04 July Saturday

എട്ടു മലയാളികള്‍ക്ക് പത്മ പുരസ്കാരം; 3 മലയാളികൾക്ക്‌ അതിവിശിഷ്ട സേവാ മെഡൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020


ന്യൂഡൽഹി
മുൻ കേന്ദ്ര മന്ത്രിമാരായ ജോർജ്‌ ഫെർണാണ്ടസ്‌, അരുൺ ജെയ്‌റ്റ്‌ലി, സുഷമ സ്വരാജ്‌,  ഉഡുപ്പി പെജാവർ മഠാധിപതി വിശ്വേശതീർഥ സ്വാമി എന്നിവർക്ക്‌ മരണാനന്തര ബഹുമതിയായി പത്‌മവിഭൂഷൺ. ഗോവ മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ മനോഹർ പരീക്കറിന്‌ മരണാനന്തരം പത്‌മഭൂഷൺ. ഏഴു മലയാളികള്‍ക്കും പത്മപുരസ്കാരങ്ങള്‍. നിയമപണ്ഡിതനായ എൻ ആർ മാധവമേനോന്‌ മരണാനന്തരബഹുമതിയായി പത്‌മഭൂഷൺ നൽകി. മലയാളി ആത്‌മീയാചാര്യൻ ശ്രീ എമ്മിനും പത്‌മഭൂഷണുണ്ട്‌. ആറ്‌ മലയാളികള്‍ പത്മശ്രീനേടി. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷി, അരുണാചലിൽ വിദ്യാഭ്യാസ മേഖലയിൽ സന്നദ്ധസേവനം നടത്തുന്ന സത്യനാരായൺ മുണ്ടയൂർ, ഹിന്ദി ഭാഷാ പണ്ഡിതൻ എൻ ചന്ദ്രശേഖരൻനായർ, ശാസ്‌ത്രജ്‌ഞനും ​ഹോര്‍ത്തൂസ് മലബാറിക്കസ് പരിഭാഷകനുമായ കെ എസ്‌ മണിലാൽ, ഹിന്ദുഐക്യവേദി പ്രവര്‍ത്തകന്‍ എം കെ കുഞ്ഞോല്‍, ഡോ. പ്രദീപ്‌ തലാപ്പിൽ (ചെന്നൈ ഐഐടി, രസ്‌തന്ത്ര വകുപ്പുമേധാവി) എന്നിവരാണ്‌ പത്‌മശ്രീക്ക്‌ അർഹരായ മലയാളികൾ. ഏഴ്‌ പേർക്ക്‌ പത്‌മവിഭൂഷനും 16 പേർക്ക്‌ പത്‌മഭൂഷനും 118 പേർക്ക്‌ പത്‌മശ്രീയും പ്രഖ്യാപിച്ചു.

നോക്കുവിദ്യ പാവകളി എന്ന പരമ്പരാഗത കലാരൂപത്തിൽ പ്രാവീണ്യയായ രാജ്യത്തെ ഏക കലാകാരിയാണ്‌ മൂഴിക്കൽ പങ്കജാക്ഷി. മേൽചൂണ്ടിൽ ഉറപ്പിച്ചിട്ടുള്ള വടിയിൽ പാവകളെ ഇരുത്തി‌ താളാത്‌മകമായി ചലിപ്പിക്കുന്നതാണ്‌ ഈ കലാരൂപം . എട്ടാം വയസ്സുമുതൽ നോക്കുവിദ്യ പാവകളി ലോകമെമ്പാടും അവതരിപ്പിച്ചു. കുടുംബക്കാർ അഞ്ചു നൂറ്റാണ്ടായി അഭ്യസിച്ചുവരുന്നതാണ്‌ നോക്കുവിദ്യ പാവകളി.  കൊച്ചുമകളായ കെ എസ്‌ രഞ്‌ജിനിയെ നോക്കുവിദ്യ പാവകളി അഭ്യസിപ്പിച്ചിട്ടുണ്ട്.

