18 September Wednesday

1.7 ലക്ഷം കുടുംബങ്ങൾക്ക്‌ കിട്ടി പലിശരഹിത വായ്പ ; പ്രളയാനന്തര കേരളത്തിനായി കുടുംബശ്രീയുടെ കൈത്താങ്

റഷീദ‌് ആനപ്പുറംUpdated: Sunday Aug 25, 2019

 

മഹാപ്രളയം തകർത്ത ജീവിതങ്ങൾക്ക്‌ കൈത്താങ്ങേകി കുടുംബശ്രീ വഴി സർക്കാർ ലഭ്യമാക്കിയത്‌ 1435.14 കോടിയുടെ പലിശരഹിത വായ്‌പ. 26,168 അയൽക്കൂട്ടങ്ങളിലെ 1,73167 കുടുംബങ്ങൾക്കാണ്‌ വായ്‌പ ലഭിച്ചത്‌. നാല്‌ വർഷംകൊണ്ട്‌ തിരിച്ചടയ്‌ക്കേണ്ട വായ്‌പയുടെ ഒമ്പത്‌ ശതമാനം പലിശയായ 360 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ നൽകും. ആദ്യവർഷം മാത്രം 136 കോടിരൂപ നൽകും. 

കഴിഞ്ഞ പ്രളയത്തിൽ ജീവനോപാദി നഷ്‌ടപ്പെട്ടവർക്കായി നടപ്പാക്കിയ ഗാർഹിക വായ്‌പ പദ്ധതി (റീസറജന്റ്‌സ്‌ കേരള ലോൺ സ്‌കീം–-ആർകെഎൽഎസ്‌) പ്രകാരമാണ്‌ ബാങ്കുകളുടെ സാങ്കേതിക നൂലാമാലകൾ ഒഴിവാക്കി പുതിയ വായ്‌പ ലഭ്യമാക്കിയത്‌. കുടുംബശ്രീയിൽ അംഗമല്ലാത്ത ഒട്ടേറെ കുടുംബങ്ങളും സഹായത്തിന്‌ അർഹരായവരിൽപെടും. അതിനാൽ അവർക്കായി മാത്രം 3000 പുതിയ അയൽക്കൂട്ടം രൂപീകരിച്ചു.

വായ്‌പ തിരിച്ചടവിന്‌ ആറുമുതൽ ഒമ്പതു മാസംവരെ മൊറട്ടോറിയവും അനുവദിച്ചു. ജൂൺ മുതലാണ്‌ ഭൂരിപക്ഷം അയൽക്കൂട്ടവും തിരിച്ചടവ്‌ തുടങ്ങിയത്‌. ഇവരുടെ അക്കൗണ്ടുകളിലേക്ക്‌ പലിശ തുക സർക്കാർ നൽകും. ഇതോടെ ബുദ്ധിമുട്ടില്ലാതെ അടുത്ത ഗഡുക്കളും അടയ്‌ക്കാനാകും.

മഹാപ്രളയശേഷം സൃഷ്ടിച്ചത് അഞ്ച്‌ കോടി തൊഴിൽ ദിനങ്ങള്‍
പ്രളയത്തെതുടർന്ന്‌ തൊഴിലും തൊഴിലുപകരണങ്ങളും നഷ്‌ടപ്പെട്ട കുടുംബങ്ങളിൽ വരുമാനമെത്തിക്കാനും പ്രളയ പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിനുമായി തൊഴിലുറപ്പ്‌ പദ്ധതിയെ സമഗ്രമായി ഉപയോഗിക്കുന്നതിലും കേരളം മാതൃകയായി. മഹാപ്രളയത്തിനുശേഷം അഞ്ച്‌ കോടി തൊഴിൽ ദിനങ്ങളാണ്‌ പുതുതായി സൃഷ്‌ടിച്ചത്‌. 1336 കോടി രൂപയാണ്‌ ഇതിലൂടെ ജനങ്ങൾക്ക് ലഭിച്ചത്‌. 2018 ആഗസ്ത്‌ 16ന് ശേഷം ആകെ10.78 ലക്ഷം പേർക്കാണ് തൊഴിൽ നൽകിയത്‌. ഇതിൽ 3.99 ലക്ഷം കുടുംബങ്ങൾ പുതിയതായി പദ്ധതിയിലേക്ക് വന്നവരാണ്. പ്രളയം കൂടുതൽ ബാധിച്ച ഏഴ് ജില്ലകളിൽ ഒരു കുടുംബത്തിന് 50 അധിക തൊഴിൽദിനം വീതവും ലഭ്യമാക്കി.

 


പ്രധാന വാർത്തകൾ
 Top