കൊച്ചി
നഗരജീവിതത്തിലെ സമ്മർദം അകറ്റി ആരോഗ്യകരമായ ജീവിതം പ്രദാനംചെയ്യുക എന്ന ലക്ഷ്യത്തോടെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നിർമാണം പൂർത്തിയാക്കിയ "ചിറ്റിലപ്പിള്ളി സ്‌ക്വയർ' ഏപ്രിൽ രണ്ടിന് തുറക്കും. വൈകിട്ട് 4.30ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മൂന്നിന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. സംരംഭകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നൽകുന്ന ജീവകാരുണ്യ സ്ഥാപനമാണ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ.
കൊച്ചി സീപോർട്ട് –-എയർപോർട്ട് റോഡിൽ ഭാരതമാതാ കോളജിന് എതിർവശത്ത് 11 ഏക്കറിലാണ് 145 കോടി രൂപയുടെ പദ്ധതി. ഉയർന്ന നിലവാരത്തിലുള്ള വെൽനസ് പാർക്ക്, ഇവന്റ് ഹബ്ബ്, ഭക്ഷണശാല തുടങ്ങി വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങള്‍ ഒരു കുടക്കീഴിൽ ലഭ്യമാകുന്നവിധത്തിലാണ് രൂപകൽപ്പന. ലാഭമല്ല, ആനന്ദവും ആരോഗ്യവും ആഘോഷവുമാണ് ഇതിന്റെ ലക്ഷ്യമെന്നും ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുട്ടികൾക്ക് നീന്തൽ പരിശീലനകേന്ദ്രം, റോക്ക് ക്ലൈംബിങ് ഉൾപ്പെടെയുള്ള അഡ്വഞ്ചർ സ്‌പോർട്സ്, ശലഭോദ്യാനം, ആധുനിക ഓപ്പൺ ജിം, നടക്കാനും ഓടാനും സൈക്ലിങ്ങിനുമുള്ള ട്രാക്കുകൾ, ക്രിക്കറ്റ് പിച്ച്, ബാസ്‌കറ്റ് ബോൾ, വോളിബോൾ കോർട്ട്, റോളർ സ്‌കേറ്റിങ് ട്രാക്ക്, കൺവൻഷൻ ഹാളുകൾ, ഇരുപതിലധികം സ്യൂട്ട് റൂമുകൾ, എസി റസ്റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. രാവിലെ ആറുമുതൽ ഒമ്പതുവരെയും 11 മുതൽ രാത്രി എട്ടുവരെയും രണ്ട് സെഷനുകളായാണ് പ്രവർത്തനം.
വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ ബി ജയരാജ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പ്രവേശന ഫീസ്, പാക്കേജുകൾ, ബുക്കിങ് തുടങ്ങിയ വിവരങ്ങൾക്ക് www.chittilappillysquare.com സന്ദർശിക്കുക. ഫോൺ: 75589 42424
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..