25 September Friday
ബിജെപി പ്രസിഡന്റിന്റെ വാദം ചെന്നിത്തല ഏറ്റുപറയുന്നു

ചെന്നിത്തല ആർഎസ്‌എസിന്‌ പ്രിയപ്പെട്ട നേതാവ്‌: കോടിയേരി ബാലകൃഷ്‌ണൻ; സർക്കാരിനെ കോൺഗ്രസും ബിജെപിയും ഒരുമിച്ച്‌ ആക്രമിക്കുന്നു

പ്രത്യേക ലേഖകൻUpdated: Saturday Jul 25, 2020



തിരുവനന്തപുരം
സർക്കാരിനെതിരെ കിട്ടാവുന്ന എല്ലാ അവസരങ്ങളും ഉപയോഗിച്ചുള്ള ആക്രമണ തന്ത്രമാണ്‌ കോൺഗ്രസും ബിജെപിയും ചേർന്ന്‌ അഴിച്ചുവിട്ടിരിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ‘കേരളത്തിലെ ആർഎസ്‌എസിന്‌ പ്രിയപ്പെട്ട നേതാവായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല മാറി. യുഡിഎഫ്‌ തലപ്പത്ത്‌ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അല്ലാത്ത ഒരാൾ വരണമെന്നാണ്‌ ആർഎസ്‌എസിന്റെ ഉദ്ദേശ്യം. അതിന്‌ എല്ലാവിധ പ്രോത്സാഹനവും ചെന്നിത്തലയ്‌ക്ക്‌ ചെയ്‌തുകൊടുക്കുകയാണ്‌ അവർ’–-കോടിയേരി വ്യക്തമാക്കി.

പല സംസ്ഥാനങ്ങളിലും ബിജെപിയും കോൺഗ്രസും ശത്രുതയിലാണെങ്കിൽ കേരളത്തിൽ ഒരേ മനസ്സോടെ പ്രവർത്തിക്കുകയാണ്‌. ഇവിടെ കോൺഗ്രസിനെ എതിർക്കാൻ ബിജെപിയും ആർഎസ്‌എസും തയ്യാറല്ല. ബിജെപിയെ എതിർക്കാൻ കോൺഗ്രസുമില്ല. ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ സർക്കാരുകളെ ബിജെപി അട്ടിമറിച്ചു. രാവിലെ ബിജെപി അധ്യക്ഷൻ നടത്തുന്ന വാർത്താസമ്മേളനത്തിലെ ആരോപണങ്ങൾ ഉച്ചയ്‌ക്ക്‌ ചെന്നിത്തല ഏറ്റുപറയുന്നു.

ആർഎസ്‌എസ്‌ ഉദ്ദേശിക്കുന്ന കാര്യം നടപ്പാക്കിക്കൊടുക്കുന്ന പ്രതിപക്ഷമായി യുഡിഎഫ്‌ അധഃപതിച്ചു. സർക്കാരിനെതിരെ രണ്ട്‌ കൂട്ടരും സംഘടിതമായ നുണപ്രചാരണം നടത്തുകയാണ്‌. ഒരു നുണ ആയിരം തവണ ആവർത്തിച്ച്‌ പ്രചരിപ്പിക്കുകയാണ്‌ ഹിറ്റ്‌ലർ ഗീബൽസിനെ ഉപയോഗിച്ച്‌ നടത്തിയ തന്ത്രം. എന്നാൽ, ബിജെപിയും കോൺഗ്രസും ചെയ്യുന്നത്‌ ആയിരം നുണ ഒരേസമയം പ്രചരിപ്പിക്കുകയാണ്‌‌‌. പ്രതിപക്ഷം എത്ര വിവാദമുണ്ടാക്കാൻ ശ്രമിച്ചാലും അതിന്‌ ചെവികൊടുക്കാതെ വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ ശ്രമിക്കണം.  പ്രതിപക്ഷം ഉയർത്തിയ പ്രശ്‌നങ്ങൾ അവർക്ക്‌ തന്നെ തിരിച്ചടിയാവുമെന്നും‌ കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top