കൊച്ചി
കൊച്ചിയിലെ സ്വകാര്യ റിസോർട്ടുകളും ആഡംബരഹോട്ടലുകളും കേന്ദ്രീകരിച്ച് രഹസ്യമായി നടത്തുന്ന റേവ് പാർടികൾക്ക് (മയക്കുമരുന്ന് പാർടി) എംഡിഎംഎ ഉൾപ്പെടെ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി എക്സൈസ് പിടിയിൽ. മോഡലായ ചേർത്തല അർത്തുങ്കൽ നടുവിലപ്പറമ്പിൽ വീട്ടിൽ റോസ് ഹെമ്മ (ഷെറിൻ ചാരു–-29)യാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസി. കമീഷണർ ബി ടെനിമോന്റെ മേൽനോട്ടത്തിലുള്ള സ്പെഷ്യൽ ആക്‌ഷൻ ടീമിന്റെ പിടിയിലായത്. ഇവരിൽനിന്ന് 1.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ഉപഭോക്താക്കൾക്കിടയിൽ "സ്നോബോൾ’ എന്ന കോഡിലാണ് ഇവർ അറിയപ്പെടുന്നത്. മയക്കുമരുന്നുമായി രാത്രിമാത്രം പുറത്തിറങ്ങുന്ന ഇവർ ഉപഭോക്താക്കളുടെ വാഹനങ്ങളിൽ കയറിയാണ് കൈമാറ്റം ചെയ്‌തിരുന്നത്. പാർടികളിലെ രാസലഹരി വിതരണം പൂർണമായും നടത്തുന്നത് ഇവരുടെ നിയന്ത്രണത്തിലുള്ള സംഘമായിരുന്നു. മയക്കുമരുന്ന് കേസുകളിൽ പിടിയിലായ പലരും ആഡംബരവാഹനങ്ങളിൽ വന്നിറങ്ങുന്ന സ്നോബോളിനെക്കുറിച്ച് സൂചനകൾ നൽകിയിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. കൊച്ചിയിലെ മാഫിയാ, ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള ഇവരെ ഭയന്ന് കൂടുതൽ വിവരങ്ങൾ നൽകാൻ ആരും തയ്യാറായിരുന്നില്ല.
പകൽ താമസസ്ഥലത്ത് ചെലവഴിച്ച്, രാത്രി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി. ഓൺലൈനായി പലരുടെപേരിൽ മുറി ബുക്ക് ചെയ്ത് ഒന്നോ രണ്ടോ ദിവസംമാത്രം താമസിച്ചശേഷം അടുത്തസ്ഥലത്തേക്ക് മാറുകയാണ് പതിവ്. ഇവരുടെ പ്രധാന ഇടനിലക്കാരനെ എക്സൈസ് സ്പെഷ്യൻ ആക്‌ഷൻ ടീം പിടിച്ചതോടെയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. നിശാപാർടിക്ക് മയക്കുമരുന്ന് എത്തിക്കാൻ റോസ് ഹെമ്മ ഇടപ്പള്ളി ബൈപ്പാസില്‍ പാടിവട്ടത്ത് നിൽക്കുമ്പോഴാണ് പിടികൂടിയത്. പിടിയിലാകുമെന്ന് മനസ്സിലായപ്പോള്‍ അതുവഴി വന്ന വാഹനം കൈകാണിച്ച് നിർത്തി രക്ഷപ്പെടാൻ ശ്രമിച്ചു. എക്‌സൈസ് സിഐ എം സജീവ് കുമാർ, ഇൻസ്പെക്ടർ എം എസ് ഹനീഫ, പ്രിവന്റീവ് ഓഫീസർ ടി എൻ അജയകുമാർ, എൻ ഡി ടോമി, ഹർഷകുമാർ, എൻ യു അനസ്, എസ് നിഷ, പി അനിമോൾ എന്നിവരടങ്ങിയ സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..