29 February Saturday

ചിതകൾക്ക്‌ നടുവിൽ ആ പൂക്കളുറങ്ങി ; കണ്ണീരോടെ വിടനൽകി ജന്മനാട്‌

വിജേഷ്‌ ചൂടൽUpdated: Saturday Jan 25, 2020തിരുവനന്തപുരം
ആരോ അവർക്ക് കണ്ണെഴുതിയിരുന്നു, പുരികങ്ങൾ നീട്ടിവരച്ചിരുന്നു. കുളിച്ചൊരുങ്ങി ശാന്തമായുറങ്ങുന്ന മൂന്ന്‌ പൂക്കളായി അവർ. ഒരായിരം നിലവിളികൾക്കപ്പുറം അമ്മയുമച്ഛനുമെരിയുന്ന ചിതകൾക്കു നടുവിൽ അവർ ഒന്നിച്ചുറങ്ങി. ഉള്ളുലച്ച നിലവിളികളെയും പെയ്‌തുതീരാത്ത മിഴികളെയും സാക്ഷിയാക്കി മടക്കം. നേപ്പാളിൽ ഹോട്ടൽമുറിയിലെ ഹീറ്ററിൽന്നുള്ള വിഷവാതകം ശ്വസിച്ച്‌ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണിനും കുടുംബത്തിനും ജന്മനാട്‌ കണ്ണീരോടെ വിടനൽകി. അവർക്ക് ഒന്നായ് മടങ്ങാൻ അയ്യൻകോയിൽ ലെയ്‌നിലെ രോഹിണിഭവന്‌ പിന്നിലെ പറമ്പിന്റെ വടക്കേയറ്റത്ത് ഒരു കുഴിയും രണ്ട് ചിതയുമൊരുക്കിയിരുന്നു. മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിൽനിന്ന്‌ ഏറ്റുവാങ്ങിയ മൃതദേഹം വെള്ളിയാഴ്‌ച രാവിലെ എട്ടോടെയാണ് വീട്ടിലെത്തിച്ചത്‌. ആദ്യം പ്രവീണിന്റെയും പിന്നാലെ മക്കളുടെയും ഒടുവിൽ ഭാര്യ ശരണ്യയുടെയും മൃതദേഹങ്ങളുമായി അഞ്ച്‌ ആംബുലൻസുകൾ. കാത്തുനിന്നവർക്ക്‌ വിങ്ങിപ്പൊട്ടാനേ ആകുമായിരുന്നുള്ളു. അതുവരെ നിശബ്ദമായിരുന്ന വീടിനുള്ളിൽനിന്നും നിലവിളികൾ ഉയർന്നു.

നേപ്പാളിൽ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീട്ടിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന നാട്ടുകാരും ബന്ധുക്കളും 	ഫോട്ടോ: അരുൺരാജ്‌

നേപ്പാളിൽ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീട്ടിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന നാട്ടുകാരും ബന്ധുക്കളും ഫോട്ടോ: അരുൺരാജ്‌


 

വീട്ടുമുറ്റത്ത്‌ പ്രവീണിന്റെയും ശരണ്യയുടെയും മൃതദേഹങ്ങൾക്ക്‌ നടുവിൽ മക്കളായ ശ്രീഭദ്രയുടെയും ആർച്ചയുടെയും അഭിനവിന്റെയും ചേതനയറ്റ ശരീരങ്ങൾ കിടത്തി. ആൾക്കൂട്ടത്തിൽനിന്ന്‌ ആദ്യം ഉയർന്നത്‌ പ്രവീണിന്റെ അച്ഛൻ കൃഷ്ണൻനായരുടെ വിങ്ങൽ. ഓരോരുത്തരെയും പേരെടുത്ത് വിളിച്ച്‌ അദ്ദേഹം ഏങ്ങലടിച്ചു. ‘ഇനിയൊരു കാഴ്ചയില്ലല്ലോ, ഞാൻ ഒന്നുകൂടി കണ്ടോട്ടെ എന്റെ മക്കളെ’ എന്നു കരഞ്ഞ്‌ ശരണ്യയുടെ അച്ഛൻ ശശിധരക്കുറുപ്പ്‌ വീണ്ടും വീണ്ടും പേരക്കുട്ടികളെ കാണാനെത്തി. അമ്മമാർ കരയാൻപോലും അശക്തരായി തളർന്നുവീണു.

വാവിട്ടൊന്ന് നിലവിളിച്ചല്ലാതെ അവിടെക്കൂടിയ ഒരാൾക്കും അവരെ യാത്രയാക്കാനാകുമായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുകളുമെല്ലാം കരഞ്ഞു തളർന്നു. നാട്ടുകാരും സഹപ്രവർത്തകരുമെല്ലാം നിറമിഴികളോടെ അവരെ അവസാനമായി കണ്ടിറങ്ങി. പൊതുദർശനത്തിനുവച്ച മൃതദേഹങ്ങളിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ ഒന്നര മണിക്കൂറോളം നിലയ്‌ക്കാത്ത ജനപ്രവാഹമായിരുന്നു. അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാൻ നാട്ടുകാരും പൊലീസും ബുദ്ധിമുട്ടി.

ഒമ്പതരയോടെ ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹങ്ങൾ സംസ്‌കാരത്തിനായി എടുത്തു. കുഴിയുടെ ഇരുവശങ്ങളിലുമായി ഒരുക്കിയ ചിതകളിൽ പ്രവീണിന്റെയും ശരണ്യയുടെ മൃതദേഹങ്ങൾക്ക്‌ തീ കൊളുത്തി. പിന്നാലെ മൂന്നു കുട്ടികളുടെയും മൃതദേഹങ്ങൾ അടക്കി. ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവാണ്‌ അച്ഛൻ ജിബിയുടെ ഒക്കത്തിരുന്ന്‌ അന്ത്യകർമങ്ങൾ ചെയ്‌തത്‌.


പ്രധാന വാർത്തകൾ
 Top