മലയാളിയായ സത്യനാരായൺ മുണ്ടയൂർ മുംബൈയിൽ റവന്യൂ ഓഫീസറായിരിക്കെ ജോലി ഉപേക്ഷിച്ച്‌ 1979 ൽ അരുണാചലിലെ ലോഹിതിലേക്ക്‌ സാമൂഹ്യപ്രവർത്തനത്തിനായി ചേക്കേറി. അരുണാചലിലെ വിദൂര ഗ്രാമീണ മേഖലകളിൽ നാലു ദശകങ്ങളായി വിദ്യാഭ്യാസ രംഗത്തും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിലും പ്രവർത്തിച്ചുവരുന്നു. വാക്‌റോ, ചോങ്‌ഖാം തുടങ്ങിയ ഗ്രാമീണ മേഖലകളിൽ 13 ബാംബൂസ (മുള) ലൈബ്രറികൾ സ്ഥാപിച്ചു. അരുണാചലിലെ നാടൻ കലാപാരമ്പര്യം വിശദീകരിക്കുന്ന ബാലസാഹിത്യ കൃതി മലയാളത്തിൽ പ്രസിദ്ധീകരിച്ചു.

ബോംബെ സഹോദരിമാർ എന്നറിയപ്പെടുന്ന കർണാടകസം​ഗീത‍ജ്ഞരായ സി ലളിത, സി സരോജ എന്നിവരും പത്മശ്രീ പട്ടികയിലുണ്ട്. തൃശൂർ സ്വദേശികളായ ഇവർ മുംബൈയിൽ പഠനം പൂർത്തിയാക്കിയശേഷം 40 വർഷമായി ചെന്നൈയിലാണ് താമസം.


 

3 മലയാളികൾക്ക്‌ അതിവിശിഷ്ട സേവാ മെഡൽ
കരസേനയിലെ മൂന്നു മലയാളികൾക്ക്‌ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡൽ. മേജർ ജനറൽ ജോൺസൺ പി മാത്യു, മേജർ ജനറൽ പി ഗോപാലകൃഷ്ണമേനോൻ, മേജർ ജനറൽ പ്രദീപ് ചന്ദ്രൻനായർ എന്നിവർക്കാണ് അംഗീകാരം.ധീരതയ്‌ക്കുള്ള സേനാ മെഡൽ മേജർ വിപുൽനാരായണന് രണ്ടാമതും ലഭിച്ചു. മേജർ സി  പ്രവീൺകുമാർ, മേജർ രാഹുൽ ബാലമോഹൻ, മേജർ അജയ്‌കുമാർ, ക്യാപ്റ്റൻ രഞ്ജിത്കുമാർ, ലാൻസ് നായിക് അനിൽകുമാർ, സിപോയി വിനോദ്കുമാർ എന്നിവർക്കും ധീരതയ്‌ക്കുള്ള മെഡലുണ്ട്. കേണൽ സഞ്ജു മാത്യു, ലെഫ്. കേണൽ ബിശ്വാസ് രാമചന്ദ്രൻനമ്പ്യാർ, ബ്രിഗേഡിയർ രാമൻകുട്ടി പ്രേംരാജ്, ബ്രിഗേഡിയർ രമേശ് ബാലൻ, കേണൽ അക്ഷൻ ചന്ദ്രൻ, കേണൽ അജയ്‌കുമാർ, ഒളിമ്പ്യൻ നായിബ് സുബേദാർ ജിൻസൺ ജോൺസൺ എന്നിവർക്ക് വിശിഷ്ടസേവാ മെഡലും ലഭിച്ചു.

പരമവിശിഷ്ടസേവാ മെഡൽ (19), ഉത്തം യുദ്ധസേവാ മെഡൽ (നാല്), അതിവിശിഷ്ടസേവാ മെഡൽ (32), ശൗര്യ ചക്ര(6) ധീരതയ്ക്കുള്ള യുദ്ധസേനാ മെഡൽ (12), ധീരതയ്ക്കുള്ള സേനാ മെഡൽ (111), സ്തുത്യർഹ സേവനത്തിനുള്ള സേനാ മെഡൽ (36), വിശിഷ്ടസേവാ മെഡൽ (76) ഓപ്പറേഷൻ രക്ഷക് (15) എന്നീ വിഭാഗങ്ങളിലാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സേനാ മെഡലുകൾ  പ്രഖ്യാപിച്ചത്.

ജമ്മു കാശ്മീരിലെ തീവ്രവാദി ആക്രമണത്തിനിടെ കൊല്ലപ്പെട്ട നായിബ് സുബേദാർ സോംബീർ,ലെഫ്. കേണൽ ജ്യോതിലാമ, മേജർ കോഞ്ജങ്‌ബം ബിജേന്ദ്രസിങ്‌, നായിബ് സുബേദാർ നരേന്ദ്രസിങ്‌, നായിക് നരേശ്കുമാർ, സിപോയി കർമദിയോ ഓറോൺ എന്നിവരാണ് ശൗര്യചക്രയ്‌ക്ക്‌ അർഹരായത്.

