09 December Monday

ഫലം അറിയാൻ 27 നാൾ ; ധ്രുവീകരണശ്രമം ഏശിയില്ല

കെ ശ്രീകണ‌്ഠൻUpdated: Thursday Apr 25, 2019


തിരുവനന്തപുരം
സംസ്ഥാന ചരിത്രത്തിലെ മികച്ച പോളിങ‌് നിരക്ക‌് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ മത, സാമുദായിക ധ്രുവീകരണ ശ്രമം കാര്യമായി ഏശിയിട്ടില്ലെന്ന‌് വിവിധ മണ്ഡലങ്ങളിൽനിന്നുള്ള സൂചന വ്യക്തമാക്കുന്നു. മോഡിഭരണത്തിന‌് എതിരായ വികാരവും ഒന്നാം യുപിഎ മാതൃകയിൽ മതനിരപേക്ഷ സർക്കാർ വരണമെന്ന തിരിച്ചറിവും വോട്ടെടുപ്പിൽ പ്രതിഫലിച്ചതായാണ‌് പ്രാഥമിക വിലയിരുത്തൽ.

ദേശീയരാഷ‌്ട്രീയം സജീവമായി ചർച്ച ചെയ്യപ്പെട്ടതിന്റെ പ്രതിഫലനം വോട്ടെടുപ്പിലും ദൃശ്യമായെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ഏതെങ്കിലും ഒരു മുന്നണിക്ക‌് അനുകൂലമായി ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടായിട്ടില്ലെന്ന‌തിന‌് പൊന്നാനി, വയനാട‌്, കോഴിക്കോട‌് മണ്ഡലങ്ങളിൽനിന്ന‌് തന്നെ ഉദാഹരണം ചൂണ്ടിക്കാട്ടാൻ കഴിയുമെന്ന‌് അദ്ദേഹം വ്യക്തമാക്കി.

ശബരിമലപ്രശ‌്നം ആളിക്കത്തിച്ച‌് മുതലെടുപ്പ‌് നടത്താൻ യുഡിഎഫും ബിജെപിയും കിണഞ്ഞ‌് പരിശ്രമിച്ചെങ്കിലും അത‌് ശക്തമായ അടിയൊഴുക്കിന‌് വഴിവച്ചിട്ടില്ലെന്നാണ‌് വിലയിരുത്തൽ. ആർഎസ‌്എസ‌്, ജമാഅത്തെ ഇസ്ലാമി, എസ‌്ഡിപിഐ തുടങ്ങിയ സംഘടനകളുമായി കോൺഗ്രസും യുഡി‌എഫും ഉണ്ടാക്കിയ രഹസ്യധാരണ വോട്ടെടുപ്പിൽ പ്രതിഫലിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. എന്നാൽ, ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള കേന്ദ്രങ്ങളിൽ കനത്ത പോളിങ‌് രേഖപ്പെടുത്തിയത്‌ എൽഡിഎഫിനും അനുകൂലമാകാനാണ‌് സാധ്യതയേറെ. ആർഎസ‌്എസിനും സംഘപരിവാറിനും എതിരെ ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്ന കണിശമായ നിലപാട‌് ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ മതിപ്പ‌് ഉളവാക്കിയിട്ടുണ്ട‌്.

ലോക‌്സഭാ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള രാഷ‌്ട്രീയസ്ഥിതിഗതി ചർച്ചചെയ്യാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് യോഗം വെള്ളിയാഴ്ച  തിരുവനന്തപുരത്ത‌് ചേരും. സിപിഐ, കോൺഗ്രസ‌് നേതൃയോഗങ്ങളും ഈയാഴ‌്ച ചേരുന്നുണ്ട‌്. ഉയർന്ന പോളിങ‌് നിരക്കിന്റെ പേരിൽ പുറമെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കെപിസിസി നേതൃത്വത്തിന്റെ ഉള്ള‌് പൊള്ളുകയാണ‌്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവും ന്യൂനപക്ഷ കേന്ദ്രീകരണവും തങ്ങളെ തുണയ‌്ക്കുമെന്ന‌് പറയുന്നുണ്ടെങ്കിലും വിധി മറിച്ചായാൽ കോൺഗ്രസിനെ കാത്തിരിക്കുന്നത‌് രൂക്ഷമായ  പ്രതിസന്ധിയാണ‌്. തെരഞ്ഞെടുപ്പ‌് ഫണ്ടിനെ ചൊല്ലി ഇതിനകം അപസ്വരം ഉയർന്നിട്ടുണ്ട‌്. പാലക്കാട്ടെ കോൺഗ്രസ‌് സ്ഥാനാർഥി വി കെ ശ്രീകണ‌്ഠൻ തനിക്ക‌് കെപിസിസിയുടെ ഫണ്ട‌് കിട്ടിയില്ലെന്ന‌് പരസ്യമായി പരാതിപ്പെട്ടു. കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയ‌്ക്കും എതിരായി ഗ്രൂപ്പ‌് മാനേജർമാർ തന്ത്രം മെനയാനും തുടങ്ങിയിട്ടുണ്ട‌്. രാഹുൽ ഗാന്ധിക്ക‌് കെപിസിസി കണക്ക‌ുകൂട്ടിയ തോതിലുള്ള നേട്ടം കിട്ടിയില്ലെങ്കിൽ കെപിസിസി നേതൃത്വം മാത്രമല്ല, രാഹുലിനെ ആനയിച്ചുകൊണ്ടുവന്ന എ കെ ആന്റണി ഉൾപ്പെടെയുള്ളവർ പ്രതിക്കൂട്ടിലാകും.


പ്രധാന വാർത്തകൾ
 Top