25 May Saturday

വേനൽമഴയും കാറ്റും കനത്ത നാശം

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

മണീട് കാരൂർക്കാവ്‌ കവലയിൽ മരം കടപുഴകി വീണപ്പോൾ


പിറവം
വേനൽ മഴയിലും കനത്ത കാറ്റിലും പിറവം മേഖലയിൽ വൻ നാശനഷ്ടം. മരങ്ങൾ മറിഞ്ഞ‌് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വീടുകൾ തകർന്നു. വ്യാപകമായ കൃഷി നാശമുണ്ടായി. പിറവം -എറണാകുളം റോഡിൽ മാമലക്കവലയിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പിറവം അഗ്‌നിശമന സേന എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പിറവം വലിയപള്ളിയുടെ വലതുഭാഗത്തെ ചാർത്തിന്റെ മേൽക്കൂരയിലെ ഓട് കാറ്റെടുത്തു. പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ മുൻവശത്തെ ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണു. കക്കാട് പിഎംഎവൈ പദ്ധതിയിൽ പണി നടന്നുകൊണ്ടിരുന്ന കണ്ണംപുഴയിൽ രേഷ്മ ശേഖറിന്റെ വീടിന്റെ മുകളിൽ മരങ്ങൾ വീണു. കക്കാട് - നെച്ചൂർ റോഡിൽ പരേതനായ പൊന്താംകുഴി വർഗീസിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ റോഡിലേക്ക് വീണു. കക്കാട് വാര്യംതടത്തിൽ ശങ്കരന്റെ വീട് ആഞ്ഞിലി മരം കടപുഴകിവീണ് പൂർണമായും തകർന്നു. മാന്തടത്തിൽ എം കെ ജയന്റെ വീടിന് മുകളിൽ മരം വീണു. പാഴൂർ ഈരേത്ത് പുത്തൻപുരയിൽ തോമസിന്റെ വിളവെടുക്കാറായ നൂറിലേറെ ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞു. കളമ്പൂർ കോട്ടപ്പുറം ഇലവുങ്കൽ റോയിയുടെ വീടിനുമുകളിൽ മരങ്ങൾ വീണ് നാശമുണ്ടായി. മണീട് നെച്ചൂർ പാറക്കാട്ട് ഗോപിയുടെ വീട്  മരംവീണ് തകർന്നു. മൂക്കനേത്ത് നാണുക്കുട്ടൻ, വേലാങ്കുഴി റെജി എന്നിവരുടെ വീടിനും നാശമുണ്ടായി. മണീട് കാരൂർകാവ് മേഖലയിലും നാശനഷ്ടങ്ങൾ ഉണ്ടായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ബീന ബാബുരാജിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് കാറ്റെടുത്തു. പ്ലാവ്, ആഞ്ഞിലി മരങ്ങൾ വീടിന്റെ മുകളിൽ വീണു. നിരപ്പത്ത്  തങ്കമണിയുടെ വീടിന് മുകളിൽ പ്ലാവ് കടപുഴകി വീണു. മാരിയിൽ പൗലോസിന്റെയും കൂരാപ്പിള്ളിൽ ജോർജിന്റെയും വീടിനും നാശമുണ്ടായി. ഓണക്കൂർ - കക്കാട് റോഡിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. പാഴൂർ ഈസ്റ്റ് ഭാഗത്തും വ്യാപകമായി നാശം സംഭവിച്ചു. മൈലാടിപ്പാറയിൽ വേലായുധന്റെ വീടിന്റെ മുൻഭാഗം ആഞ്ഞിലിമരം വീണ് തകർന്നു. കട്ടോകരയിൽ ദാസന്റെ വീടിന് മുകളിൽ മരങ്ങൾ വീണു. പാലായിത്തറ ഷിബു, പുളിക്കൽ ജെയിംസ് എന്നിവരുടെ വാഴക്കൃഷിയും നശിച്ചു.

കോലഞ്ചേരി
മീമ്പാറയിൽ വീടിന്റെ മുകളിലേക്ക് മരം കടപുഴകി വീണു. ഓണാക്കുടിയിൽ സജിയുടെ പുരയിലേക്കാണ് മരം മറിഞ്ഞത്. വീടിന്റെ മതിൽ പൊളിഞ്ഞു. മരം ടെറസിൽ ഉടക്കിയത് കാരണം ആളപായം ഉണ്ടായില്ല.

തിരുവാണിയൂരിൽ കാറ്റിൽ വാഴക്കൃഷി നശിച്ചു. ആപ്പിള്ളിൽ റെജിയുടെ അഞ്ഞൂറോളം കുലച്ച വാഴയാണ് ബുധനാഴ്ച വൈകിട്ടുണ്ടായ കാറ്റിൽ ഒടിഞ്ഞത്. തിരുവാണിയൂരിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്.


പ്രധാന വാർത്തകൾ
 Top