07 August Friday

വിമാനത്താവളത്തിൽ എല്ലാവരെയും പരിശോധിക്കും ; ആന്റിബോഡി പരിശോധന നടത്താൻ ‌ മാർഗനിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020

സ്വന്തം ലേഖിക
വിമാനത്താവളങ്ങളിൽ പ്രവാസികൾക്ക്‌ ആന്റിബോഡി പരിശോധന നടത്താൻ  ‌ മാർഗനിർദേശം പുറത്തിറക്കി. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പത്തുവയസ്സിൽ താഴെയുള്ളവർ, ഭിന്നശേഷിക്കാർ, വയോധികർ, ഗുരുതരരോഗങ്ങളുള്ളവർ, എന്നിവർക്കൊപ്പം വരുന്ന കുടുംബാംഗങ്ങൾക്ക്‌  മുൻഗണന നൽകും. പോസിറ്റീവാകുന്ന മുൻഗണനാ വിഭാഗത്തിലുള്ളവരുടെ സ്രവം ജീൻ എക്സ്‌പെർട്ട്‌, ട്രൂ നാറ്റ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കും. വേഗത്തിൽ ഫലം ലഭ്യമാക്കാനാണിത്‌. ആന്റിബോഡി പരിശോധനാ ഫലം നെഗറ്റീവാകുന്ന എല്ലാവരെയും 14 ദിവസം കർശന നിരീക്ഷണത്തിനായി വീട്ടിലയക്കും.  വിമാനത്താവളത്തിൽ ആന്റി ബോഡി ടെസ്റ്റ് നടത്തുന്നത്‌ അധിക സുരക്ഷാ നടപടിയാണ്.  ആന്റിബോഡികൾ കാണാതെ ഫലം നെഗറ്റീവ് ആകുന്നവർക്ക്‌ രോഗമില്ലെന്ന് തീർത്ത്‌ പറയാനാകില്ല.   അതിനാൽ, ഇവർ തെറ്റായ സുരക്ഷാബോധത്തിൽ ഇരിക്കരുത്‌‌. സമ്പർക്ക വിലക്കിൽ കഴിയണം.

രോഗലക്ഷണമുള്ളവരെ പരിശോധനാ ഫലം നെഗറ്റീവായാലും കോവിഡ്‌ ആശുപത്രിയിലോ ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിലോ പ്രവേശിപ്പിക്കും.ആന്റിബോഡി സാന്നിധ്യം കണ്ടെത്തുന്ന മുൻഗണനാ വിഭാഗത്തിൽ പെടാത്തവരുടെ സ്രവം ആർടിപിസിആർ പരിശോധനയ്‌ക്ക്‌ അയക്കും. ആർടിപിസിആർ പരിശോധന നെഗറ്റീവ്‌ ആകുന്നവരെ വീട്ടിലയക്കും. രോഗം സ്ഥിരീകരിക്കുന്നവരെ കോവിഡ്‌ ആശുപത്രിയിലേക്കും ലക്ഷണം ഇല്ലാത്ത രോഗികളെ ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിലേക്കും മാറ്റും.

ലാബുകൾ 24 മണിക്കൂറും പ്രവർത്തിക്കും. പ്രവാസികളുടെ സാമ്പിൾ പരിശോധനയ്‌ക്ക്‌ മുൻഗണന നൽകണമെന്ന്‌ ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ ലാബുകൾക്ക്‌ നിർദേശം നൽകി.

വിപുലമായ സജ്ജീകരണം
വിദേശത്തുനിന്ന് വരുന്നവർക്ക്‌ പരിശോധന, വാഹനം ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ വിമാനത്താവളത്തിലും വിപുലമായ സജ്ജീകരണം ഒരുക്കി. പരിശോധനയ്‌ക്കുള്ള ആന്റിബോഡി കിറ്റ് എത്തിച്ചു.

വ്യാഴാഴ്‌ച ഉച്ചവരെ  98,202പേർ കേരളത്തിൽ മടങ്ങിയെത്തി. ജൂൺ 25 മുതൽ 30 വരെ 111 ചാർട്ടേർഡ് വിമാനങ്ങളും 43 വന്ദേഭാരത് വിമാനങ്ങളും വിദേശ മന്ത്രാലയം ചാർട്ട് ചെയ്‌തു‌.  വെള്ളിയാഴ്‌ച മുതൽ ദിവസം 40–-50 വിമാനം പ്രതീക്ഷിക്കുന്നു. വിദേശങ്ങളിൽ നിന്ന് എത്തുന്നവർ വിമാനത്താവളങ്ങളിൽ നിന്ന് നേരെ വീട്ടിലേക്ക്‌ പോകണം.വിമാനത്താവളങ്ങളിൽ ഭക്ഷണത്തിന്‌ അമിതവില ഈടാക്കരുത് എന്ന് നിർദേശിച്ചു. സിയാൽ എയർപോർട്ടിൽ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണകേന്ദ്രമുണ്ട്‌.വിമാനത്താവളങ്ങളിൽ സന്നദ്ധ സംഘടനകളുടെ പേരിൽ സ്വീകരിക്കാൻ പോകരുത്‌. വാഹനം തടഞ്ഞുനിർത്തി വഴിയിൽ സ്വീകരണം നൽകരുത്‌. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തിയാൽ മൃതദേഹം വിട്ടുകൊടുക്കാൻ കാലതാമസമുണ്ടാകില്ല


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top