18 September Wednesday

അടി തീര്‍ന്നിട്ടല്ലേ അങ്കം ; കേരള കോൺഗ്രസിലെ പോര് തുടരുന്നു

ഡി ദിലീപ്‌Updated: Sunday Aug 25, 2019


പാലാ ഉപതെരഞ്ഞെടുപ്പിനുമുന്നോടിയായി ഉത്തരംകണ്ടത്തേണ്ട നിരവധി ചോദ്യങ്ങളുണ്ട് കേരള കോണ്‍​ഗ്രസിനുമുന്നില്‍. യഥാർഥ കേരള കോൺഗ്രസ് ഏത്?, ചെയർമാന്റെ അധികാരം ആർക്ക്? എന്നിങ്ങനെ ഉത്തരംകിട്ടാതെ തെരുവിലേക്ക് നീളുന്ന ചോദ്യങ്ങളേറെ. ശക്തിപ്രകടനത്തിനുള്ള ശ്രമം പി ജെ ജോസഫും ജോസ് കെ മാണിയും ഇതിനോടകം തുടങ്ങി. 

സ്ഥാനാർഥിയെ തീരുമാനിക്കാനും ചിഹ്നം അനുവദിക്കാനും തനിക്കാണ് അധികാരമെന്ന് ജോസഫ് ആദ്യവെടിപൊട്ടിച്ചു.  അതിന് മെനക്കെടേണ്ടതില്ലെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ തിരിച്ചടിച്ചു. തർക്കത്തില്‍ കോടതിയുടെയും തെരഞ്ഞെടുപ്പ് കമീഷന്റെയും തീരുമാനമാണ് ഇനി നിർണായകം.  ഉപതെരഞ്ഞെടുപ്പിനുമുമ്പ് ഇതിൽ അവസാന തീരുമാനം ഉണ്ടാകാനിടയില്ല. ജോസിനെ ചെയർമാനായി തെരഞ്ഞെടുത്തത് തൊടുപുഴ –- കട്ടപ്പന കോടതികൾ സ്റ്റേ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ മുന്നിൽ ആക്ടിങ് ചെയർമാൻ ജോസഫാണ്. പാർടിയുടെ രണ്ടില ചിഹ്നം അനുവദിക്കാനുള്ള അധികാരവും നിലവിൽ അദ്ദേഹത്തിനാണ്. ഇത് യുഡിഎഫിനെയും ജോസിനെയും കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. മാണിയുടെ നിര്യാണശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജോസിനെ കൈവിടാൻ കോൺഗ്രസിനാകില്ല. എന്നാൽ ജോസഫിന് കൂടി സ്വീകാര്യനല്ലെങ്കിൽ  സ്ഥാനാർഥിക്ക് പാർടിചിഹ്നമില്ലാതെ മത്സരിക്കേണ്ടിവരും. ചിഹ്നം ലഭിക്കാൻ വലിയ വിട്ടുവീഴ്ചകൾക്ക് ജോസ്‌ വിഭാഗം തയ്യാറാകേണ്ടി വരും. പോര് മൂത്താൽ കേരള കോൺഗ്രസിന് രണ്ട് സ്ഥാനാർഥികളുണ്ടാകാനും സാധ്യത.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ഭൂരിപക്ഷം കുറഞ്ഞതും യുഡിഎഫിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. റബറിന്റെ വിലയിടിവ്, പാലാ നഗരസഭയിലെ കേരള കോൺഗ്രസ് –- കോൺഗ്രസ് പോര്, മീനച്ചിൽ റബർ മാർക്കറ്റിങ് സഹകരണ സംഘം തകർച്ച എന്നിവയും ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top