25 June Tuesday

പൊളി സീനാണ‌്, പുളിയിലപ്പാറയിൽ കുടിവെള്ളമുണ്ട‌്!

മഞ‌്ജു കുട്ടികൃഷ‌്ണൻUpdated: Tuesday Mar 26, 2019

കൊച്ചി
70 ലിറ്റർ...! കുറഞ്ഞത‌് നാലംഗങ്ങളെങ്കിലുമുള്ള കുടുംബത്തിന‌് വേനൽക്കാലത്ത‌് കുടിക്കാനും കുളിക്കാനും മറ്റാവശ്യങ്ങൾക്കുമെല്ലാം ഒരു ദിവസം ആകെ കിട്ടുന്നത‌് ഇത്രയും വെള്ളം. അതിനുവേണ്ടി 15 കിലോമീറ്ററോളം യാത്ര. പ്രതിദിനം 500 രൂപ ചെലവ‌്.  ഉത്തരേന്ത്യൻ ഗ്രാമത്തിലെ കഥയല്ലിത‌്.  ഒരുവർഷം മുമ്പുവരെ പുളിയിലപ്പാറയിലെ 110 കുടുംബങ്ങളുടെ ഈ സ്ഥിതി ഇന്ന‌് പഴങ്കഥയാണ‌്. 69 ലക്ഷം രൂപ ഇന്നസെന്റ‌് എംപിയുടെ ഫണ്ടിൽനിന്ന് ചെലവഴിച്ച‌് തയ്യാറാക്കിയ പ്രത്യേക കുടിവെള്ളപദ്ധതിയായ ‘ഇന്നസെന്റ‌് കുടിവെള്ളപദ്ധതി’ വഴി ഇന്ന‌് പുളിയിലപ്പാറ സെറ്റിൽമെന്റ‌് കോളനിയിലെ 110 വീടുകളിലും ഇന്ന‌്  കുടിവെള്ളം എത്തുന്നു. 

അതിരപ്പിള്ളി പഞ്ചായത്തിലെ വനമധ്യത്തിലാണ‌് പുളിയിലപ്പാറ. ചാലക്കുടി പുഴയിലെ ആദ്യ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി 1957ൽ പെരിങ്ങൽക്കുത്ത‌്  അണക്കെട്ടിന്റെ നിർമാണജോലിക്കായി എത്തിയവരാണ‌് പിന്നീട‌് വനംവകുപ്പിന്റെയും കെഎസ‌്ഇബിയുടെയും മൗനാനുവാദത്തോടെ അവിടെത്തന്നെ സ്ഥിരതാമസമാക്കിയത‌്. കെഎസ‌്ഇബി വനംവകുപ്പിന‌് പാട്ടത്തിന‌ു നൽകിയ 250 ഏക്കറിൽ ഒരു ഭാഗത്താണ‌് പുളിയിലപ്പാറ സെറ്റിൽമെന്റ‌് കോളനി. അണക്കെട്ടിന്റെ ജലസംഭരണശേഷി 3.2 കോടി ഘനമീറ്ററാണ്. സെറ്റിൽമെന്റ‌് കോളനിക്കാർക്ക‌് പക്ഷേ, വേനൽക്കാലത്ത‌് തുള്ളി വെള്ളംപോലും കിട്ടില്ല. അതിന‌് 35 ലിറ്ററിന്റെ രണ്ടു കാനുകളുമായി അവർ ഓട്ടോറിക്ഷയിൽ 15 കിലോമീറ്റർ താണ്ടണം. കോളനിക്കാരിൽ 50 ശതമാനത്തോളം പേരും പട്ടിജാതി വിഭാഗത്തിൽപ്പെട്ടവർ. എല്ലാവരും കൂലിപ്പണിക്കാരും. 2014ൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്താണ‌് കോളനിക്കാരുടെ ദുരിതപർവം ഇന്നസെന്റ‌് അറിഞ്ഞത‌്. വോട്ടഭ്യർഥിച്ചെത്തിയ അദ്ദേഹത്തിനുമുന്നിൽ അവർ പരാതിയുടെ കെട്ടഴിച്ചു. ജയിച്ചുവന്നാൽ നിങ്ങളുടെ പരാതി പരിഹരിച്ചിരിക്കുമെന്ന‌് അന്ന‌ു കൊടുത്ത ഉറപ്പാണ‌്. അതദ്ദേഹം തെറ്റിച്ചില്ലെന്ന‌് ചാലക്കുടി ബ്ലോക്ക‌് പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റ‌് അഡ്വ. വിജു വാഴക്കാല പറയുന്നു.

2015 മേയിൽത്തന്നെ പദ്ധതിക്കായി രൂപരേഖ സമർപ്പിച്ചു. 2016 ഡിസംബർമുതൽ കുടിവെള്ളം ടാപ്പുകൾവഴി ഓരോ വീടുകളിലുമെത്തിച്ചു. 40,000 ലിറ്ററാണ‌് കുടിവെള്ളസംഭരണിയുടെ ശേഷി. ഫ്ലോട്ടിങ‌് മോട്ടോർ വച്ചാണ‌് പമ്പിങ‌്. കെഎസ‌്ഇബിയുടെയും വനംവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും സഹകരണത്തോടെയാണ‌് പദ്ധതി നടപ്പാക്കിയത‌്. പാറയുള്ള പ്രദേശത്ത‌് ജിഐ പൈപ്പുകൾ സ്ഥാപിച്ചു. പൈപ്പുകളെല്ലാം ഭൂമിക്കടിയിലൂടെയിട്ടു. ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ പൈപ്പുകൾ ചവിട്ടിനശിപ്പിക്കുന്നത‌് ഒഴിവാക്കാനായിരുന്നു ഇത‌്. പദ്ധതി ഉദ‌്ഘാടനം ചെയ‌്തതും എംപി തന്നെ. 

ഇപ്പോൾ കോളനിനിവാസികൾക്ക‌് ഒരു ആഗ്രഹം കൂടിയുണ്ട‌്. അത‌് പൂർണമായി നടപ്പാകണമെങ്കിൽ ഇനിയും ഇന്നസെന്റ‌് ജയിച്ചുവരണമെന്ന‌് അവർ ആഗ്രഹിക്കുന്നു. അതവരുടെ പട്ടയവുമായി ബന്ധപ്പെട്ടതാണ‌്. എല്ലാ നടപടികളും പൂർത്തിയായി ഈ വിഷയം ഇപ്പോൾ കേന്ദ്ര വനംവകുപ്പിന്റെ പരിഗണനയിലാണ‌്. പട്ടയം അനുവദിക്കുന്നതിന‌് തടസ്സമില്ലെന്ന‌് സംസ്ഥാന വനംവകുപ്പും റവന്യൂവകുപ്പും വൈദ്യുതിവകുപ്പും അറിയിച്ചുകഴിഞ്ഞു. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു പങ്കെടുത്ത‌് മൂന്ന‌ു സബ‌്കമ്മിറ്റി യോഗങ്ങൾ ചേർന്നു. സംസ്ഥാന വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തിയാക്കി വനംവകുപ്പിന്റെ പരിഗണനയ‌്ക്കായി സമർപ്പിച്ചിരിക്കുകയാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top