29 February Saturday

ഒന്നിച്ച്‌ പോരാടണം; ഗൃഹസന്ദർശനവുമായി നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020


കൊച്ചി
മനുഷ്യ മഹാശൃംഖലയുടെ പ്രാധാന്യം ജനങ്ങളിലെത്തിച്ച്‌ ഗൃഹസന്ദർശനവുമായി നേതാക്കൾ. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ വെള്ളിയാഴ്‌ച കറുകപ്പിള്ളിയിലെ വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തിയത്‌. സിപിഐ എം കലൂർ, എളമക്കര ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ഭവനസന്ദർശനം. ഇരുവരും നൂറിലധികം വീടുകൾ സന്ദർശിച്ചു.

ഞായറാഴ്‌ച നടക്കുന്ന മനുഷ്യ മഹാശൃംഖലയിൽ അണിനിരക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ജനങ്ങളോട്‌ വ്യക്തമാക്കി. പൗരത്വനിയമ ഭേദഗതിയെക്കുറിച്ച്‌ ജനങ്ങളുടെ മനസ്സിലുള്ള സംശയങ്ങൾ നീക്കിയായിരുന്നു സന്ദർശനം. രാജ്യം മുഴുവൻ ഒരുമിച്ചുനിന്നാൽമാത്രമേ പൗരത്വനിയമ ഭേദഗതിയിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്മാറുകയുള്ളൂവെന്ന്‌ പി രാജീവും സി എൻ മോഹനനും വ്യക്തമാക്കി. പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള പോരാട്ടത്തിന്‌ മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ കേരളം മാതൃകയാണെന്നതും നേതാക്കൾ ചൂണ്ടിക്കാട്ടി.

കറുകപ്പിള്ളിയിലെ കലൂർ ജുമാ മസ്‌ജിദിൽ പി രാജീവ്‌ സന്ദർശനം നടത്തി. കലൂർ മുസ്ലിം ജമാഅത്ത്‌ പ്രസിഡന്റ്‌ ടി ബിലാൽ, സെക്രട്ടറി അബ്ദുൾ സലാം, ഖത്തീബ്‌ അഷ്‌റഫ്‌ സുബാഹി എന്നിവർ ചേർന്ന്‌ സ്വീകരിച്ചു. മനുഷ്യ മഹാശൃംഖലയിൽ അണിനിരക്കുമെന്ന്‌ ഉറപ്പുനൽകിയാണ്‌ ജമാഅത്ത്‌ ഭാരവാഹികൾ അദ്ദേഹത്തെ യാത്രയാക്കിയത്‌. സംവിധായകൻ എ കെ സാജന്റെ വീടും പി രാജീവ്‌ സന്ദർശിച്ചു. ഏരിയ കമ്മിറ്റി അംഗം ഷാഹുൽ ഹമീദ്‌, നിഷാദ്‌ ബാബു, ലോക്കൽ സെക്രട്ടറി എം കെ സുനിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

എസ്‌വൈഎഫ്‌ ജില്ലാ ട്രഷറർ അഹമ്മദുകുട്ടി ഹാജി, കലൂർ മുസ്ലിം ജമാഅത്ത്‌ പ്രസിഡന്റ്‌ ടി ബിലാൽ തുടങ്ങിയവരുടെ വീടുകൾ സി എൻ മോഹനൻ സന്ദർശിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി എൻ സീനുലാൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ സോജൻ ആന്റണി, സി മണി എന്നിവർ ഒപ്പമുണ്ടായിരുന്നു.


പ്രധാന വാർത്തകൾ
 Top