28 November Saturday

മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹർജി തള്ളി ; പൊതുതാൽപര്യമല്ലെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020


മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സിബിഐക്ക് നിർദേശം നൽകണമെന്ന പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. മൈക്കിൾ വർഗീസ് എന്നയാൾ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാർ അഭിഭാഷകന്റെ സേവനം വിനിയോഗിച്ചത് നിയമപരമല്ലെന്ന വാദവും കോടതി തള്ളി. കേസ് റദ്ദാക്കണമെന്ന ലൈഫ് മിഷന്റെ ഹർജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലിരിക്കെ പൊതുതാൽപ്പര്യ ഹർജിയിലൂടെ സിംഗിൾ ബെഞ്ച് നടപടികളെ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ചിന്റെ നടപടികളിൽ ഇടപെടാനുള്ള ശ്രമമാണ് ഹർജിക്കാരന്റെതെന്നും ഹർജിയിൽ പൊതുതാൽപ്പര്യമില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

സ്‌പ്രിങ്ക്‌ളർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇവർ നേരത്തെ സമർപ്പിച്ച ഹർജിയും കോടതി തള്ളിയിരുന്നെന്ന് വിധിന്യായത്തിൽ പറഞ്ഞു. ഹർജി നിയമാനുസൃതം നിലനിൽക്കുന്നതല്ലെന്നും സിംഗിൾ ബെഞ്ചിൽ പരിഗണനയിലുള്ള പല കാര്യങ്ങളുമാണ് ഹർജിക്കാരൻ പൊതുതാൽപ്പര്യ ഹർജിയിൽ ഉന്നയിക്കുന്നതെന്ന്  അഡ്വക്കറ്റ് ജനറൽ സി പി സുധാകരപ്രസാദ് ബോധിപ്പിച്ചു.

സ്വർണക്കടത്തിൽ ഉന്നതസ്ഥാനത്തുള്ളവർക്ക് പങ്കുണ്ടെന്നും കുറ്റകൃത്യത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടെന്നും ഹർജിഭാഗം  നിരവധിതവണ ആരോപിച്ചിട്ടുണ്ടെങ്കിലും എന്ത് തെളിവാണ് ഉള്ളതെന്ന് ഹർജിയിൽ വ്യക്തമല്ലെന്ന് കോടതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top