14 August Friday

പൊതുമേഖലയിൽ രാജ്യത്തെ ആദ്യ ഡിഫൻസ്‌ പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങി; 130.94 കോടി മുതൽമുടക്ക്

സ്വന്തം ലേഖകൻUpdated: Friday Jun 26, 2020

ഒറ്റപ്പാലം > പൊതുമേഖലയിലെ രാജ്യത്തെ ആദ്യ ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങിയതായി വ്യവസായ മന്ത്രി ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സഹായത്തോടെ 60 ഏക്കറിലാണ് കിൻഫ്രയുടെ നേതൃത്വത്തിൽ പാർക്ക് തയ്യാറാക്കിയത്. 130.94 കോടിയാണ് മുതൽമുടക്ക്. കോവിഡ് മൂലമാണ് ഉദ്ഘാടനം മാറ്റിയതെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന വിവിധ യൂണിറ്റുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഡിഫൻസ് പാർക്കിന് സാധിക്കും. ചെറിയ ആയുധങ്ങളും തോക്കുകളും ഉൽപ്പാദിപ്പിക്കും. ഒറ്റ എൻജിൻ വിമാനങ്ങളുടെ പ്രധാന ഭാഗങ്ങൾ നിർമിക്കാനുള്ള നിർദേശം ലഭിച്ചിട്ടുണ്ട്.

പാലക്കാട് മെഗാ ഫുഡ് പാർക്ക് നിർമാണവും പൂർത്തിയായി. 30 സംരംഭങ്ങൾക്കായി 40 ഏക്കറാണ് അനുവദിച്ചത്. ഒരു യൂണിറ്റ് പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദനം തുടങ്ങി.അഞ്ച് ഏക്കറിൽ റൈസ് ടെക്‌നോളജി പാർക്കിന്റെ നിർമാണത്തിന് ടെൻഡർ നടപടി തുടങ്ങി. കൊച്ചി അമ്പലമുകളിൽ 1200 കോടി മുതൽമുടക്കിൽ കിൻഫ്ര സ്ഥാപിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്റെ രൂപരേഖ തയ്യാറായി. ഫാക്ടിൽനിന്ന് 479 ഏക്കർ ഭൂമി വാങ്ങി. ഇവിടെ 100 ഏക്കറിൽ ഫാർമ പാർക്ക് സ്ഥാപിക്കാൻ സാധ്യതാപഠനം നടക്കുകയാണ്. 

കോയമ്പത്തൂർ–--കൊച്ചി വ്യവസായ ഇടനാഴി നടപ്പാക്കുന്നതിന്റെ ചുമതല കിൻഫ്രയ്ക്കാണ്. പാലക്കാട് 1878 ഏക്കറും എറണാകുളത്ത് 500 ഏക്കറും ഏറ്റെടുക്കും. ലക്ഷം പേർക്ക് തൊഴിലും 10,000 കോടിയുടെ നിക്ഷേപവും ഇതിലൂടെ സാധ്യമാകും. മട്ടന്നൂരിൽ 127 ഏക്കർ വ്യവസായ പാർക്കിന്റെ രണ്ടാംഘട്ടം പൂർത്തിയായി. 137 കോടിയുടെ അന്താരാഷ്ട്ര കൺവൻഷൻ സെന്ററിന് ഭരണാനുമതിയായി. കണ്ണൂർ വിമാനത്താവള പരിസരത്ത്‌ 4896 ഏക്കർ ഭൂമി ഏറ്റെടുക്കും.

തൊടുപുഴ മുട്ടത്ത് 15 ഏക്കറിൽ സ്‌പൈസസ് പാർക്കിന്റെ ആദ്യഘട്ടം ഉടൻ ആരംഭിക്കും. പിണറായിയിലെ ജൈവവൈവിധ്യ പാർക്കിന് ഭരണാനുമതിയായി. ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി. കൊല്ലം മുണ്ടയ്ക്കലിൽ ആറ് ഏക്കറിൽ വ്യവസായ പാർക്ക് നിർമാണം ഈമാസം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ, കിൻഫ്ര എംഡി സന്തോഷ് കോശി എന്നിവർ  പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top