10 പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ രാഷ്ട്രപതിയുടെ മെഡൽ
മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന്‌ കേരള പൊലീസിലെ 10 ഉദ്യോഗസ്ഥർ അർഹരായി. കെ മനോജ്‌കുമാർ (എസ്‌പി ആൻഡ്‌ അസി. ഡയറക്ടർ, പൊലീസ്‌ അക്കാദമി, തൃശൂർ), സി വി പാപ്പച്ചൻ(ഡെപ്യൂട്ടി കമാൻഡന്റ്‌, ഇന്ത്യ റിസർവ്‌ ബറ്റാലിയൻ, തൃശൂർ), എസ്‌ മധുസൂദനൻ(ഡിവൈഎസ്‌പി, എസ്‌ബിസിഐഡി, പത്തനംതിട്ട), എസ്‌ സുരേഷ്‌കുമാർ(ഡിവൈഎസ്‌പി, ചങ്ങനാശേരി), എൻ രാജൻ(ഡിവൈഎസ്‌പി, വിജിലൻസ്‌, കോട്ടയം), കെ സി ഭുവനേന്ദ്ര ദാസ്‌(സീനിയർ സിപിഒ, വിജിലൻസ്‌, ആലപ്പുഴ), കെ മനോജ്‌കുമാർ(എഎസ്‌ഐ, ട്രാഫിക്‌ കണ്ണൂർ), എൽ സോളമൻ(അസി. കമാൻഡന്റ്‌, ഇന്ത്യ റിസർവ്‌ ബറ്റാലിയൻ, തൃശൂർ), പി രാഗേഷ്‌(അസി. എസ്‌ഐ, ക്രൈംബ്രാഞ്ച്‌), കെ സന്തോഷ്‌കുമാർ(അസി. എസ്‌ഐ, ഡിസിആർബി, തൃശൂർ) എന്നിവരാണ്‌ മെഡലിന്‌ അർഹരായത്‌.

ഇ പി ഫിറോസിന് സർവോത്തം ജീവൻരക്ഷാ പതക്ക്‌
വെള്ളത്തില്‍ നിന്നും അനുജനെയും കൂട്ടുകാരനെയും രക്ഷിക്കുന്നതിനിടെ ജീവന്‍ നിഷ്ടമായ കണ്ണൂര്‍ സ്വദേശിയായ ബാലന്‍ ഇ പി ഫിറൂസിന്‌ മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻരക്ഷാ പതക്ക്‌ സമ്മാനിക്കും. ഫിറോസ് അടക്കം ഏഴുപേരാണ്‌ ‌രാഷ്ട്രപതി നൽകുന്ന  ബഹുമതിക്ക്‌ അർഹരായത്‌.

മലയാളികളായ ജീവൻ ആന്റണി, കെ സരിത, എൻ എം കമൽദേവ്‌, വി പി ഷമ്മാസ്‌ എന്നിവർ ‌ ഉത്തം  ജീവൻരക്ഷാ പതക്കിന്‌ അർഹരായി. പി പി അഞ്ചൽ, അശുതോഷ്‌ ശർമ എന്നിവർക്ക്‌  ജീവൻരക്ഷാ പതക്ക്‌ ലഭിക്കും. മികച്ച നിലയിൽ  ജീവൻരക്ഷാപ്രവർത്തനങ്ങൾ നടത്തിയതിന്‌ രാഷ്ട്രപതി നൽകുന്ന അംഗീകാരമാണ്‌ ജീവൻരക്ഷാ പതക്ക്‌ ബഹുമതികൾ.

അഗ്നിശമനസേനാ അവാർഡുകൾ
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ അഗ്നിശമനസേനാ അവാർഡിന്‌ കേരളത്തിൽനിന്ന്‌ അസി. സ്‌റ്റേഷൻ ഓഫീസർമാരായ ഡി ബലറാം ബാബു, പി എസ്‌ ശ്രീകിഷോർ എന്നിവർ അർഹരായി. മികച്ച സേവനത്തിനുള്ള  അവാർഡ്‌ സ്‌റ്റേഷൻ ഓഫീസർ പി അജിത്‌കുമാർ, ലീഡിങ്‌ ഫയർമാൻ എ വി അയൂബ്‌ഖാൻ എന്നിവർക്ക്‌ ലഭിച്ചു.

 


പ്രധാന വാർത്തകൾ
 Top