27 September Sunday

കുട്ടനാട്ടിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച്‌ ജോസഫ്‌ ; കേരള കോൺഗ്രസിൽ പൊട്ടിത്തെറി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020


കോട്ടയം
ജോസ്‌ കെ മാണി വിഭാഗത്തെ കടത്തിവെട്ടാൻ ഒരുമുഴം എറിഞ്ഞ്‌ വർക്കിങ്‌ ചെയർമാൻ പി ജെ ജോസഫിന്റെ കരുനീക്കം.  ഉപതെരഞ്ഞെടുപ്പ്‌ വരുന്ന കുട്ടനാട്‌ മണ്ഡലത്തിൽ ജോസഫ്‌ വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. കഴിഞ്ഞതവണ മത്സരിച്ച ജേക്കബ്‌ എബ്രഹാമാകും സ്ഥാനാർഥിയെന്ന്‌ പി ജെ ജോസഫ്‌ കോട്ടയത്ത്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫിൽ ചർച്ചചെയ്യാതെ ജോസഫ്‌   കൈക്കൊള്ളുന്ന തീരുമാനം യുഡിഎഫിനേയും വെട്ടിലാക്കി.

2016ൽ എൽഡിഎഫിലെ തോമസ്‌ ചാണ്ടിയോട്‌ 4891 വോട്ടിനാണ്‌ ജേക്കബ്‌ എബ്രഹാം പരാജയപ്പെട്ടത്‌. നിലവിൽ ആലപ്പുഴ ജില്ലാപ്രസിഡന്റാണ്‌. ജോസ്‌ വിഭാഗവും സ്ഥാനാർഥിയെ നിർത്താൻ സാധ്യതയില്ലേ എന്ന ചോദ്യത്തിന്‌ 2016-ൽ അവർ വിമതനെ നിർത്തിയെന്നും 250 -ഓളം വോട്ടേ ലഭിച്ചുള്ളൂവെന്നും ജോസഫ്‌ പ്രതികരിച്ചു.

ജോസഫിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന്‌ ജോസ്‌ വിഭാഗം
കോട്ടയം
കുട്ടനാട്ടിൽ യുഡിഎഫ്‌ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ പി ജെ ജോസഫിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവിടെ പാർടി ചെയർമാൻ ജോസ്‌ കെ മാണി എംപി പ്രഖ്യാപിക്കുമെന്നും കേരള കോൺഗ്രസ്‌ മാണി വിഭാഗം. സ്ഥാനാർഥിയെ വാർത്താസമ്മേളനത്തിൽ പി ജെ ജോസഫ്‌ പ്രഖ്യാപിച്ചതിനോട്‌ ജോസ്‌ കെ മാണി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സ്‌റ്റീഫൻ ജോർജ്‌ പ്രതികരിക്കുകയായിരുന്നു. കുട്ടനാട്‌ സീറ്റ്‌ കേരള കോൺഗ്രസ്‌ എമ്മിന്‌ അവകാശപ്പെട്ടതാണ്‌. 2011ൽ കേരള കോൺഗ്രസ്‌ എം മത്സരിച്ച എല്ലാ സീറ്റുകളിലും വരുന്ന തെരഞ്ഞെടുപ്പിലും ജോസ്‌ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും അവരെല്ലാം രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്നും സ്‌റ്റീഫൻ ജോർജ്‌ പറഞ്ഞു.

ജോസഫ്‌ വഞ്ചകനെന്ന്‌  മുഖപത്രം
കോട്ടയം
കേരള കോൺഗ്രസിൽ ഇരുവിഭാഗങ്ങളും ആരോപണങ്ങളുമായി വീണ്ടും നേർക്കുനേർ. ജോസ്‌ കെ മാണി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണമായ “പ്രതിഛായ’യിൽ 22ന്‌ ഇറങ്ങിയ ലേഖനത്തിൽ പി ജെ ജോസഫിനെ നിശിതമായി വിമർശിക്കുന്നു. “ജോസഫ്‌ വഞ്ചനയുടെ ചരിത്രം ആവർത്തിക്കുന്നു’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ “പി ജെയുടെ കൈമുതലായുള്ളത്‌ സ്വാർഥതയും താൻപോരിമയുമാണെ’ന്ന്‌ പറയുന്നു. കോട്ടയത്ത്‌ വാർത്താസമ്മേളനത്തിലാണ്‌ ജോസഫ്‌ ഇതിനു മറുപടി പറഞ്ഞത്‌. അമ്പത്തിനാല്‌ കൊല്ലം കൈയടക്കി വച്ച സീറ്റ്‌ തോൽപ്പിച്ചവരാണ്‌ തന്നെ വിമർശിക്കാൻ നടക്കുന്നത്‌. വാഹനത്തിന്റെ പിന്നാലെ നായ കുരച്ചു ചാടും, പക്ഷേ വാഹനം പൊയ്‌ക്കൊണ്ടേയിരിക്കുമെന്നും ജോസഫ്‌ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top