04 December Friday

‘ഞാൻ പണം വാങ്ങിയത്‌ പാർടിക്കുവേണ്ടിയാണ്‌, നിങ്ങൾ കഴിയുംപോലെ നോക്കിക്കോ’; പ്രവർത്തകരോട്‌ തട്ടിക്കയറി; ഷാജിയെ അവർ വൈറലാക്കി

പ്രത്യേക ലേഖകൻUpdated: Saturday Oct 24, 2020


കണ്ണൂർ
‘ഞാൻ പണം വാങ്ങിയത്‌ പാർടിക്കുവേണ്ടിയാണ്‌. നിങ്ങൾ കഴിയുംപോലെ നോക്കിക്കോ’–- സ്വന്തം പാർടിയിലെ‌ പ്രവർത്തകരോട്‌ നടത്തിയ ഈ ഭീഷണിയാണ്‌ കെ എം ഷാജിയെ വെട്ടിലാക്കിയത്‌‌. കണ്ണൂർ ജില്ലയിലെ അഴീക്കോട്‌ ഹൈസ്‌കൂളിന്‌ പ്ലസ്‌ടു അനുവദിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു‌ വിവാദം. തൊട്ടടുത്ത്‌ മീൻകുന്നിൽ ഗവ. ഹൈസ്‌കൂൾ ഉള്ളതിനാൽ ഈ സ്‌കൂളിന് പ്ലസ്‌ടു‌ ലഭിച്ചിരുന്നില്ല. 2011ൽ യുഡിഎഫ്‌ സർക്കാർ വന്നതൊടെ സ്‌കൂളുകാർ ‌ പ്ലസ്‌ടുവിനുള്ള ശ്രമം ഊർജിതമാക്കി. അതേസമയം തന്നെ മാനേജ്‌മെന്റ്‌ കോട്ടയിലെ പ്ലസ്‌ടു അധ്യാപക നിയമനം പൂർത്തിയാക്കി തലവരിപ്പണവും അധികൃതർ വാങ്ങിയിരുന്നു. എന്നാൽ ആ വർഷവും സ്‌കൂളിന്‌ പ്ലസ്‌ടു അനുവദിച്ചില്ല. ഇതോടെ അങ്കലാപ്പിലായ സ്‌കൂൾ മാനേജ്‌മെന്റ്‌ മുസ്ലിംലീഗ്‌ പൂതപ്പാറ ശാഖാ കമ്മിറ്റിയെ സമീപിച്ചു. ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട ശാഖാ ഭാരവാഹികൾ പ്രതിഫലമായി ഒരു തസ്‌തിക ആവശ്യപ്പെട്ടു. നിയമനം പൂർത്തിയായതിനാൽ ഒരു തസ്‌തികയ്ക്ക്‌ വാങ്ങുന്ന 25 ലക്ഷം രൂപ നൽകാമെന്ന്‌ സ്‌കൂളുകാർ ഉറപ്പും നൽകി. അങ്ങനെ‌ 2014ൽ സ്‌കൂളിന്‌ പ്ലസ്‌ടു അനുവദിച്ചു.

കള്ളക്കളി
പ്ലസ്‌ടു ലഭിച്ചിട്ടും വാഗ്‌ദാനംചെയ്‌ത പണം ലഭിക്കാതായപ്പോൾ ലീഗുകാർ മാനേജരെ സമീപിച്ചു. പണം കൊടുക്കരുതെന്ന്‌ എംഎൽഎ പറഞ്ഞതായി സ്‌കൂളുകാർ മറുപടി നൽകി. മുസ്ലിം മാനേജ്‌മെന്റുകളിൽനിന്നുമാത്രം പണം വാങ്ങിയാൽ മതിയെന്നാന്നായിരുന്നു‌ ഷാജി ഇതിന്‌ നൽകിയ വിശദീകരണം.

ജനറൽ ബോഡി കള്ളം പൊളിച്ചു
2017 ജൂണിൽ സ്‌കൂൾ മാനേജിങ്‌ കമ്മിറ്റി ജനറൽബോഡിയിൽ അവതരിപ്പിച്ച വരവുചെലവ്‌ കണക്കാണ്‌ ഈ കേസിൽ‌ വഴിത്തിരിവായത്‌. പ്ലസ്‌‌ടു കോഴ്‌സ്‌ ലഭിക്കാൻ 25 ലക്ഷം ചെലവായതായി അതിൽ കാണിച്ചിരുന്നു. ആ തുക ഷാജിയിലേക്കാണ്‌ എത്തിയത്‌ എന്ന്‌ മാനേജരെക്കണ്ട് ലീഗ്‌ പ്രവർത്തകർ  ഉറപ്പുവരുത്തി. ഈ വിവരം അന്വേഷിക്കാൻ എത്തിയ പ്രവർത്തകരെയാണ്‌‌  ഷാജി‌ ഭീഷണിപ്പെടുത്തിയത്‌.

