20 October Tuesday

രോഗികൾ കൂടും; പ്രതിരോധം ശക്തം ; തയ്യാറെടുപ്പുകൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്‌

സ്വന്തം ലേഖികUpdated: Friday Sep 25, 2020


തിരുവനന്തപുരം
കോവിഡ്‌ രോഗികൾ ഇനിയുമുയരുമെന്ന കണക്കു‌കൂട്ടലിൽ തയ്യാറെടുപ്പുകൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്‌. കോവിഡ്‌ ചികിത്സയ്‌ക്കായി 404 ഇടത്തായി 49,250 കിടക്കയൊരുക്കി‌. സർക്കാർമേഖലയിൽ 29 കോവിഡ്‌ ആശുപത്രിയുണ്ട്‌. 9122 കിടക്കയും. മറ്റ്‌ 30 സർക്കാർ ആശുപത്രികളിൽ 1413 കിടക്കയും റെഡിുയാണ്‌. 219 പ്രഥമതല ചികിത്സാകേന്ദ്രം സജ്ജീകരിച്ചു, 34,634 കിടക്ക. 126 സ്വകാര്യ ആശുപത്രിയിൽ 4081 കിടക്കയും. ആകെ 22,510 കിടക്ക ഇപ്പോൾ ഒഴിവുണ്ട്‌.

കോവിഡ്‌ കാലഘട്ടത്തിൽമാത്രം സർക്കാർ ആശുപത്രികളിൽ മുന്നൂറോളം വെന്റിലേറ്റർ അധികമായി സജ്ജീകരിച്ചു. ഇതോടെ, സർക്കാർ മേഖലയിൽ 532ഉം സ്വകാര്യ ആശുപത്രികളിൽ 1579ഉം ഉൾപ്പെടെ 2111 വെന്റിലേറ്ററുണ്ട്‌. ഇതിൽ 2083 ഒഴിവാണ്‌.

സർക്കാർ ആശുപത്രികളിൽ 516 വെന്റിലേറ്റർ ഒഴിവുണ്ട്‌. ഏറ്റവും കൂടുതൽ വെന്റിലേറ്റർ ലഭ്യമായത്‌ എറണാകുളത്താണ്‌–- 391.  ഏറ്റവും കുറവ്‌ ആലപ്പുഴയിൽ–- 29. 6860 ഐസിയു കിടക്കയാണുള്ളത്‌. സർക്കാർമേഖലയിലെ 781ൽ ഒഴിവുള്ളത്‌ 458. സ്വകാര്യമേഖലയിൽ 6079 ഐസിയു കിടക്ക ഉള്ളപ്പോൾ ചികിത്സയിലുള്ളവർ 98 മാത്രം.

മെഡിക്കൽ കോളേജുകൾക്കു പുറമെ, ജില്ലകളിലെ പ്രധാന ആശുപത്രികളിലും ഐസിയു, സെമി ഐസിയു സംവിധാനങ്ങൾ ലഭ്യമാക്കി‌. വെന്റിലേറ്റർ കുറവും  എത്തിപ്പെടാൻ പ്രയാസമുള്ളതുമായ ജില്ലകളിൽ ഓക്സിജൻ സഹായം ആവശ്യമുള്ളവർക്കായി താലൂക്കുതലത്തിൽ സജ്ജീകരണമൊരുക്കി. കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ മുഖേന 70 ലക്ഷം ലിറ്ററിന്റെ ഓക്സിജൻ സിലിണ്ടറാണ്‌ സമാഹരിച്ചത്‌.

ചെറുലക്ഷണമുള്ളവരും എന്നാൽ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളവർക്കായി രണ്ടാംഘട്ട ചികിത്സാകേന്ദ്രങ്ങളും ഒരുക്കി.   രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ കൂടുതൽ പ്രഥമകേന്ദ്രങ്ങൾ രണ്ടാംഘട്ട കേന്ദ്രങ്ങളാക്കും. 300–- 350  പേരെ പ്രവേശിപ്പിക്കാവുന്ന പ്രഥമകേന്ദ്രങ്ങൾ കൂടുതലായൊരുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top