06 June Saturday
ഇന്ന‌് അടിയന്തരാവസ്ഥാവിരുദ്ധ ദിനം

കോൺഗ്രസുകാർ ‘തല്ലിക്കൊന്നു’; തലകുനിക്കാതെ ഇന്നും ദാമോദരൻ

പി സുരേശൻUpdated: Wednesday Jun 26, 2019

മയ്യിൽ> ‘‘അന്നേ ഒടുങ്ങേണ്ടതായിരുന്നു, ആയുസ്സിന്റെ ബലത്തിൽ ഇപ്പോഴും  ജീവിക്കുന്നു ’’  –-അടിയന്തരാവസ്ഥയുടെ കൊടും ക്രൂരതയിൽ മരണത്തെ മുഖാമുഖം കണ്ട‌് ജീവിതത്തിലേക്ക‌് തിരിച്ചെത്തിയ ചാലങ്ങോട്ട‌്  ദാമോദരന്റെ വാക്കുകൾ.  അതിക്രൂരമായി മർദിച്ച‌്, മരിച്ചെന്നുകരുതി  മയ്യിൽ ചെക്യാട്ട‌ുകാവ‌് ധർമശാസ‌്താ ക്ഷേത്രപ്പറമ്പിലെ കുഴിയിൽ തള്ളി കല്ലും കാരമുള്ളും ചപ്പുമിട്ട‌്  മടങ്ങിയതായിരുന്നു  കോൺഗ്രസുകാർ. ശവമടക്കിപ്പോയവരുടെ മുന്നിൽ ഇന്നും ജീവിച്ചിരിക്കുന്നു എൺപതിലേക്ക‌് കാലൂന്നിയ ആ പോരാളി. കോൺഗ്രസ‌് അക്രമ രാരഷ്ടീയവും  അടിന്തരാവസ്ഥയിലെ നരവേട്ടയും ഓർമപ്പെടുത്തുന്നതാണ‌് ദാമോദരന്റെ ജീവിതം.

1976 സെപ‌്തംബർ 27ന‌ാണ‌് ദാമോദരന്റെ ജീവനെടുക്കാൻ കോൺഗ്രസുകാർ കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്നത‌്. കണ്ടക്കൈ എസ‌്ജെഎം വായനശാല കോൺഗ്രസുകാർ കൈയേറിയതുമായി ബന്ധപ്പെട്ട കേസിന‌് കണ്ണൂർ കോടതിയിലേക്ക‌്  പുറപ്പെട്ടതായിരുന്നു. രാവിലെ ഏഴോടെ ചെക്യാട്ടുകാവ‌് ക്ഷേത്രപരിസരത്തെത്തിയപ്പോൾ  കോൺഗ്രസ‌് അക്രമിസംഘം  ചാടിവീണു. ഓടാൻ ശ്രമിച്ചപ്പോൾ കുറുകെ കയറിട്ട‌് വീഴ‌്ത്തി. എന്നിട്ടും എഴുന്നേറ്റ‌് ഓടി. പിറകെ ഗുണ്ടാസംഘവും.  ഇരുമ്പു വടിയും കുറുവടിയുംകൊണ്ട‌് ദേഹമാസകലം തല്ലിച്ചതച്ചു. കാരമുള്ളിന്റെ വടികൊണ്ടുള്ള അടിയിൽ രക്തം ചീറ്റി. ജീവച്ഛവമാക്കി ക്ഷേത്രവളപ്പിലെ കുഴിയിലിട്ട‌് കല്ലും കാരമുള്ളും ചപ്പുംവച്ച‌ാണ‌്  കോൺഗ്രസ‌് സംഘം മടങ്ങിയത‌്. അതുവഴി പണിക്കുപോവുകയായിരുന്ന സ‌്ത്രീകൾ വഴിയരികിൽ  ചോര ചിതറിക്കിടക്കുന്നതുകണ്ട‌് നോക്കിയപ്പോഴാണ‌് കുഴിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ദാമോദരനെ കണ്ടത‌്. മരിച്ചുവെന്നാണ‌് കരുതിയത‌്. 

വിവരമറിഞ്ഞെത്തിയ സിപിഐ എം നേതാക്കളും പ്രവർത്തകരുമാണ‌് ഞരക്കമുണ്ടെന്ന‌് മനസ്സിലാക്കി ഉടൻ കണ്ണൂരിലെ  ആശുപത്രിയിലെത്തിച്ചത‌്. രണ്ടു ദിവസം കഴിഞ്ഞ‌ാണ‌് ബോധം വീണ്ടുകിട്ടിയത‌്.  അപ്പോൾ മുന്നിൽ കണ്ടത‌് എ കെ ജിയെയായിരുന്നു. ഇപ്പോൾ ഒന്നും സംസാരിക്കേണ്ടെന്ന‌്  എ കെ ജി ആംഗ്യം കാണിച്ചു.

