കൊച്ചി
കുടുംബപ്രശ്നം പറഞ്ഞുതീർക്കാനെന്ന വ്യാജേന ഭർതൃമതിയായ യുവതിയെ പള്ളി ഓഫീസിലേക്ക് വിളിച്ചുവരുത്തി ബലാൽസംഗം ചെയ്തെന്ന കേസിൽ വൈദികന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഓർത്തഡോക്സ് വികാരി ഫാ. ബിനു ജോർജിനാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. ഫാ. ബിനു ജോർജ് മാവേലിക്കര ഭദ്രാസനത്തിലെ ഇടവകയിൽ വികാരിയായിരിക്കേ 2014ൽ ആയിരുന്നു സംഭവം. 2018 ജൂലൈ ഒമ്പതിനാണ് യുവതി പരാതി നൽകുന്നത്. ഭർതൃമാതാവുമായുള്ള പ്രശ്നം പൊലീസ് കേസായതോടെ ഒത്തുതീർപ്പാക്കാനെന്ന പേരിൽ വിളിച്ചുവരുത്തി ബലാൽസംഗം ചെയ്തെന്നാണ് കേസ്.
സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നിരിക്കെ, കേസുമായി ബന്ധപ്പെട്ട് ഹർജിക്കാരനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ജൂലൈ ഒന്നിനോ അതിന് മുമ്പോ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നാണ് ഉത്തരവ്. ചോദ്യം ചെയ്യൽ പൂർത്തിയായില്ലെങ്കിൽ പിറ്റേന്നോ സൗകര്യപ്രദമായ ദിവസമോ തുടരാം. അറസ്റ്റ് ചെയ്താൽ സ്വന്തമായി 40,000 രൂപയുടെയും സമാന തുകയ്ക്കുള്ള മറ്റ് രണ്ടുപേരുടെയും ബോണ്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ജാമ്യം അനുവദിക്കാം. സാക്ഷികളെയും മറ്റും സ്വാധീനിക്കാതിരിക്കാൻ വിചാരണ പൂർത്തിയാകുംവരെ ഇര താമസിക്കുന്ന ജില്ലയിൽ കടക്കുകയോ താമസിക്കുകയോ ചെയ്യരുതെന്ന കർശന നിർദേശമുണ്ട്.
യുവതിയോ വീട്ടുകാരോ ഭീഷണിക്ക് വിധേയരാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ഒരു വനിതാ പൊലീസിനെ വീട്ടിൽ നിയോഗിക്കണം.