05 December Monday

പെൺകരുത്തിന്റെ മഹാപ്രവാഹം

ലെനി ജോസഫ്‌Updated: Thursday Nov 24, 2022


ആലപ്പുഴ
വിപ്ലവമണ്ണിനെ സമരാവേശത്തിന്റെ ഉത്തുംഗങ്ങളിലെത്തിച്ച്‌  അലകടൽപോലെ പെൺശക്തിയുടെ മഹാപ്രവാഹം. സ്‌ത്രീകളുടെ അഭിമാനത്തിനും സമത്വത്തിനും അവകാശങ്ങൾക്കും വേണ്ടി പൊരുതിയ ആദ്യപഥികരുടെ മണ്ണ്‌ ഒരിക്കൽക്കൂടി  സമരാവേശത്തിന്റെ ജ്വാലകൾ ഏറ്റുവാങ്ങി.

ശുഭ്രപതാകയുടെ തണലിൽ പതിനായിരക്കണക്കിന്‌ സ്‌ത്രീകൾ അണിനിരന്ന പ്രകടനം നഗരത്തിലെ ഏഴുകേന്ദ്രങ്ങളിൽനിന്ന്‌ ആരംഭിച്ചു. ബാൻഡു വാദ്യവും ചെണ്ടമേളവും തെയ്യവും തിറയുമെല്ലാം കൊഴുപ്പുപകർന്ന പ്രകടനത്തിൽ  ജനാധിപത്യത്തിനും ലിംഗസമത്വത്തിനും  സാമൂഹ്യനീതിക്കും വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ അലയടിച്ചു. നങ്ങേലിയുടെയും പുന്നപ്ര–- വയലാർ രണധീരരുടെയും നാട്ടിൽ ഒത്തുചേർന്നവർ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും നരബലിക്കുമെതിരായ താക്കീത്‌  മുഴക്കിയപ്പോൾ അത്‌ നവോത്ഥാന കേരളത്തിന്റെ അലയൊലികളായി.  സംസ്ഥാന പ്രസിഡന്റ്‌  സൂസൻ കോടി,  സെക്രട്ടറി അഡ്വ. സി എസ്‌ സുജാത, ട്രഷറർ  ഇ പത്മാവതി,  എൻ സുകന്യ, കെ കെ ലതിക, റോസക്കുട്ടി, കെ ജി രാജേശ്വരി,  പ്രഭാ മധു, പുഷ്‌പലത മധു, ജി രാജമ്മ, ലീല അഭിലാഷ്‌, കെ കെ ജയമ്മ, ബിച്ചു എക്‌സ്‌ മലയിൽ  തുടങ്ങിയവർ പ്രകടനം നയിച്ചു.

പ്രകടനം മല്ലുസ്വരാജ്യം നഗറിൽ (ഇഎംഎസ്‌ സ്‌റ്റേഡിയം) സമാപിച്ചു. തുടർന്നു ചേർന്ന മഹാസമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്‌തു.  അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധവ്‌ളെ,  എസ്‌ പുണ്യവതി, പി കെ ശ്രീമതി, കെ കെ ശൈലജ പി സതീദേവി, ഡോ. ആർ ബിന്ദു, വീണാ ജോർജ്‌, ഇ പത്‌മാവതി  എന്നിവർ സംസാരിച്ചു. സി എസ്‌ സുജാത സ്വാഗതം പറഞ്ഞു.

മികവിന്റെ നേതൃനിര
സഹനസമരത്തിലും അറിവിലും അനുഭവത്തിലും മുന്നിലാണ്‌ വീരകേരളത്തിന്റെ വനിതാനേതൃനിര. മഹിളാ അസോസിയേഷൻ  സംസ്ഥാന സമ്മേളന പ്രതിനിധികളിൽ 102 പേർ ബിരുദാനന്തര ബിരുദധാരികളാണ്‌. 208 പേർക്ക്‌ ബിരുദം. പിഎച്ച്ഡിക്കാർ ആറുപേർ. ഒരാൾക്ക്‌ എംബിബിഎസ്. രണ്ട് പ്രൊഫസർമാർ. ബിഎഡ്–- എംഎഡ് ബിരുദം 18 പേർക്ക്‌.  ബിബിഎ–എംബിഎ 28 പേർ.

അവയവദാനത്തിന്‌ തയ്യാറായവർ 491 പേരുണ്ട്‌. കൂടുതൽകാലം ജയിൽവാസം അനുഭവിച്ചത്  കൊല്ലം ജില്ലാ പ്രസിഡന്റ്‌ ആർ വിജയമ്മയാണ്–- 65 ദിവസം.  കെ വി പുഷ്‌പ 22 ദിവസം. ആർ പ്രീതക്കെതിരെ  27 കേസുണ്ട്‌.  203 പേർ ജനപ്രതിനിധികളാണ്.  നാലുപേർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ. 23 പഞ്ചായത്ത് പ്രസിഡന്റുമാരും 14 ബ്ലോക്ക്  പ്രസിഡന്റുമാരും. നാലുപേർ നഗരസഭാധ്യക്ഷരാണ്‌. നാല്‌ എംഎൽഎമാരും ഒരുമേയറും രണ്ട് മുൻമന്ത്രിമാരും രണ്ട് മുൻ എംപിമാരും പങ്കെടുത്തു.

ആകെ  713 പേർ. 13 സമ്മേളനത്തിലും പങ്കെടുത്ത നാലുപേരുണ്ട്. 22 മുതൽ 42 വയസുവരെയായ 72 പേരുണ്ട്. 42മുതൽ അമ്പതുവരെ 244 പേർ. 52  മുതൽ 60 വരെ 238 പേർ. 62 മുതൽ 70 വരെ 119 പേർ. 71 മുതൽ 89 വയസുവരെ ഒമ്പതുപേർ. 42 പേർ അഭിഭാഷകരാണ്‌. അധ്യാപകർ 16 പേർ. കംപ്യൂട്ടർ പരിജ്ഞാനമുള്ളവർ 408 പേർ.  635 പേർക്ക്‌ ഫേസ്‌ബുക്ക്‌ പേജുണ്ട്‌.  കൺവീനർ അഡ്വ. സബിദ ബീഗം അവതരിപ്പിച്ച ക്രഡൻഷ്യൽ റിപ്പോർട്ട്‌ നേതൃനിരയുടെ  അനുഭവസമ്പത്തും മികവും അടയാളപ്പെടുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top