29 February Saturday

ഇനി കൈകോർത്തിറങ്ങാം ; മനുഷ്യ മഹാശൃംഖലയ്‌ക്ക്‌ ജില്ല ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

സി എൻ മോഹനൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു. പി രാജു, ജോർജ്‌ ഇടപ്പരത്തി എന്നിവർ സമീപം

കൊച്ചി
ഭരണഘടനാ സംരക്ഷണ മുദ്രാവാക്യമുയർത്തി റിപ്പബ്ലിക്‌ദിനത്തിൽ സംസ്ഥാനമാകെ കൈകോർക്കുന്ന മനുഷ്യ മഹാശൃംഖലയിൽ ജില്ലയിലെ മൂന്നുലക്ഷത്തിലേറെ രാജ്യസ്‌നേഹികൾ ഹൃദയംചേർക്കും. ജില്ലയുടെ വടക്കേ അതിർത്തിയായ കറുകുറ്റി പൊങ്ങംമുതൽ തെക്കേ അതിർത്തിയായ അരൂർവരെ 50 കിലോമീറ്റർ നീളത്തിലാണ്‌ മഹാശൃംഖല. വൈകിട്ട്‌ 3.30ന്‌ ട്രയൽ നടക്കും. നാലിന്‌ മനുഷ്യസാഗരത്തെ സാക്ഷിയാക്കി  ഭരണഘടനയുടെ ആമുഖം വായിക്കും. തുടർന്ന്‌ രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും മതനിരപേക്ഷമൂല്യങ്ങളും സംരക്ഷിക്കുമെന്ന പ്രതിജ്ഞ ശൃംഖലയിൽ അണിനിരക്കുന്ന ജനലക്ഷങ്ങൾ ഒരേസ്വരത്തിൽ ഏറ്റുചൊല്ലും.

മനുഷ്യ മഹാശൃംഖല വൻവിജയമാക്കാനുള്ള എല്ലാ ഒരുക്കവും ജില്ലയിൽ പൂർത്തിയായതായി സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എൽഡിഎഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മതപണ്ഡിതരും രാഷ്‌ട്രീയഭേദമില്ലാതെ ബഹുജനങ്ങളും മതന്യൂനപക്ഷ വിഭാഗങ്ങളാകെയും ശൃംഖലയിൽ കണ്ണിചേരും. ശൃംഖലയുടെ പ്രചാരണാർഥം ജില്ലയിൽ രണ്ടു ജാഥ പര്യടനം നടത്തിയിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ആവേശത്തോടെയാണ്‌ ജാഥകളെ വരവേറ്റത്‌. എൽഡിഎഫ്‌ നേതാക്കളുടെ നേതൃത്വത്തിൽ വീടുകൾ കയറിയുള്ള ക്യാമ്പയിനും വലിയ പ്രതികരണമുണ്ടാക്കിയെന്ന്‌ സി എൻ മോഹനൻ പറഞ്ഞു.

ദേശീയപാതയുടെ പടിഞ്ഞാറു ഭാഗം ചേർന്നാണ്‌ ശൃംഖല നീളുക. പൊങ്ങത്തുനിന്ന്‌ ആരംഭിച്ച്‌ അരൂർ പാലവും കടന്ന്‌ ആലപ്പുഴ ജില്ലയോട്‌ ചേരും. പൊങ്ങത്ത്‌ ആദ്യകണ്ണിയായി സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈനും അരൂരിൽ അവസാനകണ്ണിയായി നാടകകാരൻ കെ എം ധർമനും പങ്കെടുക്കും. ശൃംഖല പൂർത്തിയായശേഷം 10 കേന്ദ്രങ്ങളിൽ പൊതുയോഗം ചേരും. ഇടപ്പള്ളിയാണ്‌ പ്രധാന കേന്ദ്രം. കറുകുറ്റി, അങ്കമാലി, അത്താണി, പറവൂർ കവല, പുളിഞ്ചുവട്‌, പ്രീമിയർ കവല, വൈറ്റില, കുണ്ടന്നൂർ, മാടവന എന്നിവയാണ്‌ മറ്റ്‌ പൊതുയോഗകേന്ദ്രങ്ങൾ.

പ്രൊഫ. എം കെ സാനു, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌, സിപിഐ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ അംഗം പന്ന്യൻ രവീന്ദ്രൻ, ടി പി പീതാംബരൻ തുടങ്ങിയവർ ഇടപ്പള്ളിയിലെ പൊതുയോഗത്തിൽ സംസാരിക്കും. ഡോ. കെ ജി പൗലോസ്‌, തിരക്കഥാകൃത്ത്‌ മങ്കൊമ്പ്‌ ഗോപാലകൃഷ്‌ണൻ, ജോസഫ്‌ വൈറ്റില, ഡോ. കെ ബാബു ജോസഫ്‌, രൺജി പണിക്കർ, ബി ഉണ്ണിക്കൃഷ്‌ണൻ, ആഷിഖ്‌ അബു, റിമ കല്ലിങ്കൽ, എം എ നിഷാദ്‌, നാദിർഷ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ശൃംഖലയിൽ കണ്ണിചേരും.


പ്രധാന വാർത്തകൾ
 Top