26 February Wednesday

വൈദ്യുതി രംഗത്ത് സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

എറണാകുളം മഹാരാജാസ്‌ ഓഡിറ്റോറിയത്തിൽ നടന്ന വൈദ്യുത അദാലത്തിൽ എത്തിയവരിൽനിന്ന്‌ മന്ത്രി എം എം മണി പരാതി കേൾക്കുന്നു


കൊച്ചി
ലോഡ് ഷെഡ്ഡിങ്ങോ പവർ കട്ടോ ഏർപ്പെടുത്തില്ലെന്ന വാഗ്ദാനം ഇടതുസർക്കാർ പൂർണമായും പാലിച്ചെന്ന് വൈദ്യുതി മന്ത്രി എം എം മണി. വൈദ്യുതി ഉൽപ്പാദനത്തിലും വിതരണത്തിലും കൂടുതൽ പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ച വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി മേഖലയിൽ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പിന്തുണയോടെ കൂടുതൽ കരുത്ത് നേടി വൈദ്യുതി ബോർഡ് പുതിയ പദ്ധതികൾ ഏറ്റെടുത്ത് നടത്തുകയാണ്. പ്രകൃതി ദുരന്തം വൈദ്യുതി മേഖലയിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. എന്നാൽ അവയെല്ലാം സമയബന്ധിതമായി പരിഹരിച്ചു. അയൽ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ വിദഗ്ധ സേവനം ലഭ്യമാക്കാനും നമുക്ക് കഴിഞ്ഞു.

ഇടുക്കിയിൽ രണ്ടാമത്തെ പവർഹൗസ് ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. സൗരോർജത്തിൽനിന്ന്‌ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കും. 200 മെഗാവാട്ട് ഇപ്പോൾത്തന്നെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. 1000 മെഗാവാട്ടുകൂടി ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിയും ഉണ്ട്. കൂടംകുളം ലൈൻ പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. മാടക്കത്തറ ലൈനും താമസിയാതെ പൂർത്തിയാകും. വൈദ്യുതി കമ്മിയുണ്ടാകുന്ന സമയത്ത് പുറത്തുനിന്ന് വാങ്ങിക്കൊണ്ടുവരാനുള്ള സംവിധാനങ്ങളും കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ എസ് ശർമ, കെ ജെ മാക്‌സി, ജോൺ ഫെർണാണ്ടസ്, പി ടി തോമസ്, വി പി സജീന്ദ്രൻ, മേയർ സൗമിനി ജെയിൻ, ജിസിഡിഎ ചെയർമാൻ വി സലിം, വൈദ്യുതി ബോർഡ് ചെയർമാൻ എൻ എസ് പിള്ള എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top