പരാതിക്കാരൻ പുറത്തേക്ക്‌
സംഭവത്തിൽ പ്രകോപിതനായ ലീഗ്‌ ശാഖാ വൈസ്‌ പ്രസിഡന്റ്‌ നൗഷാദ്‌ പൂതപ്പാറ സംസ്ഥാന കമ്മിറ്റിക്ക്‌ പരാതി നൽകി. എന്നാൽ സംസ്ഥാന നേതൃത്വം ഷാജിക്കൊപ്പം നിന്നു. പരാതിക്കാരനെ പുറത്താക്കുകയുംചെയ്‌തു. തുടർന്നാണ്‌ സാമൂഹ്യമാധ്യമങ്ങളിൽ ഈ വാർത്ത നിറഞ്ഞത്‌. ഷാജിയുടെ ധിക്കാരമാണ്‌ വിവരം‌ പുറത്തറിയാൻ കാരണമെന്നാണ്‌‌ നൗഷാദ്‌ പൂതപ്പാറ പറയുന്നത്‌.

കോഴയ്ക്ക്‌ തെളിവുണ്ടെന്ന്‌ വിജിലൻസും
കെ എം ഷാജി എംഎൽഎയുടെ കോഴക്കഥ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുടുവൻ പത്മനാഭനാണ്‌ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയത്‌. തെളിവുകളടക്കം 2017 സെപ്‌തംബർ 19 നാണ്‌ പരാതി നൽകിയത്‌.‌ വിജിലൻസ്‌ ഡയറക്ടറുടെ നിർദേശപ്രകാരം കണ്ണൂർ വിജിലൻസ്‌ യൂണിറ്റ്‌ പ്രാഥമിക പരിശോധന നടത്തി. കഴമ്പുണ്ടെന്ന്‌ കണ്ടതോടെ‌ സ്‌പീക്കറുടെ അനുമതിയോടെ 2020 ഏപ്രിൽ 18ന്‌ എഫ്‌ഐആർ രജിസ്‌റ്റർചെയ്‌ത്‌ അന്വേഷണമാരംഭിച്ചു.

സ്‌കൂൾ മാനേജ്‌മെന്റ്‌ കെ എം ഷാജിക്ക്‌ 25 ലക്ഷം രൂപ നൽകിയതായി വ്യക്തമാണെന്ന്‌ എഫ്‌ഐആറിൽ അന്നത്തെ വിജിലൻസ്‌ ഡിവൈഎസ്‌പി വി മധുസൂദനൻ വ്യക്തമാക്കിയിട്ടുണ്ട്‌. അഴിമതിനിരോധന നിയമം 7, 13(1)ഡി റെഡ്‌ വിത്ത്‌ 13(2) വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌.

ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ അന്വേഷണം അവസാന ഘട്ടത്തിലാണ്‌. കോവിഡ്‌ സാഹചര്യത്തിൽ‌ തെളിവെടുപ്പ്‌ അൽപ്പം മന്ദഗതിയിലായെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത വീട്‌ പൊളിക്കാൻ നോട്ടീസ്‌
മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ ഭാര്യയുടെ പേരിൽ അനധികൃതമായി നിർമിച്ച വീട്‌ പൊളിച്ചുമാറ്റാതിരിക്കാൻ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട്‌ കോർപറേഷൻ സെക്രട്ടറി നോട്ടീസ്‌ നൽകി‌. ഉത്തരവ്‌  ഷാജിയുടെ ഭാര്യ ആശാ ഷാജി‌ക്ക്‌‌ കൈമാറി.

കേരള മുനിസിപ്പൽ ആക്ട്‌ 406(1)(2) വകുപ്പനുസരിച്ചാണ്‌ നോട്ടീസ്‌.‌ 15 ദിവസത്തിനകം വിശദീകരണം നൽകണം‌.  തൃപ്‌തികരമല്ലെങ്കിൽ വീട്‌ കോർപറേഷൻ പൊളിച്ചുനീക്കും. വേങ്ങേരി വില്ലേജിൽ 2016ലാണ്‌ വീട്‌ നിർമാണം പൂർത്തിയായത്‌. രണ്ടുനിലയിൽ 3217.24 ചതുരശ്രയടി വിസ്‌തീർണമുള്ള വീടിനാണ്‌ അനുമതി. എന്നാൽ നിർമിച്ചത്‌ 5200 ചതുരശ്രയടി വിസ്‌തീർണമുള്ള മൂന്നുനില വീടും.

ആഡംബര വീടിന്റെ നികുതിയടയ്‌ക്കാൻ 2016 നവംബർ 30ന്‌ തഹസിൽദാർ നോട്ടീസ്‌ നൽകിയെങ്കിലും അനുസരിച്ചില്ല. ഈയിനത്തിൽ വൻതോതിൽ നികുതി വെട്ടിച്ചതായാണ്‌ കണ്ടെത്തൽ. അനധികൃത നിർമാണത്തിന്‌  പിഴയടക്കം നികുതി കണക്കാക്കിയുള്ള നോട്ടീസും ഇതോടൊപ്പം നൽകി.

അഴീക്കോട്‌ ഹൈസ്‌കൂളിൽ പ്ലസ്‌ ടു അനുവദിക്കാൻ കെ എം ഷാജി  സ്‌കൂൾ മാനേജ്‌മെന്റിൽനിന്ന്‌ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌(ഇഡി) അന്വേഷണം നടത്തുന്നുണ്ട്‌. ആഡംബര വീട്‌ നിർമാണത്തിന്‌ കോഴപ്പണം ഉപയോഗിച്ചോ എന്ന കാര്യവും ഇഡി പരിശോധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top