20 October Tuesday

കൊച്ചി കോര്‍പറേഷനിലെ നിര്‍മാണപ്രവര്‍ത്തനം നിലച്ചിട്ട്‌ ഒന്നരമാസം

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020


കൊച്ചി
കോർപറേഷനിലെ നിർമാണപ്രവർത്തനങ്ങൾ നിലച്ചിട്ട് 43 ദിവസം പിന്നിട്ടു. നൂറുകോടിയിലധികം വരുന്ന കുടിശ്ശിക ആവശ്യപ്പെട്ട്‌ കരാറുകാർ സമരത്തിലായതാണ്‌  പ്രതിസന്ധിക്ക്‌ കാരണം. കൗൺസിലിന്റെ കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ നിർമാണപ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലായത്‌ കൗൺസിലർമാരെ ആശങ്കയിലാക്കി.

2019–-20 വർഷത്തെ പദ്ധതിയിനത്തിലുള്ള സ്പിൽ ഓവർ വർക്കുകളും 2020–-21 വർഷത്തെ പദ്ധതി നിർവഹണ പ്രവർത്തനങ്ങളും നഗരസഭയുടെ തനത് ഫണ്ടിൽനിന്നുള്ള നിർമാണപ്രവർത്തനങ്ങളും ആഗസ്‌ത്‌ 10 മുതൽ പൂർണമായി നിലച്ചിരിക്കുകയാണ്. നിർമാണമാരംഭിച്ച പല പ്രവൃത്തികളും പാതിവഴിയിൽ നിർത്തിവയ്ക്കേണ്ടതായും  വന്നു. 2017 സെപ്തംബർമുതലുള്ള കുടിശ്ശികയാണ് കരാറുകാർക്ക് നൽകാനുള്ളത്. നൂറുകോടി രൂപയുടെ കുടിശ്ശിക നൽകാനുണ്ടെന്നാണ്‌ കരാറുകാർ പറയുന്നത്‌. ഇതിൽ 1068 ബില്ലുകളിലായി 52 കോടി രൂപ ചെക്ക് എഴുതാൻ തയ്യാറാക്കി അക്കൗണ്ട്‌സ്‌ വിഭാഗത്തിൽ എത്തിയിട്ട് മാസങ്ങളായി. വെള്ളക്കെട്ട് പരിഹരിക്കുന്നതിന്‌ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തികളടക്കമുള്ളവയുടെ വർഷങ്ങളായ ബിൽപോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല.

തനതുവരുമാനമായ കെട്ടിട നികുതിയും തൊഴിൽ നികുതിയും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക പിരിഞ്ഞുകിട്ടാനുള്ളപ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് കരാറുകാരെ വലയ്ക്കുന്നത്. നഗരത്തിലെ നിർമാണപ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളും പൂർണമായി സ്തംഭിച്ച അവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി വി പി ചന്ദ്രൻ എന്നിവർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top