22 April Monday

പ്രളയം : സസ്യ, ജന്തുജാലങ്ങൾക്ക‌് കനത്ത ആഘാതം

ജെയ‌്സൻ ഫ്രാൻസിസ‌്Updated: Monday Mar 25, 2019


തിരുവനന്തപുരം
പ്രളയമുൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളിൽ സംസ്ഥാനത്തെ സസ്യ, ജന്തുജാലങ്ങൾക്കും കാർഷിക വിളകൾക്കും കനത്ത ആഘാതം. ഏകദേശം 1087 സസ്യജാലങ്ങൾ, 640 ജന്തുവൈവിധ്യ ഇനങ്ങൾ, 280 കാർഷിക വിള ഇനങ്ങൾക്കും ആഘാതമുണ്ടായെന്നാണ‌് ജൈവവൈവിധ്യ പരിസ്ഥിതി സമിതി(ബിഎംസി)കളുടെ പഠന റിപ്പോർട്ട‌്. പ്രളയശേഷം വിവിധ ഇടങ്ങളിൽ പക്ഷികൾ, ചിത്രശലഭങ്ങൾ, തുമ്പികൾ, തേനീച്ചകൾ, ഉറുമ്പുകൾ, മണ്ണിരകൾ അപൂർവ ഇനത്തിലുള്ള തവളകൾ, ആമകൾ തുടങ്ങിയവയുടെ എണ്ണം കുറഞ്ഞു. കൃഷിക്ക‌് ഭീഷണിയാകുന്ന അധിനിവേശ സസ്യങ്ങളുടെയും പുഴുക്കളുടെയും എണ്ണം വർധിച്ചു. ചിലയിടങ്ങളൽ സസ്യങ്ങളെ ദോഷകരമായി ബാധിക്കുന്ന പുതിയതരം കീടങ്ങളുടെ സാന്നിധ്യം കണ്ടെത്തി.  തനത‌് മത്സ്യങ്ങളുടെ നിലനിൽപ്പും അപകടത്തിലാണ‌്.

ഔഷധ സസ്യങ്ങൾ, കുറ്റിച്ചെടികൾ, വൃക്ഷങ്ങൾ, വള്ളിച്ചെടികൾ, പുഴയോരങ്ങളിലെ വിവിധ തരം സസ്യങ്ങൾ എന്നിവ ദുരന്തവേളയിൽ നശിച്ചെങ്കിലും പല ഇനങ്ങളും പുനരുജ്ജീവിച്ചതായി പഠനസംഘം കണ്ടെത്തി. എറണാകുളം, കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ചിത്രശലഭങ്ങളുടെയും തുമ്പികളുടെയും എണ്ണത്തിൽ കുറവ‌് സംഭവിച്ചതായാണ‌് നിഗമനം. ജൂലൈ, ആഗസ‌്ത‌്, സെപ‌്തംബർ മാസങ്ങളിലാണ‌്  ലാർവകൾ സാധാരണ കാണപ്പെടുന്നത‌്. എന്നാൽ, ആഗസ‌്തിലെ ദുരന്തങ്ങളിൽ ലാർവകൾ നശിച്ചു. ഇതേതുടർന്ന‌് പ്രളയശേഷം അരളിശലഭം, മഞ്ഞപാപ്പാത്തി, നീലക്കടുവ ഉൾപ്പെടെയുള്ള ശലഭങ്ങളുടെ സാന്നിധ്യത്തിൽ കുറവുണ്ടായി. പീലിത്തുമ്പി, മരതകരാജൻ, തവിട്ടുവെണ്ണീറൻ തുടങ്ങിയ തുമ്പികളുടെ എണ്ണത്തിലും ഇടിവുണ്ടായി.

പക്ഷികളുടെ പ്രജനനത്തെയും ഗുരുതരമായി ബാധിച്ചു. തട്ടേക്കാട് പക്ഷിസങ്കേതത്തിൽ മാത്രം ഏകദേശം 30 ഇനം നീർപ്പക്ഷികളെ ആവാസവ്യവസ്ഥയിലെ വ്യതിയാനം പ്രതികൂലമായി ബാധിച്ചു. 

പാമ്പുകൾ ഉൾപ്പെടെയുള്ള ഉരഗ ജീവികൾ, പലയിനം തവളകൾ എന്നിവയുടെയും പശ്ചിമഘട്ടത്തിലെ അപൂർവയിനത്തിൽപ്പെട്ട പാതാള തവളകളുടെയും വാസസ്ഥലങ്ങൾ നശിച്ചു. മത്സ്യഫാമുകളും ഹാച്ചറികളിലുമുണ്ടായ മത്സ്യങ്ങൾ നദികളിൽ എത്തിപ്പെട്ടതാണ‌് തനത‌് മത്സ്യങ്ങളുടെ നിലനിൽപ്പിന‌് ഭീഷണി ഉയർത്തുന്നത‌്. ജലാശയങ്ങളിലും കരപ്രദേശങ്ങളിലും അപകടകാരികളായ അധിനിവേശ സസ്യ, ജന്തുജാലങ്ങൾ വർധിച്ചതും ഭീഷണിയാണ‌്.ഏകദേശം 280 കാർഷിക വിളയിനങ്ങൾക്കാണ‌് പ്രളയം മൂലം കനത്ത ആഘാതമുണ്ടായത‌്.


പ്രധാന വാർത്തകൾ
 Top