20 September Friday

ഖദറിട്ടാൽ ‘പറ്റ്‌ ഇല്ല’ ; കുടിച്ച ഗ്ലാസും അടിച്ചുമാറ്റി, യൂത്തന്മാർ കാശുകൊടുക്കാതെ കട കാലിയാക്കി

സ്വന്തം ലേഖകൻUpdated: Friday Jul 26, 2019


തിരുവനന്തപുരം
വ്യാഴാഴ്‌ച രാവിലെ യുഡിഎഫിന്റെ സെക്രട്ടറിയറ്റ്‌ ഉപരോധം എന്നുകേട്ടപാടെ പ്രസ്‌ ക്ലബ്ബിന്‌ സമീപമുള്ള ചായക്കടക്കാരൻ ദിലീപിന്‌ പരിഭ്രാന്തിയായി. “സമരം തുടങ്ങാൻപോകുവാ. പലഹാരത്തട്ടിൽ കണ്ണുവേണം. അവന്മാര്‌ കൂട്ടത്തോടെ ചായകുടിക്കാൻ വരുകയാണേൽ ഒന്നുംനോക്കണ്ട. ഷട്ടറങ്ങ്‌ താഴ്‌ത്താം’ കടയിലെ നാലു തൊഴിലാളികളോടുമായി ദിലീപ്‌ ചട്ടംകെട്ടി.   ‘അണ്ണന്റെ’ പേരും പറഞ്ഞ്‌ അന്നത്തെ പോലെ ഖദർധാരികൾ എത്തി ചായകുടിച്ച്‌ പണം തരാതെ കടന്നുകളയുമോ എന്നായിരുന്നു ദിലീപിന്റെ പേടി. കഴിഞ്ഞ തിങ്കളാഴ്‌ച ചില്ലറയൊന്നുമല്ല,  110 മോദകമാണ്‌  യൂത്ത്‌കോൺഗ്രസുകാർ ദിലീപിന്റെ കടയിൽനിന്ന്‌ അടിച്ച്‌കയറ്റിയത്‌.

ഉണ്ണിയപ്പവും ഉഴുന്നുവടയും ചായയും വേറെ. എന്തിന്‌ കുടിച്ച ഗ്ലാസുപോലും അടിച്ചുമാറ്റി. പത്തും ഇരുപതും സംഘമായെത്തിയായിരുന്നു  ഭക്ഷണപരാക്രമം. പണംചോദിച്ചപ്പോൾ “ദാണ്ടെ ആ നിൽക്കുന്ന അണ്ണൻ’  തരുമെന്നുപറഞ്ഞ്‌ തിന്നവർ തിന്നവർ സ്ഥലംവിട്ടു. പണത്തിനായി അണ്ണനെ അന്വേഷിച്ചപ്പോൾ ഖദറിട്ട അണ്ണന്മാരിൽനിന്ന്‌ പണംതരുമെന്നു പറഞ്ഞ അണ്ണനെ എങ്ങനെ കണ്ടുപിടിക്കാൻ. 

യൂത്തന്മാർ കാശുകൊടുക്കാത കാലിയാക്കിയ കടയുടെ ഷട്ടർ നിരാശയോടെ താഴ്‌ത്തിയപ്പോൾ ദിലീപിന്റെ കണ്ണുനിറഞ്ഞു. ഗ്യാസ്‌ സിലിണ്ടർ നഷ്ടമാകാതിരിക്കാൻ അകത്തേക്ക്‌ മാറ്റുമ്പോൾ ചങ്കിടറി. അന്ന്‌ സംഭവിച്ചതുപോലെ വ്യാഴാഴ്‌ച യുഡിഎഫ്‌ മാർച്ചിനിടയിൽ സംഭവിക്കരുതെന്ന ജാഗ്രതയിലാണ്‌ വ്യാഴാഴ്‌ച ദിലീപ്‌ കടയിലെ തൊഴിലാളികളെ ചട്ടംകെട്ടിയത്‌. സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ ഇക്കുറി ആർത്തിക്കാരെയൊന്നും കണ്ടില്ല. ഉപരോധം അവസാനിച്ചപ്പോഴാണ്‌ ദിലീപ്‌ നേരാംവണ്ണം ശ്വാസംവിട്ടത്‌.  

കാശുതരാതെ മുങ്ങിയ യൂത്ത്‌ കോൺഗ്രസുകാരോട്‌ ഒരുകാര്യമേ ദിലീപിന്‌ പറയാനുള്ളൂ. “ജീവിക്കാനുള്ള ഏർപ്പാടാണ്‌. അഞ്ച്‌ കുടുംബങ്ങൾ ഈ കടയിൽനിന്നു കിട്ടുന്ന വരുമാനംകൊണ്ടാണ്‌ ജീവിക്കുന്നത്‌. ദയവുചെയ്‌ത്‌ കഴിച്ച ചായയുടെയും പലഹാരങ്ങളുടെയും കാശ്‌ നൽകാൻ അണ്ണന്മാർക്ക്‌ സന്മനസ്സുണ്ടാകണം.’

കണ്ടു പഠിക്കൂ ഈ നന്മ
യൂത്ത്‌ കോൺഗ്രസുകാർ കാശുനൽകാതെ പറ്റിച്ച ചായക്കടക്കാരന്‌ സഹായവുമായി യൂണിവേഴ്‌സിറ്റി കോളേജ്‌ പൂർവവിദ്യാർഥികൾ. പ്രസ്‌ക്ലബ്ബിന്‌ സമീപം ചായക്കട നടത്തുന്ന ദിലീപിന്‌ സാമ്പത്തിക സഹായം നൽകിയാണ്‌ യൂണിവേഴ്‌സിറ്റി കോളേജിലെ പൂർവ വിദ്യാർഥികൾ ആശ്വാസം പകർന്നത്‌.


 

എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മഹാപ്രതിരോധത്തിന്‌ എത്തിയതായിരുന്നു പൂർവവിദ്യാർഥികൾ. ഈ സമയത്താണ്‌ ദിലീപിനെ യൂത്തുകോൺഗ്രസുകാർ പണം നൽകാതെ പറ്റിച്ചത്‌ അറിയുന്നത്‌. ഉടൻ തന്നെ കുന്നുകുഴിവാർഡ്‌ കൗൺസിലർ കൂടിയായ ഐ പി ബിനുവിന്റെ നേതൃത്വത്തിൽ ദിലീപിനെ സഹായിക്കാൻ തുക സ്വരൂപിച്ചു. കടയിൽ എത്തി തുക കൈമാറി.

 


പ്രധാന വാർത്തകൾ
 Top