15 October Tuesday

വയനാട്‌ ദുരിതബാധിതർക്കുവേണ്ടി ഒരുവർഷം 
നീളുന്ന മാനസികാരോഗ്യ പരിപാടി : മന്ത്രി വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024


കോട്ടയം
വയനാട്‌ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർക്കുവേണ്ടി കുറഞ്ഞത്‌ ഒരുവർഷം നീളുന്ന മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ദുരന്തത്തെ അതിജീവിച്ചെങ്കിലും അവരിൽ പലർക്കും ഉറക്കം കിട്ടുന്നില്ല. ചിലർ നിസംഗരായി മാത്രം ഇരിക്കുന്നു. ശബ്ദം കേട്ട്‌ പോലും പേടിക്കുന്നവരുണ്ട്‌. അവരെ സാധാരണ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരണം. പദ്ധതിക്ക്‌ 121 കൗൺസലർമാരുടെ സേവനമുണ്ടാകും. മുമ്പും പ്രകൃതിദുരന്തങ്ങളുണ്ടായപ്പോൾ മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ഇത്ര വിപുലമായ പദ്ധതി ഇതാദ്യമാണെന്നും മന്ത്രി പറഞ്ഞു. അഞ്ചാം കേരളപഠന കോൺഗ്രസിന് മുന്നോടിയായി കോട്ടയത്ത്‌ ആരംഭിച്ച ദ്വിദിന ആരോഗ്യ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലെ ജനങ്ങളുടെ ശരാശരി ആയുർദൈഘ്യം 76 എന്ന മികച്ച നിലയിലാണ്‌. എന്നാൽ ഇത്‌ പൂർണ ആരോഗ്യത്തോടെയുള്ള ജീവിതമാണോ എന്ന ചോദ്യമുയരുന്നുണ്ട്‌. ഇതിനാണ്‌ ആർദ്രം 2 ഊന്നൽ നൽകുന്നത്‌. ജീവിതശൈലീരോഗങ്ങൾ നിയന്ത്രിച്ച്‌, ആരോഗ്യപൂർണമായ ജീവിതം ഉറപ്പാക്കും. പുതിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കേരളം ആർജിച്ചിട്ടുണ്ട്‌. അനീമിയ, സ്‌തനാർബുദം, സെർവിക്കൽ ക്യാൻസർ എന്നിവ കണ്ടെത്തി തടയാൻ വിപുലമായ സ്‌ക്രീനിങ് സെപ്‌തംബറിൽ ആരംഭിക്കുകയാണ്‌.

പകർച്ചവ്യാധി മൂലം ഒരു ദുരന്തംകൂടി ഉണ്ടാകരുതെന്ന കാഴ്‌ചപ്പാടിലാണ്‌ ആരോഗ്യവകുപ്പ്‌ പ്രവർത്തിക്കുന്നത്‌. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ കേരളത്തിലേക്ക്‌ മലമ്പനി പോലുള്ള രോഗങ്ങൾ വരുന്നുണ്ട്‌. ഇത്‌ തടയാൻ സുശക്തമായ ചില  തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഭാഗമായ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്‌. ഇവിടെ ജോലി ചെയ്യാൻ വരുന്നവർ ആവശ്യമായ പ്രതിരോധ കുത്തിവെയ്‌പ്പുകൾ എടുത്തിട്ടുണ്ടോ എന്ന്‌ ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top