27 March Monday

കോട്ട ഉയർന്നു; ചെല്ലാനത്തിന്‌ 
ശാന്തമായുറങ്ങാം

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023


കൊച്ചി
ചെല്ലാനം തീരത്തിന്‌ ഇനി ശാന്തമായുറങ്ങാം. നേരവും കാലവും നോക്കാതെ വീടുകളിലേക്ക്‌ ഇരച്ചുകയറിയിരുന്ന പടിഞ്ഞാറേ കടൽ ഇപ്പോൾ പഴയ കത്തിവേഷത്തിലല്ല. വടക്ക്‌ പുത്തൻതോടുമുതൽ തെക്ക്‌ ഹാർബർവരെ തീരത്ത്‌ ടെട്രാപോഡുകൾ നിരത്തിക്കെട്ടിയ പൊന്നാപുരം കോട്ടയോട്‌ ഭീമൻതിരകൾ അടിയറവുപറഞ്ഞ്‌ മടങ്ങുന്നു. കോളുകൊണ്ട കടലിനുമുന്നിൽ പകച്ചുനിന്നിട്ടുള്ള ചെല്ലാനത്തുകാർ അത്‌ സംഗീതംപോലെ ആസ്വദിക്കുകയാണിപ്പോൾ.

കടലാക്രമണഭീഷണി രൂക്ഷമായ സംസ്ഥാനത്തെ 10 തീരങ്ങളിൽ ഒന്നായിരുന്നു ചെല്ലാനം. പഞ്ചായത്തിലെ 21 വാർഡുകളിൽ 19 എണ്ണവും തീരത്ത്‌. കാലവർഷത്തിൽമാത്രമല്ല, മഴക്കാറുകണ്ടാൽ കടൽ കലികൊള്ളും, തീരത്തേക്ക്‌ അടിച്ചുകയറും. കിടപ്പാടവും സമ്പാദ്യങ്ങളും കടലെടുക്കും. തകർന്ന കടൽഭിത്തിക്കുപകരം പുതിയത്‌ തീരഗ്രാമത്തിന്റെ ദീർഘകാല സ്വപ്‌നമായിരുന്നു.

2021ലെ കാലവർഷത്തിൽ കടൽകയറിയപ്പോൾ മന്ത്രിമാരായ പി രാജീവിന്റെയും സജി ചെറിയാന്റെയും കെ ജെ മാക്‌സി എംഎൽഎയുടെയും നേതൃത്വത്തിൽ ചെല്ലാനം സന്ദർശിച്ച്‌ ശാശ്വതപരിഹാരം ഉറപ്പുനൽകി.  അതാണിപ്പോൾ യാഥാർഥ്യമാകുന്നത്‌. ചെല്ലാനത്തെ മത്സ്യഗ്രാമമാക്കാനുള്ള പദ്ധതിയും നടപ്പാക്കുകയാണ്‌. കഴിഞ്ഞ ജനുവരിയിലാണ്‌ ടെട്രാപോഡ്‌ ഉപയോഗിച്ചുള്ള പുതിയ കടൽഭിത്തിയുടെ നിർമാണം ആരംഭിച്ചത്‌. കടൽഭിത്തി ഉയർന്നുതുടങ്ങിയ കഴിഞ്ഞ ജൂണിലെ മഴക്കാലത്ത്‌ മുൻകാലങ്ങളിലെപ്പോലെ ചെല്ലാനത്ത്‌ കടലാക്രമണം ഉണ്ടായില്ല. നിർമാണം പൂർത്തിയാകാൻ നാലുമാസംകൂടി ശേഷിക്കെ തീരത്ത്‌ നെടുനീളത്തിൽ ഭിത്തി പൂർത്തിയായി. ചെല്ലാനംകരയെ ഇനിയൊരിക്കലും കടൽ തൊടില്ലെന്ന ഉറപ്പോടെ.

