08 August Saturday

ഉമ്മൻചാണ്ടിയും കൈവിട്ടു; ജോസഫ്‌ പൊട്ടിത്തെറിച്ചു

ഡി ദിലീപ‌്Updated: Thursday Jul 25, 2019


കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ വിഷയത്തിൽ  പി ജെ ജോസഫ്‌ യുഡിഎഫിൽ ഒറ്റപ്പെട്ടു.  ഉമ്മൻചാണ്ടിയും ജോസ്‌ കെ മാണിക്കൊപ്പം ചേർന്നതോടെ  ജോസഫ്‌ പൊട്ടിത്തെറിച്ചു. തുടർന്ന്‌ യുഡിഎഫ്‌ ആഹ്വാനം ചെയ്‌ത സെക്രട്ടറിയറ്റ്‌ ഉപരോധത്തിൽ പങ്കെടുക്കാതെ കോട്ടയത്തേക്ക്‌ മടങ്ങി. യുഡിഎഫ്‌ തിരുമാനത്തിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്‌തു.

യുഡിഎഫ്‌ വിടുമെന്ന   ജോസ്‌ കെ മാണിയുടെ ഭീഷണിക്കു മുന്നിൽ വഴങ്ങിയ യുഡിഎഫ്‌ നേതൃത്വം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം ജോസ്‌ കെ മാണി വിഭാഗത്തിന്‌ നൽകിയപ്പോൾ ജോസഫിന്റെ നിലനിൽപ്പ്‌ തന്നെയാണ്‌ ചോദ്യം ചെയ്യപ്പെട്ടത്‌.  ഇന്നലെ വരെ കൂടെ നിന്ന ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ജോസ്‌ ജെ മാണിക്കുവേണ്ടി വാദിച്ചപ്പോൾ, പ്രതിഷേധം അറിയിച്ചു പിൻവാങ്ങുകയല്ലാതെ  ജോസഫിന്‌ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.  ജോസ്‌ പക്ഷത്തുനിന്ന രണ്ടു ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളെ തങ്ങളുടെ പക്ഷത്തേക്ക്‌ കൊണ്ടുവരാനായത്‌ ജോസഫിന്‌ നേട്ടമായി.

ജില്ലാ പഞ്ചായത്തിൽ രണ്ടര വർഷം കോൺഗ്രസിനും രണ്ടര വർഷം കേരജോസ്‌ വിഭാഗം ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം നൽകിയ വിപ്പ്‌ അനുസരിച്ചാണ്‌ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കലിന്‌ വോട്ട്‌ ചെയ്‌തത്‌. ഭാവി കോടതി വ്യവഹാരങ്ങളിൽ ജോസ്‌ കെ മാണി ഇത്‌ തെളിവായി ഹാജരാക്കുകയും ചെയ്യും. അജിത്‌ മുതിരമലയ്‌ക്ക്‌ വോട്ടു ചെയ്യണമെന്നാണ്‌ ജോസഫ്‌ വിപ്പ്‌ നൽകിയിരുന്നത്‌. യുഡിഎഫ്‌ തീരുമാനം മാറ്റിയപ്പോൾ അതിനനുസരിച്ച്‌ ജോസഫ്‌ വിപ്പ്‌ മാറ്റി നൽകിയുമില്ല. അതിനിടെ, ജോസ‌് കെ മാണിയെ കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുത്തത‌് ചോദ്യം ചെയ‌്ത‌് ജോസഫ‌് പക്ഷം നൽകിയ കേസിൽ  ഇടുക്കി മുൻസിഫ‌് കോടതി ആഗസ‌്ത‌് മൂന്നിന‌് വിധി പറയും.

യുഡിഎഫ്‌ നീതികേട്‌ കാട്ടി: പി ജെ ജോസഫ്‌
സ്വന്തം ലേഖകൻ
കോട്ടയം
യുഡിഎഫ്‌ നേതൃത്വത്തിനെതിരെ കേരള കോൺഗ്രസ്‌  ചെയർമാൻ പി ജെ ജോസഫ്‌.   കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം ജോസ്‌ കെ മാണി വിഭാഗത്തിന്‌ നൽകിയ യുഡിഎഫ്‌, കേരള കോൺഗ്രസിനോട്‌ നീതികേടാണ്‌ കാട്ടിയത്‌.  യുഡിഎഫിന്റേത്‌ തെറ്റായ തീരുമാനമാണെന്നും ജോസഫ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം ആദ്യ എട്ടുമാസം ജോസ്‌ കെ മാണി വിഭാഗത്തിന്‌ നൽകാൻ ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ്‌ ചെന്നിത്തലയും ചേർന്നെടുത്ത തീരുമാനത്തോട്‌ പ്രതികരിക്കുകയായിരുന്നു  ജോസഫ്‌. 

‘‘പ്രസിഡന്റ്‌ സ്ഥാനം ഞങ്ങൾക്ക്‌ അവകാശപ്പെട്ടതാണ്‌. ഇത്‌ നിഷേധിച്ചത്‌ നീതികേടാണ്‌. പാലായിലടക്കം ഇതിന്‌ അടിയൊഴുക്കുകളുണ്ടാകും. അർഹിച്ച സ്ഥാനം നിഷേധിച്ചത്‌ ഭീഷണിക്ക്‌ വഴങ്ങിയാണെന്നാണ്‌ അറിയുന്നത്‌. മാണിയുടെ കാലത്തെ ധാരണ ജോസ്‌ ലംഘിച്ചു. ആറുമാസം പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ച്‌ തീരുമാനിച്ചിട്ടില്ല. രണ്ടു ദിവസത്തിനകം കോട്ടയത്ത്‌ ശക്തി തെളിയിക്കും’’ പി ജെ ജോസഫ്‌ പറഞ്ഞു.
 

തമ്മിലടി തുടരും
ബുധനാഴ്‌ച വൈകിട്ട്‌ മുതൽ വ്യാഴാഴ്‌ച പുലർച്ചെ വരെ നീണ്ട  ചർച്ചകൾക്ക്‌ ഒടുവിലാണ്‌ പ്രസിഡന്റുസ്ഥാനം കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും  വീതംവച്ച്‌ പ്രതിസന്ധി പരിഹരിക്കാൻ ധാരണയായത്‌. ആദ്യ ടേം ഇരുവിഭാഗവും അവകാശപ്പെട്ടത്‌ പിന്നെയും പ്രതിസന്ധി സൃഷ്‌ടിച്ചു. ഒടുവിൽ ആദ്യഘട്ടം ജോസ്‌ കെ മാണിക്ക്‌ എന്ന്‌ തീരുമാനിച്ചു. അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.  എൽഡിഎഫിലെ കെ രാജേഷിനെ ഏഴിനെതിരെ 14 വോട്ടുകൾക്കാണ്‌ അദ്ദേഹം പരാജയപ്പെടുത്തിയത്‌. ജനപക്ഷം അംഗം വിട്ടുനിന്നു.

ജോസ്‌ കെ മാണിയുടെ കൂടെയുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ അജിത്‌ തിരുമലയെയും മേരി സെബാസ്‌റ്റ്യനെയും അടർത്തിയെടുക്കാൻ കഴിഞ്ഞത്‌ പി ജെ ജോസഫിന്റെ വിജയമായി. ഇനി ജില്ലാ പഞ്ചായത്തിലെ തന്നെ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരെ മാറ്റാനും ധാരണയുണ്ട്‌. ഈ വീതം വയ്‌പ്പിലും  തർക്കം ഉയർന്നുവരും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top