില'യിലും പാലക്കാട് വിക്ടോറിയ കോളേജിലും സജ്ജീകരിച്ച ഷെൽട്ടറുകളിലേക്ക് അസമിൽ നിന്നുള്ള തൊഴിലാളികളടങ്ങിയ യാത്രക്കാരെയാണ് സുരക്ഷിതമായി എത്തിച്ചത്.

ഇടുക്കി ജില്ലാ ഭരണാധികാരികൾ ആവശ്യപ്പെട്ടതനുസരിച്ച്  തേനിയിൽ കുടിങ്ങിയ മലയാളി വിദ്യാർഥികളെ മൂന്നാറിലെത്തിച്ചു. കർണാടകത്തിൽനിന്ന്‌ അതിർത്തി ചെക്പോസ്റ്റായ തലപ്പാടിയിൽ എത്തിച്ചേർന്ന യാത്രക്കാരെ കാസർകോട് എത്തിക്കാനും ബസ് സർവീസ് നടത്തി. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത ഇതര സംസ്ഥാന തൊഴിലാളികൾക്ക് കണ്ണൂരിൽ ക്രമീകരിച്ച താൽക്കാലിക വാസസ്ഥലങ്ങളിലേക്കും യാത്രാ സൗകര്യമൊരുക്കി.എല്ലാ ദിവസവും ഒരു ഓഫീസറോ ഇൻസ്പെക്ടറോ യൂണിറ്റിൽ ഉണ്ടാകണമെന്ന് കെഎസ്ആർടിസി സിഎംഡി നിർദേശിച്ചിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top