പദ്ധതി ഇങ്ങനെ

കടലാക്രമണം ഏറ്റവും രൂക്ഷമായ തെക്കേ ചെല്ലാനംമുതൽ പുത്തൻതോടുവരെ തീരത്തെയും തീരജനതയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്‌കരിച്ചത്‌. കാലപ്പഴക്കത്താൽ തകർന്ന പഴയഭിത്തിയും അവശിഷ്‌ടങ്ങളും നീക്കി കോൺക്രീറ്റ്‌ നിർമിത ടെട്രാപോഡുകൾ നിരത്തി ഭിത്തിയും പുലിമുട്ടുകളും നിർമിക്കലാണ്‌ പരിഹാരമെന്ന്‌ കണ്ടെത്തി. കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ്‌ കോർപറേഷന്‌ നടത്തിപ്പുചുമതല നൽകി.  എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ബി അബ്ബാസിന്റെ നേതൃത്വത്തിൽ ജലസേചനവകുപ്പില എൻജിനിയർമാരെയും ഉൾപ്പെടുത്തി പ്രത്യേക ടീം രൂപീകരിച്ചു. കേന്ദ്രസർക്കാരിനുകീഴിലെ നാഷണൽ സെന്റർ ഫോർ കോസ്‌റ്റൽ റിസർച്ച്‌ പദ്ധതി രൂപകൽപ്പന ചെയ്‌തു. കിഫ്‌ബിയിൽനിന്ന്‌ സംസ്ഥാന സർക്കാർ 344 കോടി രൂപ അനുവദിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സഹകരണ സൊസൈറ്റിക്കാണ്‌ നിർമാണകരാർ നൽകിയത്‌.

നിർമാണം
കടൽഭിത്തി നിർമാണത്തിനുമുന്നോടിയായി ഏഴര കിലോമീറ്റർ തീരത്ത്‌ താൽക്കാലിക റോഡ്‌ നിർമാണമായിരുന്നു ആദ്യം. സ്വകാര്യ പുരയിടങ്ങൾ വിട്ടുകൊടുത്ത നാട്ടുകാർ അയിരത്തഞ്ഞൂറിലേറെ തെങ്ങുകൾ നഷ്‌ടപരിഹാരം വാങ്ങാതെ പിഴുതുകളയാനും തയ്യാറായി. നിരപ്പാക്കിയെടുത്ത സ്ഥലത്തേക്ക്‌ പ്രധാന റോഡിൽനിന്ന്‌ എട്ട്‌ ക്രോസ്‌ റോഡുകൾ തുറന്നു. ഈ വഴികളിലൂടെ നൂറുകണക്കിന്‌ വാഹനങ്ങളും  യന്ത്രങ്ങളും സൈറ്റിലേക്ക്‌ വന്നു. വലിയൊരു വാഹനം തട്ടി വേളാങ്കണ്ണിമാതാ പള്ളി കവാടത്തിലെ മാലാഖമാരുടെ പ്രതിമകളിലൊന്ന്‌ തകർന്നു. ഊരാളുങ്കൽ സൊസൈറ്റി അത്‌ പുനർനിർമിച്ചു നൽകാമെന്ന്‌ പറഞ്ഞെങ്കിലും അതൊക്കെ ഞങ്ങൾ ചെയ്‌തോളം, നിങ്ങൾ കടൽഭിത്തിയുണ്ടാക്കിക്കോ എന്നാണ്‌ പള്ളിയിലെ പുരോഹിതൻ പറഞ്ഞത്‌.2022 ജനുവരി മൂന്നിന്‌ ഊരാളുങ്കൽ നിർമാണം ഏറ്റെടുത്തു. നിർമാണം ജൂൺ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.

കടൽഭിത്തിയും 
പുലിമുട്ടും
കോൺക്രീറ്റിൽ വാർത്തെടുക്കുന്ന കൂറ്റൻ ടെട്രാപോഡുകൾ സ്ഥാപിച്ചുള്ള സംസ്ഥാനത്തെ ഏറ്റവുംവലിയ കടൽഭിത്തിയാണ്‌ ചെല്ലാനത്തേത്‌. ആറ്‌ പുലിമുട്ടുകളും ഇതിന്റെ ഭാഗമായി നിർമിച്ചു. തീരത്തുനിന്ന്‌ കടലിലേക്ക്‌ 65 മീറ്റർ നീളത്തിൽ T ആകൃതിയിൽ രണ്ടെണ്ണവും 35 മീറ്റർ നീളത്തിൽ നാലെണ്ണവും. ഭിത്തികളിൽ കടൽത്തിരകൾ ഏൽപ്പിക്കുന്ന ആഘാതംകുറച്ച്‌ കാലക്രമേണ മണൽത്തിട്ട രൂപപ്പെടുംവിധമാണ്‌ പുലിമുട്ടുകളുടെ നിർമാണം. മുപ്പത്‌ മീറ്റർവരെ കടലിലേക്ക്‌ ഇറക്കി ഒന്നുമുതൽ രണ്ടരമീറ്റർവരെ ആഴത്തിൽ പാകിയ കരിങ്കൽത്തട്ടിന്‌ മുകളിലാണ്‌ ടെട്രാപോഡ്‌ നിരത്തിയിട്ടുള്ളത്‌. സമുദ്രനിരപ്പിൽനിന്ന്‌ 6.100 മീറ്റർ ഉയരത്തിലാണ്‌ തീരത്തെ ഭിത്തി. 8,14,000 ടൺ കരിങ്കല്ല്‌ ഭിത്തി നിർമാണത്തിന്‌ ഉപയോഗിച്ചു.

