22 October Thursday

സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഉപകരണ നിർമാണ കേന്ദ്രമാക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ജൈവസാങ്കേതികവിദ്യയിൽ വൻനിക്ഷേപം ആകർഷിക്കുന്ന വ്യാവസായിക ആവാസവ്യവസ്ഥ സൃഷ്ടിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. തോന്നയ്‌ക്കലിൽ സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ മെഡിക്കൽ ഉപകരണനിർമാണ യൂണിറ്റ്‌ നിർമാണോദ്‌ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർക്ക്‌ യാഥാർഥ്യമാകുന്നതോടെ കേരളം രാജ്യത്തിന്റെ വൈദ്യശാസ്ത്ര ഉപകരണ നിർമാണകേന്ദ്രമാകും.

ജൈവസാങ്കേതികവിദ്യയിൽ ഗവേഷണത്തിനൊപ്പം സംരംഭകത്വവും ഉറപ്പാക്കുകയാണ് സർക്കാർ നയം. സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പ്രോത്സാഹനം നൽകും. രാജ്യത്തിനാവശ്യമായ ഉപകരണങ്ങളുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്‌. മെഡ്സ്പാർക്ക്‌ യാഥാർഥ്യമാകുന്നതോടെ 1200 പേർക്ക് നേരിട്ടും 5000 പേർക്ക്‌ പരോക്ഷമായും തൊഴിൽ ലഭിക്കും.

ബയോടെക്നോളജിയുടെ സാധ്യത‌ തിരിച്ചറിഞ്ഞാണ് സംസ്ഥാന പൊതു വ്യവസായമേഖലയെ സർക്കാർ ഈ രംഗവുമായി കണ്ണിചേർക്കുന്നത്‌.  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും മെഡ്സ്പാർക്കും  യാഥാർഥ്യമാകുന്നതോടെ ലൈഫ് സയൻസ് പാർക്കിന്റെ വികസനം ദ്രുതഗതിയിലാകും. ശരീരത്തിനകത്തും പുറത്തും ഘടിപ്പിക്കാവുന്ന ഉപകരണങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും മെഡ്സ്പാർക്ക് ഊന്നൽ നൽകും. പദ്ധതിയുമായി കൂടുതൽ കമ്പനികളും സ്റ്റാർട്ടപ്പുകളും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമ്പതേക്കറിൽ 230 കോടി ചെലവിലാണ് മെഡ്‌സ്‌പാർക്കിന്റെ നിർമാണമെന്ന്‌ ചടങ്ങിൽ അധ്യക്ഷനായ വ്യവസായമന്ത്രി ഇ പി ജയരാജൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top