29 February Saturday

കണ്ണികളാകാൻ പൂജാരിയും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020


ആലുവ
മനുഷ്യ മഹാശൃംഖലയിൽ കണ്ണികളാകാൻ ക്ഷേത്രപൂജാരിയും ഭാര്യയും എത്തും. മുപ്പത്തടം കുന്നുംപറമ്പത്ത്‌ മനയ്‌ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടും കുടുംബവുമാണ്‌ മതേതര ഇന്ത്യക്കായുള്ള പോരാട്ടത്തിൽ അണിചേരുന്നത്‌. കുടുംബക്ഷേത്രത്തിലെ പൂജാരിയായ ഇദ്ദേഹം സമീപത്തെ ക്ഷേത്രങ്ങളുടെ കാര്യങ്ങളിലും സജീവമാണ്‌.

ഹിന്ദുധർമം എന്തെന്ന്‌ അറിയാത്തവരാണ്‌ ഇവിടെ ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിക്കുന്നതെന്ന്‌ പരമേശ്വരൻ നമ്പൂതിരിപ്പാട്‌ പറയുന്നു. ജനിച്ചുവീഴുന്ന കുട്ടിക്ക്‌ ജാതിയില്ല. പിന്നീട്‌ അവരിൽ ജാതിയുടെ വിഷം കുത്തിവയ്‌ക്കുകയാണ്‌. ‘ലോകാ സമസ്‌താ സുഖിനോ ഭവന്തു’ എന്ന പ്രമാണം പറയുന്നവരാണ്‌ മുസ്ലിങ്ങൾക്ക്‌ പൗരത്വം നിഷേധിക്കാൻ ശ്രമിക്കുന്നത്‌. ഈ നടപടി ക്രൂരമാണ്‌. ഇന്ത്യ ജനാധിപത്യത്തിന്റെ വഴിയിൽനിന്ന്‌ അകലുകയാണ്‌. മൂന്ന്‌ സൈന്യത്തിനുമായി ഒറ്റ സൈന്യാധിപനെ നിശ്‌ചയിച്ചതെല്ലാം ഇതിന്റെ സൂചനയാണ്‌. ഈ പോക്കുപോയാൽ ഇന്ത്യയിൽ ഇനി തെരഞ്ഞെടുപ്പ്‌ ഉണ്ടാകില്ല. ശബരിമല ഉപയോഗിച്ചിട്ടും കേരളത്തിൽ ബിജെപി രക്ഷപ്പെട്ടില്ല. കോൺഗ്രസിന്റെ കൊള്ളരുതായ്‌മകളാണ്‌ ബിജെപിയെ അധികാരത്തിൽ എ‌ത്തിച്ചത്‌. ഇവരെ ചെറുക്കാൻ കോൺഗ്രസിന്‌ കെൽപ്പില്ലാതായി.

‘‘രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ 26ന്‌ ഒരുക്കുന്ന മനുഷ്യ മഹാശൃംഖലയിൽ ഞാനും ഭാര്യ വത്സലയും കണ്ണികളാകും’’– -പരമേശ്വരൻ നമ്പൂതിരിപ്പാട്‌ പറഞ്ഞു. കെഎസ്‌ഇബി മുൻ ജീവനക്കാരനാണ്‌ ഇദ്ദേഹം.


പ്രധാന വാർത്തകൾ
 Top