05 July Tuesday

ദൂരം മായും 
ദേശങ്ങൾ അടുക്കും

ജോബിൻസ്‌ ഐസക്‌Updated: Wednesday May 25, 2022

തുതിയൂരിൽ ഇടപ്പള്ളി തോടിനുകുറുകെ 1991ൽ പാലം നിർമാണത്തിന്റെ ഭാഗമായി തൂണുകൾ സ്ഥാപിക്കുന്നതിന് നിർമിച്ച കുഴി ഫോട്ടോ: സുനോജ് നൈനാൻ മാത്യു


തൃക്കാക്കര
തുതിയൂർ–-എരൂർ പാലം നിർമാണത്തിന്‌ നടപടികൾ നീങ്ങുമ്പോൾ പ്രതീക്ഷകൾ മറച്ചുവയ്‌ക്കുന്നില്ല ഈ നാട്‌. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ്‌ വിരാമമാകുന്നത്‌. വെട്ടുവേലിക്കടവിന്‌ പടിഞ്ഞാറോട്ട്‌ തുറക്കുന്ന കവാടമാകും തുതിയൂർ–-എരൂർ പാലം. 70 കോടിയുടെ പദ്ധതിക്ക് പ്രാരംഭപ്രവർത്തനങ്ങൾക്കായി ഏഴു കോടി തത്വത്തിൽ അനുവദിച്ചു. 1.40 കോടി ബജറ്റിൽ വകയിരുത്തിയിട്ടുമുണ്ട്‌. മണ്ണു പരിശോധന കഴിഞ്ഞു. തൃക്കാക്കരയിൽ എൽഡിഎഫ്‌ പ്രകടനപത്രികയിൽ പാലത്തിന് മുൻഗണന നൽകിയതിന്റെ ആവേശത്തിലാണ്‌ ദേശക്കാർ.

  ‘പാലം വരണം. വലിയ ദുരിതത്തിലാണ്‌ ഞങ്ങൾ. ഒരു ബസുപോലും ഇവിടേക്കില്ല. കാക്കനാടുവരെ പൊകണമെങ്കിൽപ്പോലും ഏറെ ദൂരം നടന്ന്‌ ഓട്ടോ വിളിച്ച്‌ പോകണം.’ അയിനിത്തറ സുബ്രഹ്‌മണ്യന്റെ വാക്കുകളിലുണ്ട്‌ ഒരായുസിന്റെ യാത്രാക്ലേശമത്രയും. ‘കല്യാണം കഴിച്ചയച്ചതാണ് ഇവിടേക്ക്‌. അന്ന്‌ കടത്തിനാണ്‌ വന്നത്‌. അന്നത്തേതിലും കാര്യമായ മാറ്റം ഇന്നില്ല.’ വെട്ടുവേലി തങ്ക എന്ന മുത്തശ്ശിക്ക്‌ വലിയ നിരാശയാണ്‌. ഇത്തവണ പാലം വന്നാൽ വലിയ കാര്യമാകും. 31 വർഷം യുഡിഎഫ്‌ എംഎൽഎമാർ പ്രതിനിധാനം ചെയ്‌ത മണ്ഡലത്തിലാണ്‌ ഈ ദുരവസ്ഥ.

  1957ലെ ഇ എം എസ്‌ സർക്കാർ പാലം നിർമാണത്തിന്‌ തുടക്കമിട്ടിരുന്നു. എന്നാൽ, അടിയന്തരാവസ്ഥക്കാലത്ത്‌ പൈലുകൾ പിഴുതുമാറ്റി. 1991ൽ ജനകീയാസൂത്രണ പദ്ധതിയിൽ പ്രാരംഭപ്രവർത്തനം തുടങ്ങി. ജില്ലാപഞ്ചായത്തും ബ്ലോക്ക്‌ പഞ്ചായത്തുകളും ചേർന്നായിരുന്നു പദ്ധതി. അന്നത്തെ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി ഔസേഫ്‌ മുൻകൈയെടുത്തത്‌ പാലംപണിക്ക്‌ പ്രാരംഭ നടപടികളായി. എന്നാൽ, ഭരണം മാറിയതോടെ നിലച്ചു. പാലം ഉയരാൻ അന്ന്‌ നിർമിച്ച വലിയ തൂണിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം.  മന്ത്രിയായിരിക്കെ ടി കെ രാമകൃഷ്ണൻ ഇടപെട്ട് രണ്ടുഘട്ടങ്ങളിലായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.

2022ൽ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. ഫെബ്രുവരി 21ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനനും ഏരിയ സെക്രട്ടറി എ ജി ഉദയകുമാറും പദ്ധതിപ്രദേശം സന്ദർശിച്ചത്‌ നിർണായകമായി. ആവശ്യം സർക്കാരിന്റെ പരിഗണനയിൽ വന്നു. എസ്റ്റിമേറ്റ് പുതുക്കി 70 കോടി രൂപ പദ്ധതിക്കായി നിശ്‌ചയിച്ചു. പൊതുമരമാത്തുമന്ത്രി പി എ മുഹമ്മദ്‌ റിയാസും ധനമന്ത്രി കെ എൻ ബാലഗോപാലും എല്ലാ പിന്തുണയും നൽകുന്നുവെന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ എ വി കുമാരൻ നമ്പൂതിരിയും ടി കെ മണിയും പറഞ്ഞു.

ഒരു 
വിളിപ്പാടകലെ 
രണ്ട് കരകൾ
വെട്ടുവേലി തോടിന്റെ രണ്ട് കരകളിലെ ജെട്ടികൾക്കിടയിൽ ഒരു വിളിപ്പാട് അകലം മാത്രം. രണ്ട് ദേശങ്ങളാണ് ഇരു കരകളിലും. തുതിയൂർ ഭാഗം തൃക്കാക്കര മണ്ഡലവും എരൂർ ഭാഗം തൃപ്പൂണിത്തുറയും. തുതിയൂരുകാർക്ക് തൃപ്പൂണിത്തുറയ്ക്ക് പോകണമെങ്കിൽ വെണ്ണല, പാലച്ചുവട്  വഴിയോ ഇരുമ്പനം വഴിയോ പോകണം. എട്ടു കിലോമീറ്ററോളം ചുറ്റണം. നാട്ടുകാർ മുൻകെെയെടുത്ത് ഒരു താൽക്കാലിക പാലമുണ്ടാക്കുംവരെ കടത്ത്‌ മാത്രമായിരുന്നു ആശ്രയം. ഈ ചെറുപാലത്തിൽക്കൂടി ഇരുചക്രവാഹനം പോകുന്നുണ്ട്.  പുതിയ പാലം വന്നാൽ എരൂർ റോഡിലേക്ക് അരക്കിലോമീറ്റർ മാത്രം. ബസും വരും. വെട്ടുവേലിത്തോട് കിഴക്ക് ബ്രഹ്മപുരം പുഴയിലേക്ക് എത്തും. നിലവിൽ ഇതിലേ ഫാക്ടിലേക്ക് ബാർജുകൾ പോകുന്നുണ്ട്. ജലമെട്രോയുടെ ഭാഗമാണ്. നേരത്തേ ബോട്ട്‌ സർവീസ് ഉണ്ടായിരുന്നു. വെട്ടുവേലി തോട്ടിൽനിന്ന് തിരിഞ്ഞുപോകുന്ന ഇടപ്പള്ളി തോടിന് കുറുകെയാണ് നിർദിഷ്ട പാലം വരുന്നത്. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top