25 September Friday

എസ്‌എൻ കോളേജ്‌‌ ജൂബിലി ഫണ്ട്‌ തട്ടിപ്പ്‌ : വെള്ളാപ്പള്ളിക്കെതിരെ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020


കൊല്ലം
എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ  ക്രിമിനൽകുറ്റം ചുമത്തി പ്രോസിക്യൂട്ട്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെടുന്ന കുറ്റപത്രം‌ ക്രൈംബ്രാഞ്ച്‌ കോടതിയിൽ സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഷാജി സുഗുണൻ കൊല്ലം സിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സാമ്പത്തിക ക്രമക്കേട്‌, വെട്ടിപ്പ്, വിശ്വാസവഞ്ചന, ചതി തുടങ്ങിയവ കുറ്റങ്ങളാണ്‌   ചുമത്തിയിട്ടുള്ളത്‌‌.

എസ്എൻ കോളേജ്‌ കനകജൂബിലി ആഘോഷങ്ങൾക്കായി‌ 1997ൽ പൊതുജനങ്ങളിൽനിന്ന്‌ പിരിച്ച തുകയിൽനിന്ന്‌ 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ്‌ ആക്ഷേപം.

കൂപ്പൺ വിതരണംചെയ്തു‌ സമാഹരിച്ചതിൽ 67 ലക്ഷം രൂപ 1997 ജൂലൈ ഏഴുമുതൽ 1998 സെപ്തംബർ വരെ ഗോൾഡൻ ജൂബിലി എന്ന പേരിൽ  എസ്എൻ കോളേജിനു‌ സമീപത്തെ സൗത്ത്‌ ഇന്ത്യൻ ബാങ്കിൽ വെള്ളാപ്പള്ളി തുടങ്ങിയ എസ്ബി അക്കൗണ്ടിൽ ഫിനാൻസ്‌ കമ്മിറ്റി കൺവീനർ നിക്ഷേപിച്ചു. അക്കൗണ്ടിൽനിന്ന്‌ പലപ്പോഴായി 35 ലക്ഷം രൂപ വെള്ളാപ്പള്ളി ധനലക്ഷ്‌മി ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക്‌ മാറ്റി. ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ കൊല്ലം കന്റോൺമെന്റ്‌ മൈതാനത്ത്‌ നടന്ന എക്‌സിബിഷനിൽനിന്ന്‌ മിച്ചം ലഭിച്ച 20,16,662 രൂപയും സ്വന്തം അക്കൗണ്ടിലേക്ക്‌ മാറ്റിയെന്നാണ്‌ കേസ്‌. 2004ൽ രജിസ്റ്റർചെയ്ത കേസിൽ 16 വർഷത്തിനു ശേഷമാണ് കുറ്റപത്രം നൽകിയത്. എസ്‌എൻ ട്രസ്റ്റ്‌‌‌ സംരക്ഷണസമിതി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം പി സുരേന്ദ്രബാബുവാണ്‌ കേസ്‌ നൽകിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top