04 July Saturday
പകൽ മൂന്നിനെത്തണം

ചരിത്രമാകാൻ മഹാശൃംഖല ; മനുഷ്യമഹാശൃംഖലയിൽ ദശലക്ഷങ്ങൾ ഇന്ന്‌ കണ്ണി കോർക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

തിരുവനന്തപുരം
രാജ്യത്തെ ജനങ്ങളെ  മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ കുടിലശ്രമങ്ങൾക്കെതിരെ കേരളം ഇന്ന്‌ ദേശീയപാതയിൽ മനുഷ്യത്വത്തിന്റെ മഹാശൃംഖല തീർക്കും. 

ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി തീർക്കുന്ന മനുഷ്യമഹാശൃംഖലയിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ കണ്ണിയാകും. 70 ലക്ഷത്തോളം പേർ  ഭരണഘടനയുടെ ആമുഖം ഒരേസമയം വായിക്കും. ഇതും  ചരിത്രത്തിൽത്തന്നെ ആദ്യമാണ്‌.  ശൃംഖലയുടെ ആദ്യകണ്ണി കാസർകോട്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ളയും അവസാനകണ്ണി കളിയിക്കാവിളയിൽ എം എ ബേബിയുമാണ്‌.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ നേതാക്കൾ  തിരുവനന്തപുരം പാളയത്ത്‌ ശൃംഖലയുടെ ഭാഗമാകും. എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ കിള്ളിപ്പാലത്ത്‌ കണ്ണിചേരും. പ്രതിജ്ഞയ്‌ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേരും.

പകൽ മൂന്നിനെത്തണം
മനുഷ്യ മഹാശൃംഖലയിൽ പങ്കെടുക്കുന്നവർ പകൽ മൂന്നിന്‌ നിശ്ചയിച്ച സ്ഥലത്ത് എത്തണം. 3.30-ന് കാസർകോട്‌ നിന്ന്‌  റോഡിന്റെ വലതുവശം ചേർന്ന് വരിയായിനിന്ന് റിഹേഴ്‌സൽ. നാലിന്‌ പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിക്കണം. തുടർന്ന്‌ പ്രതിജ്ഞയും ശേഷം പൊതുയോഗവും.

ചരിത്രമാകാൻ മഹാശൃംഖല
ഭരണഘടന സംരക്ഷിക്കാൻ ജീവാർപ്പണത്തിനും തയ്യാറെന്ന്‌ പ്രഖ്യാപിച്ച്‌  ദശലക്ഷങ്ങൾ തെരുവിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നത്‌ ലോക ചരിത്രത്തിൽ ആദ്യം. ഒരു രാഷ്ട്രമെന്നനിലയിൽ ഇന്ത്യയെ ഒരുമിച്ച് നിർത്തുകയും ചലനാത്മകമാക്കുകയും  ഈ മഹാരാജ്യത്തിന്റെ ജനതയെ ഒരു കുടക്കീഴിൽ യോജിപ്പിക്കുന്ന ശക്തിയുമായ ഭരണഘടനയെ തകർക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കെതിരെ ഭരണഘടന ഉയർത്തിയാണ്‌ ജനലക്ഷങ്ങൾ പ്രതിഷേധിക്കുന്നത്‌.  

എഴുതപ്പെട്ടതിലും വച്ച്‌ ഏറ്റവും  വലുതുകൂടിയാണ്‌ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന. അതിന്റെ മൂല്യം ഉയർത്തിപ്പിടിക്കാൻ  രാജ്യഭരണാധികാരികൾക്കെതിരെ ജനലക്ഷങ്ങൾ തെരുവിൽ കണ്ണിചേർന്ന്‌ ഭരണഘടനയുടെ ആമുഖം വായിച്ച്‌ പൗരന്മാരുടെ പരമാധികാരം ഭരണാധികാരികളെ ഓർമിപ്പിക്കുന്നത്‌ അത്യപൂർവമാണ്‌. ആ അപൂർവ നിമിഷങ്ങൾ പകർത്താനും റിപ്പോർട്ട്‌ ചെയ്യാനും അന്തർദേശീയ–- ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികൾ കേരളത്തിലെത്തി.

സമീപകാലത്തെങ്ങും ആഘോഷിക്കാത്തത്രയും ശ്രദ്ധയോടും ആവേശത്തോടുമാണ്‌ ഇക്കുറി റിപ്പബ്ലിക്‌ ദിനാഘോഷം നാടാകെ നടക്കുന്നത്‌. വൈകിട്ട്‌ എൽഡിഎഫ്‌ തീർക്കുന്ന മനുഷ്യ മഹാശൃംഖലയിൽ കണ്ണിചേരുന്നതിനൊപ്പം രാവിലെ വിവിധ സംഘടനകളും സമൂഹ്യ സമുദായ പ്രസ്ഥാനങ്ങളും ദിനാഘോഷം സംഘടിപ്പിക്കുന്നു.
തലസ്ഥാനത്ത്‌ പാളയം കത്തീഡ്രലിൽ രാവിലെ എട്ടിന്‌ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്‌ ബിഷപ്‌ എം സൂസപാക്യം ഭരണഘടനാ ആമുഖം വായിച്ച്‌ പ്രതിജ്ഞയെടുക്കും. വൈകിട്ട്‌ നടക്കുന്ന മനുഷ്യ മഹാശൃംഖലയ്‌ക്ക്‌ എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചിട്ടുണ്ട്‌. ഭരണഘടന സംരക്ഷിക്കാൻ യോജിച്ചുള്ള  പോരാട്ടത്തിനൊപ്പം നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

ലത്തീൻ രൂപതയ്‌ക്ക്‌ കീഴിലുള്ള കേരളത്തിലെ എല്ലാ പള്ളികളിലും ഞായറാഴ്‌ച ഭരണഘടനയുടെ ആമുഖം വായിക്കുമെന്ന്‌ കൊല്ലം ബിഷപ്പ്‌ ഡോ. പോൾ ആന്റണി മുല്ലശ്ശേരി അറിയിച്ചു.

ഭരണഘടനയുടെ ആമുഖം
നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരർക്കും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്‌ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്‌ചയം ചെയ്‌തുകൊണ്ട്‌ നമ്മുടെ ഭരണഘടനാസഭയിൽവച്ച്‌ 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം ഇൗ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.
(മനുഷ്യ മഹാശൃംഖലയിൽ പങ്കെടുക്കുന്ന ജനലക്ഷങ്ങൾ ഈ ആമുഖം ഒരുമിച്ച്‌ വായിക്കും)


 


 


പ്രധാന വാർത്തകൾ
 Top