21 September Monday

മാർക്ക്‌ ദാനം തള്ളി കലിക്കറ്റ്‌ സർവകലാശാല

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020


തേഞ്ഞിപ്പലം
വിമൻസ് സ്റ്റഡീസ് പഠനവിഭാഗത്തിലെ എംഎ വിദ്യാർഥിയ്‌ക്ക്‌ മാർക്ക്ദാനമെന്ന വാർത്ത വസ്‌തുതാവിരുദ്ധമെന്ന്‌‌ കലിക്കറ്റ്‌ സർവകലാശാല.  മനോരമ ഉൾപ്പെടെ ചില മാധ്യമങ്ങൾ ചമച്ചത്‌ വ്യാജവാർത്തയാണെന്ന്‌ ഇതോടെ തെളിഞ്ഞു. ഒരു സെമസ്‌റ്ററിലെ മുഴുവൻ വിദ്യാർഥികൾക്കും നിയമപരമായി മാർക്ക്‌ അനുവദിച്ചത്‌ മറച്ചുവച്ച്‌, എസ്‌എഫ്‌ഐ നേതാവിന്‌ അനധികൃതമായി മാർക്ക്‌ നൽകിയെന്നായിരുന്നു വാർത്ത.

എംഎ വിദ്യാർഥികളായ മൂന്നുപേരിൽനിന്നും ഒരു ഗവേഷകവിദ്യാർഥിയിൽ നിന്നും വിമൻസ് സ്റ്റഡീസ് വകുപ്പ്‌ മേധാവിക്കെതിരെ പരാതി ലഭിച്ചിരുന്നു.  ഹാജർ, ഇന്റേണൽ മാർക്ക് എന്നിവ അനുവദിക്കാതിരിക്കൽ, മോശം സ്വഭാവ സർട്ടിഫിക്കറ്റ് നൽകൽ‍, ഗവേഷകയെ മാനസികമായി പീഡിപ്പിക്കൽ, ഗവേഷകയുടെ അമ്മയെ അവഹേളിക്കൽ എന്നീ പരാതികളാണ് ലഭിച്ചത്. വിസി ചെയർമാനായ  വിദ്യാർഥി പരാതി പരിഹാര സമിതി (ബിഎഎസ്‌ജി) അന്വേഷിച്ചു.  2009 ഒക്ടോബറിൽ  അന്വേഷണ കമ്മിറ്റി വിശദ റിപ്പോർട്ട്‌  സിൻഡിക്കറ്റിന്‌ നൽകി. റിപ്പോർട്ടിലെ  നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ആ സെമസ്റ്ററിലെ എല്ലാ വിദ്യാർഥികൾക്കും 2018ൽ അന്നത്തെ വൈസ്‌ ചാൻസലർ ഡോ. മുഹമ്മദ്‌ ബഷീർ  മാർക്ക്‌ അനുവദിച്ചത്‌.

ഇന്റേണൽ മാർക്ക്‌ കുറച്ചതിനാൽ റാങ്ക്‌ നഷ്ടമായെന്ന പരാതിയും ഇതേ അധ്യാപികക്കെതിരെ  ഉയർന്നിരുന്നു. ഇതും അന്വേഷിച്ച്‌ അധ്യാപിക കുറ്റക്കാരിയാണെന്ന്‌ കണ്ടെത്തി. അധ്യാപികക്കെതിരെ ഉയർന്ന പരാതികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സിൻഡിക്കറ്റിന്റെ പരിഗണനക്ക്‌ വയ്‌ക്കാനും ഡോ. മോളി കുരുവിളക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടു. ഇതിൽ നടപടി പുരോഗമിക്കുകയാണെന്നും സർവകലാശാല വാർത്താകുറിപ്പിൽ വ്യക്തമാക്കി.

നടപടി നേരിടുന്ന‌ അധ്യാപികയെ വെള്ളപൂശിയാണ്‌ മനോരമ ഉൾപ്പെടെ മാധ്യമങ്ങൾ അപവാദം പ്രചരിപ്പിച്ചത്. സർവകലാശാല വാർത്ത നിഷേധിച്ചിട്ടും വിഷയം ഗവർണറുടെ പരിഗണനയിലാണെന്ന പച്ചനുണ വീണ്ടും ആവർത്തിക്കുകയാണ്‌ മനോരമ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top