04 June Thursday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്ഐ പ്രചാരണം ; മാർച്ചിൽ യൂത്ത്‌ അസംബ്ലിയും ഭവനസന്ദർശനവും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 25, 2020


തിരുവനന്തപുരം
പൗരത്വ ഭേദഗതി നിയമത്തിനും പൊതുമേഖലാസ്ഥാപന വിൽപ്പനയ്‌ക്കുമെതിരെ ശക്തമായ പ്രചാരണത്തിന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ‘രാജ്യത്തെ വിൽക്കരുത്‌, വിഭജിക്കരുത്‌, സമരമാവുക’ എന്ന മുദ്രാവാക്യമുയർത്തി മാർച്ച്‌ മാസത്തിലാണ്‌ പ്രചാരണം. സംസ്ഥാനത്തെ 27252 യൂണിറ്റുകളിൽ ഒന്നുമുതൽ 18 വരെ യൂത്ത്‌ അസംബ്ലി സംഘടിപ്പിക്കും. മാർച്ച്‌ 24 മുതൽ 31 വരെ അരലക്ഷം യുവജന സ്ക്വാഡുകൾ ഭവനസന്ദർശനം നടത്തി ലഘുലേഖ വിതരണംചെയ്യും. മാർച്ച്‌ 23ന്‌ എല്ലാ യൂണിറ്റ്‌ കേന്ദ്രങ്ങളിലും ഭഗത്‌സിങ്‌ സ്ക്വയർ സ്ഥാപിക്കും.

റോഡപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ റെസ്‌പോൺസിബിൾ ഡ്രൈവിങ്‌ ഉറപ്പാക്കാൻ ഹൈവേകളിൽ ജാഗ്രതാകേന്ദ്രങ്ങൾ തുറക്കുമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷും സെക്രട്ടറി എ എ റഹീമും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ഉറങ്ങിപ്പോകേണ്ടാ’ എന്നപേരിൽ രാത്രി 11 മുതൽ പുലർച്ചെവരെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ യാത്രക്കാർക്ക്‌ ചുക്കുകാപ്പി വിതരണംചെയ്യും. വേനൽ രൂക്ഷമായ സാഹചര്യത്തിൽ ‘സ്‌നേഹമൊരു കുമ്പിൾ’ എന്ന പേരിൽ
ദാഹജലപ്പന്തൽ സജ്ജീകരിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഓരോ യൂണിറ്റിലും ഒരു പ്രവർത്തകനെ
‘ആന്റി ഡ്രഗ്‌ അംബാസഡർ’ ആയി തെരഞ്ഞെടുക്കും. യൂത്ത്‌ അസംബ്ലിയിൽ ഇവരെ പ്രഖ്യാപിക്കും.

കോച്ചിങ്‌ സെന്ററുകളുടെ പേരിലുള്ള നിയമവിരുദ്ധപ്രവർത്തനം തടയാനും നിരീക്ഷണത്തിനും സർക്കാർ സ്വീകരിച്ച നടപടിയെ സ്വാഗതംചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും ഒന്നേകാൽ ലക്ഷത്തോളം പേർക്ക്‌ നിയമനം നൽകിയ സർക്കാരാണിത്‌. കെഎഎസ്‌ യാഥാർഥ്യമായി. സിലബസ്‌ മുൻകൂട്ടി പ്രഖ്യാപിച്ചാണ്‌ പിഎസ്‌സി പരീക്ഷ നടത്തിയത്‌. ചോദ്യങ്ങൾ നിശ്‌ചിതരീതിയിൽത്തന്നെ വേണമെന്ന്‌ പറയാനാകില്ലല്ലോ എന്നും അവർ പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ്‌ കെ സജീഷ്‌, ജോയിന്റ്‌ സെക്രട്ടറി വി കെ സനോജ്‌, ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്‌, സംസ്ഥാന കമ്മിറ്റിയംഗം എസ്‌ കവിത എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top