29 February Saturday

അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതും ഭരണഘടനാവിരുദ്ധം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020


പാലക്കാട്‌
മതവിശ്വാസവുമായി ബന്ധപ്പെട്ട്‌ ഊഹാപോഹങ്ങളും സങ്കൽപ്പങ്ങളും ശാസ്‌ത്രസത്യമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത്  ഭരണഘടനാ ലംഘനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണാധികാരികൾതന്നെ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്ന പ്രവണത കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു. മുപ്പത്തിരണ്ടാമത്‌ സംസ്ഥാന ശാസ്‌ത്ര കോൺഗ്രസ്‌ മുണ്ടൂർ യുവക്ഷേത്ര കോളേജില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  

യുക്തിചിന്ത പ്രചരിപ്പിക്കുക എന്നതാണ്‌ പൗരന്റെ കടമ. യുക്തിസഹമായ ശാസ്‌ത്രവീക്ഷണത്തിൽ സമ്പന്നമായ ചരിത്രമാണ്‌ നമുക്കുള്ളത്‌. അതിനെ അപകടപ്പെടുത്തുന്ന പ്രവണത ഇന്ന്‌ ഉയർന്നുവരുന്നു. ഇതിനെതിരെ ശാസ്‌ത്രരംഗത്തുള്ളവർ ജാഗ്രത പുലർത്തണം. അപകടകരമായ പ്രവണതകൾ ഉയർത്തുന്ന വക്താക്കൾ ശാസ്‌ത്ര കോൺഗ്രസിനെപ്പോലും അതിനുള്ള വേദിയാക്കും. 

നവോത്ഥാനകാലത്ത്‌ ശാസ്‌ത്രാഭിമുഖ്യം ശക്തിപ്പെടുത്താൻ നല്ല ശ്രമമുണ്ടായി. ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ സഹോദരൻ അയ്യപ്പൻ രചിച്ച ‘സയൻസ്‌ ദശകം’ അതിനു തെളിവാണ്‌. ഗുരുവിന്റെ ‘ദൈവദശക’ത്തിനുശേഷമാണ്‌ ശിഷ്യൻ സയൻസ്‌ ദശകം രചിച്ചത്‌. ഇതിൽ ശാസ്‌ത്രത്തിന്റെ പ്രാമാണികതായണ്‌ ഉന്നയിച്ചത്‌.
പ്രകൃതിരഹസ്യങ്ങൾ വെളിപ്പെടുത്താൻ ശാസ്‌ത്രത്തിനേ കഴിയൂ. സയൻസ്‌ ദശകത്തിന്റെ ഗാനം ശാസ്‌ത്രകോൺഗ്രസിന്റെ അവതരണഗാനമായി കൊണ്ടുവരാൻ ശ്രമിക്കണം. വർഗീയത ശക്തമായി ദീപത്തെ കെടുത്താൻ ശ്രമിച്ചിട്ടും ശാസ്‌ത്രത്തിന്റെ ദീപം കെടാതെ നിൽക്കുന്നുവെന്നാണ്‌ സഹോദരൻ അയ്യപ്പൻ പറഞ്ഞത്‌–- മുഖ്യമന്ത്രി പറഞ്ഞു.

വൈറസുകള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണോ  എന്നതില്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. പേമാരി, കടുത്ത വരള്‍ച്ച തുടങ്ങിയ പ്രതിഭാസങ്ങള്‍ക്ക്‌ ആഗോളതാപനവുമായുള്ള ബന്ധവും ശാസ്ത്രലോകം പരിശോധിക്കണം. പരിമിതമായ സ്ഥിതിവിവരക്കണക്കുകളും വിശാലമായ അനിശ്ചിതത്വവും സര്‍ക്കാരിനുമുന്നിലെ വെല്ലുവിളിയാണ്. ശാസ്ത്രീയ വീക്ഷണത്തിലൂടെ മാത്രമേ ഈ വെല്ലുവിളികളെ മറികടക്കാനാവൂ. പ്രകൃതിദുരന്തങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത കേരളത്തെ കെട്ടിപ്പടുക്കാനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ശാസ്ത്രകോണ്‍ഗ്രസില്‍ ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top