13 August Thursday

നിപായെ അതിജീവിച്ച കുടുംബത്തിന‌് ഒരാഴ‌്ചയ‌്ക്കകം സ്വന്തം വീട്ടിലേക്ക‌് മടങ്ങാം

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019

പറവൂർ
നിപായെ അതിജീവിച്ച യുവാവിനും കുടുംബത്തിനും ഒരാഴ‌്ചയ‌്ക്കകം സ്വന്തം വീട്ടിലേക്ക് മടങ്ങാം. താമസയോഗ്യമല്ലാത്ത വീടിന്റെ അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്യാൻ ലൈറ്റ് ആൻഡ‌് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ പറവൂർ മേഖലാ കമ്മിറ്റി തീരുമാനിച്ചതിനെ തുടർന്നാണ‌് യുവാവിനും കുടുംബത്തിനും പറവൂർ തുരുത്തിപ്പുറത്തെ സ്വന്തം വീട്ടിലേക്ക‌് മടങ്ങാൻ വഴിതെളിഞ്ഞത‌്. രണ്ട‌ുലക്ഷം രൂപ ചെലവുവരുന്ന അറ്റകുറ്റപ്പണികൾ അസോസിയേഷൻ വ്യാഴാഴ‌്ചതന്നെ തുടങ്ങും. ഇതോടൊപ്പം വടക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വീടും പരിസരവും കാടും പടലും നീക്കി ശുചീകരിക്കും.

 

നിപാ ബാധിച്ച‌് 55 ദിവസത്തെ ചികിത്സ കഴിഞ്ഞ‌് ചൊവ്വാഴ‌്ച ആശുപത്രി വിട്ട യുവാവും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം ചെറായിയിലെ ബന്ധുവീട്ടിലാണ‌് ഇപ്പോഴുള്ളത‌്. തുരുത്തിപ്പുറത്തെ വീട‌് താമസയോഗ്യമല്ലാത്തതിനാലാണ‌് ഇവർ സ്വന്തം വീട്ടിലേക്ക‌് വരാതെ ബന്ധുവീട്ടിലേക്ക‌് പോയത‌്. പറവൂരിൽ വീട‌് വാടകയ‌്ക്കെടുക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. നിപാ രോഗഭയമുള്ളതിനാൽ പലരും വീട‌് നൽകാൻ തയ്യാറായില്ലെന്ന‌് യുവാവിന്റെ അമ്മ കഴിഞ്ഞദിവസം ‘ദേശാഭിമാനി’യോട‌് പറഞ്ഞിരുന്നു. അനാരോഗ്യകരമായ വീടിന്റെ പരിസരത്തുനിന്നാകാം യുവാവിന‌് രോഗബാധയുണ്ടായതെന്നും ഇവർ സംശയിക്കുന്നു. മരുന്നും തുടർചികിത്സയും മറ്റ‌് ആരോഗ്യനിർദേശങ്ങളും പാലിക്കേണ്ടതിനാലാണ‌് ആ ചുറ്റുപാടിലേക്ക‌് മടങ്ങേണ്ടെന്ന‌് യുവാവിന്റെ അമ്മ തീരുമാനിച്ചത‌്. എന്നാൽ, മറ്റൊരിടത്തേക്ക‌് താമസം മാറ്റേണ്ടിവന്നാൽ കുട്ടികളുടെ പഠനവും തനിക്ക‌് ജോലിക്ക‌് പോകാനുള്ള സൗകര്യവും ഇല്ലാതാകുമെന്നും അവർ ആശങ്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പഞ്ചായത്തിന്റെയും ലൈറ്റ‌് ആൻഡ‌് സൗണ്ട‌് വെൽഫെയർ അസോസിയേഷന്റെയും ഇടപെടൽ ഈ കുടുംബത്തിന‌് ആശ്വാസമാകുകയാണ‌്. 

വീടിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ‘ദേശാഭിമാനി’ ബുധനാഴ‌്ച പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട അസോസിയേഷൻ ഭാരവാഹികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെടുകയായിരുന്നു. പത്തുദിവസത്തിനകം അറ്റകുറ്റപ്പണി നടത്തി വീട‌് താമസയോഗ്യമാക്കാനാകുമെന്ന‌് ലൈറ്റ് ആൻഡ‌് സൗണ്ട് വെൽഫെയർ അസോസിയേഷന്റെ മേഖലാ പ്രസിഡന്റ‌് സുരേഷ് ബാബു, സെക്രട്ടറി പി സി ജയൻ, ട്രഷറർ പി കെ നസീർ എന്നിവർ പറഞ്ഞു.

യുവാവിന‌് നിപാ ബാധിച്ചശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും പരിസരവാസികളും ചേർന്ന് വീടിന്റെ പരിസരം ശുചീകരിച്ചിരുന്നു. വീട‌് പൂട്ടിയിട്ടിരുന്നതിനാൽ അകത്ത‌് ശുചീകരണം നടത്താനായിരുന്നില്ല.

സർക്കാർ രണ്ടരലക്ഷം രൂപ നൽകും
പറവൂർ
നിപാ വൈറസ് ബാധിച്ച യുവാവിന്റെ വീട‌് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കാൻ രണ്ടരലക്ഷം രൂപ സർക്കാർ ധനസഹായം നൽകാൻ തീരുമാനം. വീടിന്റെ ശോച്യാവസ്ഥയെക്കുറിച്ച‌് ‘ദേശാഭിമാനി’ ബുധനാഴ‌്ച നൽകിയ വാർത്ത കണ്ട കലക‌്ടർ എസ‌് സുഹാസ‌് ധനസഹായം നൽകാൻ തഹസിൽദാർക്ക‌് നിർദേശം നൽകുകയായിരുന്നു.

പ്രളയബാധിതർക്കുള്ള റീബിൽഡ് കേരള പദ്ധതിപ്രകാരം വീട‌് പൊ‌ളിച്ചുനീക്കി പുനർനിർമിക്കാൻ മുമ്പ‌് നാലുലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, വീടിന്റെ അവകാശപ്രശ്നം കാരണം പണം കൈപ്പറ്റാനായില്ല. വീട‌് പൂർണമായി പൊളിക്കാതെ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കാനായിരുന്നു താൽപ്പര്യം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് 75 ശതമാനത്തിൽ താഴെ നാശം സംഭവിച്ച വീടുകളുടെ സ്ലാബിൽപ്പെടുത്തി അറ്റകുറ്റപ്പണിക്ക‌് രണ്ടരലക്ഷം രൂപ അനുവദിക്കാനാണ് ജില്ലാ ഭരണകേന്ദ്രം ഉദ്ദേശിക്കുന്നത്. പണം നൽകാനുള്ള റിപ്പോർട്ട് താലൂക്ക് ഓഫീസിൽനിന്ന് വ്യാഴാഴ‌്ച കലക്ടർക്ക‌് കൈമാറുമെന്ന‌് തഹസിൽദാർ എം എച്ച് ഹരീഷ് പറഞ്ഞു.

യുവാവിനെ സന്ദർശിച്ചു
പറവൂർ
നിപാ രോഗവിമുക്തനായി ചെറായിയിലെ ബന്ധുവീട്ടിൽ കഴിയുന്ന യുവാവിനെ വടക്കേക്കtര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ‌് കെ എം അംബ്രോസ് സന്ദർശിച്ചു. ലൈറ്റ് ആൻഡ‌് സൗണ്ട് വെൽഫെയർ അസോസിയേഷൻ മേഖലാ കമ്മിറ്റി യുവാവിന്റെ തുരുത്തിപ്പുറത്തെ വീട് അറ്റകുറ്റപ്പണി ചെയ്യാൻ തീരുമാനിച്ച വിവരം ബന്ധുക്കളെ അറിയിച്ചു. വൈസ് പ്രസിഡന്റ‌് കെ യു ജിഷ, പറവൂർ വടക്കേക്കര സഹകരണ ബാങ്ക് പ്രസിഡന്റ‌് എ ബി മനോജ്, പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി സനൽകുമാർ, കെ എസ് ജനാർദനൻ എന്നിവരും പ്രസിഡന്റിനൊപ്പമുണ്ടായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top