ജില്ലാ ആശുപത്രിയിൽ അധികദിവസം കിടത്താൻ പൊലീസ‌് അനുവദിച്ചില്ല.  നിർബന്ധിപ്പിച്ച‌് ഡിസ‌്ചാർജ‌്ചെയ്യിച്ചു. പിന്നീട‌് പുതിയതെരുവിനടുത്ത സ്വകാര്യ ആശുപത്രിയിലാക്കി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും വിവിധ ആയുർവേദ ആശുപത്രികളിലും ചികിത്സ നടത്തിയെങ്കിലും തല്ലിച്ചതച്ചതിന്റെ വേദന 43 വർഷത്തിനുശേഷവും  മാറിയിട്ടില്ലെന്ന‌്  ദാമോദരൻ പറഞ്ഞു.  ഇപ്പോൾ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻപോലും പരസഹായം വേണം.

ദാമോദരന്റെ ഭാര്യയാണെന്നതുകൊണ്ട‌്   ടി സരോജിന‌ി ഏറ്റുവാങ്ങേണ്ടിവന്ന പീഡനത്തിനും കൈയും കണക്കുമില്ല. ദാമോദരനെ ആക്രമിച്ച ദിവസം സരോജിനിയെ തെരഞ്ഞ‌് ഇരിക്കൂർ എസ‌്ഐയും സംഘവും വീട്ടിലെത്തി. വീടിനകത്തും മുറ്റത്തുമിട്ട‌് ചവിട്ടി. പിന്നീടുള്ള ദിവസവും അക്രമം തുടർന്നു. പണിക്കുപോകാനും അനുവദിച്ചില്ല.  സിആർപിഎഫിന്റെയും പൊലീസിന്റെയും ഒത്താശയോടെ  കണ്ടക്കൈ പ്രദേശം  കോൺഗ്രസ‌് ഗുണ്ടാസംഘമാണ‌് ഭരിച്ചത‌്. സിപിഐ എം അംഗങ്ങളുടെയും അനുഭാവികളുടെയും കൃഷി മുഴുവൻ നശിപ്പിച്ചു.

പൊറുതിമുട്ടി യുവാക്കളെല്ലാം നാടുവിട്ടു. പതിനഞ്ചോളംപേരെ നിരവധി കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചു. എന്നിട്ടും ചാലങ്ങോട്ടുകാവ‌് കേന്ദ്രീകരിച്ച‌് ചെറുത്തുനിൽപ്പ‌് സംഘടിപ്പിക്കാൻ സിപിഐ എം  പ്രവർത്തകർ ഉശിരുകാട്ടി. കയരളം വില്ലേജിൽ അറുപതോളം സിപിഐ എം പ്രവർത്തകർ ഭീകരമായ ആക്രമണത്തിനും മർദനത്തിനും ഇരയായി. സിആർപിഎഫിന്റെ സഹായത്തോടെ എസ‌്ജെഎം വായനശാല പിടിച്ചെടുത്തു.  ഈ വായനശാലയും വേളം പൊതുജന വായനശാല, കയരളം യുവജന ഗ്രന്ഥാലയം, രൈരു നമ്പ്യാർ സ‌്മാരക കലാകേന്ദ്രം എന്നിവയും കോൺഗ്രസ‌ുകാർ തകർത്തു. പുസ‌്തകങ്ങൾ കത്തിച്ചു.

 എസ‌്ജെഎം വായനശാല സന്ദർശിക്കാൻ ഇ എം എസ‌് എത്തിയപ്പോൾ   കോൺഗ്രസുകാർ ചെരുപ്പുമാല തോരണം കെട്ടി അപമാനിച്ചു. ഐ വി ദാസ‌്, പി ജി പുരുഷോത്തമൻപിള്ള,  പി എൻ പണിക്കർ, തായാട്ട‌് ശങ്കരൻ  എന്നിവർ വായനശാലയിലെത്തിയപ്പോൾ വാഹനം മറിച്ചിടുകയും ആക്രമിക്കുകയും ചെയ‌്തു. സാംസ‌്കാരിക മേഖലയിലടക്കം അടിയന്തരാവസ്ഥ  കടന്നുകയറിയതിനാണ‌് കണ്ടക്കൈ മേഖല സാക്ഷ്യം വഹിച്ചത‌്.

ഇത‌് രാജ്യത്താകമാനം നടമാടിയ കൊടിയ ക്രൂരതകളുടെ ഒരു ഉദാഹരണം മാത്രം. ജനാധിപത്യം കശാപ്പുചെയ്യപ്പെടുകയും  ഫാസിസ‌്റ്റുവാഴ‌്ച  അരങ്ങേറുകയും ചെയ‌്ത  ആ കറുത്ത നാളുകൾ  എക്കാലവും നടുക്കമുണ്ടാക്കുന്ന ഓർമയാണ‌്.

എത്രയോ പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടു. ജനാധിപത്യവാദികൾ ജയിലിലടയ‌്ക്കപ്പെട്ടു. ജനനേതാക്കൾ കടുത്ത മർദനത്തിന‌് ഇരയായി.  1977ൽ നടന്ന‌ തെരഞ്ഞെടുപ്പിൽ, അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ച കോൺഗ്രസ‌് സർക്കാരിനെ  അറബിക്കടലിലെറിഞ്ഞ‌്  ഇന്ത്യൻ ജനത വിധിയെഴുതിയതും ചരിത്രം.


പ്രധാന വാർത്തകൾ
 Top