ടെട്രാപോഡ്‌
മൂന്ന്‌ വ്യത്യസ്‌ത വലിപ്പമുള്ള ടെട്രാപോഡുകളാണ്‌ ഉപയോഗിച്ചത്‌. പുലിമുട്ടുകളുടെ ഭാഗമായി ഉപയോഗിച്ചിട്ടുള്ള ടെട്രാപോഡിന്‌ അഞ്ചുടൺ ഭാരമുണ്ട്‌. ഇത്തരം 5500 എണ്ണം സ്ഥാപിച്ചു. രണ്ട്‌ ടൺ ഭാരമുള്ള 1,21,000 എണ്ണവും മൂന്നരടൺ ഭാരമുള്ള 1,13,000 എണ്ണവും നിർമിച്ച്‌ സ്ഥാപിച്ചുകഴിഞ്ഞു. ടെട്രാപോഡ്‌ നിർമാണത്തിന്‌ 52 ലക്ഷം ക്യുബിക്‌ മീറ്റർ കോൺക്രീറ്റാണ്‌ വേണ്ടിവന്നത്‌. ചന്തിരൂരിൽ താൽക്കാലിക കോൺക്രീറ്റ്‌ പ്ലാന്റ്‌ പ്രവർത്തിച്ചു. കാർബൺ ബഹിർഗമനം കുറഞ്ഞ പോർട്ട്‌ലാൻഡ്‌ സ്ലാഗ്‌ സിമന്റാണ്‌ കോൺക്രീറ്റിന്‌ ഉപയോഗിച്ചത്‌.

നിർമാണ സൈറ്റിൽത്തന്നെ ടെട്രാപോഡുകൾ വാർത്തു. ബൽഗാമിലെ രാജ്‌ടെക്‌ എൻജിനിയറിങ് ആണ്‌ 350 മോൾഡുകൾ ഉണ്ടാക്കിയത്‌. നാലുഭാഗങ്ങളുള്ള മോൾഡ്‌ ചേർത്തുവച്ച്‌ കോൺക്രീറ്റ്‌ നിറയ്‌ക്കും. അതിനുള്ളിൽ 12 മണിക്കൂറോളം വൈബ്രേറ്റർ പ്രവർത്തിപ്പിച്ച്‌ ബലപ്പെടുത്തും. തുടർന്ന്‌ ബലപരിശോധന നടത്തി ഇവ സ്ഥാപിക്കുമെന്ന്‌ ഊരാളുങ്കലിന്റെ സീനിയർ പ്രോജക്‌ട്‌ മാനേജർ എൻ രമേശൻ പറഞ്ഞു.

മുടങ്ങാത്ത നിർമാണം

മെയ്‌ രണ്ടിന്‌ തീരുന്ന 16 മാസത്തെ കരാർകാലാവധിക്കുമുമ്പ്‌ നിർമാണം പൂർത്തിയാക്കുകയായിരുന്നു ഊരാളുങ്കലിന്റെ ലക്ഷ്യം. ഒരുദിവസംപോലും നിർമാണം മുടങ്ങിയില്ല. ഒരുവർഷം പിന്നിട്ടപ്പോൾ 83 ശതമാനം പൂർത്തിയായി. കടൽഭിത്തിയുടെ മുകൾഭാഗം നിരപ്പാക്കലും ആറ്‌ പുലിമുട്ടുകളുടെ പൂർത്തിയാക്കലുമാണ്‌ ബാക്കി. അപ്രതീക്ഷിതമായുള്ള ലോറിസമരം നീളുന്നത്‌ കണക്കുകൂട്ടൽ തെറ്റിക്കുമോ എന്ന ആശങ്കയുണ്ട്‌. കരിങ്കല്ല്‌ ആവശ്യത്തിന്‌ കിട്ടാത്തതിനാൽ നിർമാണം മന്ദഗതിയിലാണ്‌. ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഒരേസമയം തൊഴിലാളികളും വിദഗ്‌ധരും ഉൾപ്പെടെ അഞ്ഞൂറോളം പേരാണ്‌ ജോലി ചെയ്‌തിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top