18 September Wednesday

മുഴുപട്ടിണിയാണ്‌. അരിവാങ്ങാൻ പോലും പൈസയില്ല.; ശമ്പളമില്ലാതെ 6 മാസം; എന്തുചെയ്യും

എ സുൽഫിക്കർUpdated: Friday Jul 26, 2019

ബിഎസ്‌എൻഎൽ സർക്കിൾ ഓഫീസിനു മുന്നിൽ കരാർ തൊഴിലാളികൾ സമരത്തിൽ


രോഗം ബാധിച്ച അമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. അച്ഛനും ആ വഴിയിലേക്കാണ്‌. മാസങ്ങളായി വീട്ടിൽ മുഴുപട്ടിണിയാണ്‌. അരിവാങ്ങാൻ പോലും പൈസയില്ല.  വിതുമ്പിക്കൊണ്ട‌് ബിഎസ‌്എൻഎല്ലിലെ കരാർ തൊഴിലാളിയായ വിദ്യാശങ്കർ  പറഞ്ഞു. ആറ‌് മാസമായി വിദ്യാശങ്കറിന‌് ശമ്പളം ലഭിച്ചിട്ടില്ല. “രോഗിയായ അച്ഛന‌് ഒരുനേരത്തെ മരുന്ന‌് വാങ്ങാൻ പോലും കഴിയുന്നില്ല. മാസം കൈയിൽ കിട്ടുന്നത‌് 11,000 രൂപയാണ്‌. എന്നാലും കടംവാങ്ങിയൊക്കെ ഇത്രയും കാലം ജീവിച്ചു. ഇപ്പോൾ അതും കിട്ടുന്നില്ല.  മകൾ ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ‌്. പൊതുവിദ്യാലയത്തിലായതുകൊണ്ട‌് അവളുടെ പഠനം മുടങ്ങിയിട്ടില്ല–- വിദ്യാശങ്കർ പറഞ്ഞു. 

വിദ്യാശങ്കർ മാത്രമല്ല, പ്ലസ‌്ടൂവിൽ പഠിക്കുന്ന രണ്ട്‌ പെൺകുട്ടികളുടെ അച്ഛനായ ജയചന്ദ്രനും‌‌‌  അച്ഛനും രണ്ട‌് അമ്മാരും മക്കളും ഭർത്താവുമുള്ള ഗീതയുമെല്ലാം ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലാണ‌്. സംസ്ഥാനത്തെ ആറായിരത്തിൽപ്പരം തൊഴിലാളികളാണ്  ശമ്പളമില്ലാതെ പ്രയാസപ്പെടുന്നത്. ഇപിഎഫ്, ഇഎസ്ഐ വിഹിതം കഴിഞ്ഞാൽ 376 രൂപയാണ് ദിവസം ഇവർക്ക‌് ലഭിക്കുന്നത്. എന്നാലും ഈ വരുമാനം ഇവർക്കൊരു ജീവിതമാർഗമായിരുന്നു.

ഒറ്റ ഫോണ്‍ കോളില്‍ പണി പോയി
 37 വർഷം ബിഎസ‌്എൻഎല്ലിന്റെ കരാർ തൊഴിലാളിയായിരുന്ന സി വാസുദേവന്റെ ജീവിതം വഴിമുട്ടിയത് ഒറ്റ ഫോണ്‍ കോളില്‍. ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ നാളെമുതൽ വരണ്ട എന്ന് ഓഫീസില്‍നിന്ന് വിളിച്ച് പറഞ്ഞു.എന്താണ് കാരണമെന്ന് ചോദിക്കും മുമ്പ്‌ ഫോണ്‍ കട്ടായി. പിന്നീടാണ് മനസ്സിലായത് 60 വയസ്സായെന്ന കാരണത്താൽ 93 കരാർ തൊഴിലാളികളെ പിരിച്ചുവിട്ടെന്ന വിവരം അറിഞ്ഞത്‌. അന്ന‌് കുറേ സമരം ചെയ‌്തു. അവര്‍ ചർച്ചയ‌്ക്ക‌് പോലും വന്നില്ല. . 58 വയസ്സായ 63 പേരെയും 56 വയസ്സായ 78 പേരെയും പുറത്താക്കി. 52 വയസ്സ്‌ കഴിഞ്ഞവരുടെ പുതിയ പട്ടിക തയ്യാറാക്കിയെന്നാണ‌് അറിഞ്ഞത‌്. സമരം ചെയ‌്ത പേരിൽ ഇപ്പോൾ ഓഫീസിൽ പോലും ഞങ്ങൾക്ക‌് കയാറാനാകില്ലെന്നും സങ്കടത്തോടെ വാസുദേവൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top