18 July Thursday

ആദ്യകാല സാരഥികൾക്ക്‌ കേരള സോഷ്യൽ സെന്ററിന്റെ യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

അബുദാബി>  ദീർഘകാലത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടുകൊണ്ട് നാട്ടിലേയ്ക്ക് പോകുന്ന പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ പള്ളിക്കൽ ഷുജാഹിക്കും പ്രശസ്ത ഗായകൻ പി. എം. ജോഷിക്കും അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

കേരള സോഷ്യൽ സെന്ററിന്റെ ആദ്യ രൂപമായ കേരള ആർട്സ് സെന്ററിന്റെ പ്രവർത്തനകാലം മുതൽ സെന്ററിന്റെ സജീവ പ്രവർത്തകനും സെന്റർ വർഷം തോറും സംഘടിപ്പിച്ചുവരുന്ന ജിമ്മി ജോർജ്ജ് സ്മാരക രാജ്യാന്തര വോളിബോൾ ടൂർണമെന്റിന്റെ നേതൃത്വപരമായ പങ്കു വഹിക്കുകയും ചെയ്തിരുന്ന പള്ളിക്കൽ ഷുജാഹി 43 വർഷം നീണ്ട ഔദ്യോഗിക പൊതുജീവിതത്തിനൊടുവിലാണ് അബുദാബിയോട് വിട പറയുന്നത്.

അബുദാബിയുടെ സംഗീത വേദികളിൽ നിറ സാന്നിധ്യമായ പി. എം. ജോഷി സംഗീത ലോകത്ത് സജീവമായി തുടങ്ങിയത് കേരള സോഷ്യൽ സെന്ററിന്റെ വേദിയിലൂടെയായിരുന്നു. പിന്നീട് അബുദാബിയിലെ സംഗീത വേദികളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സാന്നിധ്യമായി മാറുകയായിരുന്നു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ സെന്റർ വനിതാ വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ, സഫറുള്ള പാലപ്പെട്ടി, നാസർ വിളഭാഗം, കെ. വി. ബഷീർ, പ്രകാശ് പല്ലിക്കാട്ടിൽ, രാജീദ് പട്ടോളി, സലിം പെരുമാതുറ, ബിജു, ജാഫർ, പി.എൻ. ദാമോദരൻ എന്നിവർ സംസാരിച്ചു.സെന്റർ ജോ. സെക്രട്ടറിമാരായ നിർമൽ തോമസ് സ്വാഗതവും ശശികുമാർ നന്ദിയും പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top