20 October Tuesday
ദിവസപരിശോധന അരലക്ഷം

തീവ്രം, ഭയാനകം ; 640 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല , യാത്രാ ചരിത്രമില്ലാത്തവർക്കും രോഗം

സ്വന്തം ലേഖികUpdated: Thursday Sep 24, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം അതിതീവ്ര നിലയിലേക്ക്. ദിവസ പരിശോധന അരലക്ഷം കടന്നപ്പോൾ, ആദ്യമായി കോവിഡ്‌ രോഗികളുടെ എണ്ണം  5000 കടന്നു; 5376 പുതിയ രോഗികൾ. 94.20 ശതമാനവും സമ്പർക്ക രോഗികളാണ്‌.  640 പേരുടെ സമ്പർക്ക ഉറവിടവും വ്യക്തമല്ല. 

പത്തുവയസ്സിനു താഴെയും 60ന്‌ മുകളിലുമുള്ളവരിലേക്ക്‌ രോഗം പടരുന്നുണ്ട്‌. ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും കൂടുന്നു. രോഗവ്യാപനം ഏറ്റവും രൂക്ഷം തിരുവനന്തപുരത്തുതന്നെ. ബുധനാഴ്ച രോഗികളായ 852ൽ 21.60 ശതമാനത്തിനും യാത്ര, സമ്പർക്ക ചരിത്രമില്ല. 99 ആരോഗ്യപ്രവർത്തകർക്ക്‌ രോഗം പിടിപെട്ടതിൽ 25ഉം തലസ്ഥാനത്താണ്‌‌.

20 പൊലീസുകാർക്കും ആറ്റിങ്ങൽ ഫയർ സ്‌റ്റേഷനിലെ ആറുപേർക്കും രോഗം വന്നു. എറണാകുളത്ത്‌ രോഗികൾ ആദ്യമായി 600 കടന്നു; 624.  മലപ്പുറം, കോഴിക്കോട്‌, കൊല്ലം, ആലപ്പുഴ ജില്ലകളിൽ അഞ്ഞൂറിലധികം രോഗികൾ. കോഴിക്കോട്‌ പാളയം മാർക്കറ്റിൽ 760 പേരെ പരിശോധിച്ചപ്പോൾ 232 പേർക്കും രോഗം സ്ഥിരീകരിച്ചു. മാർക്കറ്റ്‌ അടച്ചിട്ടു.

തൃശൂരിൽ എട്ടുമുതൽ 14 ശതമാനമായിരുന്ന രോഗംവരുന്ന നിരക്ക്‌ രണ്ടുദിവസമായി 22 ശതമാനത്തിലെത്തി. രോഗികൾ വലിയതോതിൽ വർധിക്കുന്ന മലപ്പുറത്ത്‌ 684 അധിക കിടക്കയും 50 ഐസിയു കിടക്കയും ഒരുക്കി. പത്തനംതിട്ടയിൽ ചെറുലക്ഷണങ്ങൾ ഉള്ളവർക്കായി കൂടുതൽ രണ്ടാംഘട്ട ചികിത്സാകേന്ദ്രങ്ങൾ ഒരുക്കി. കോട്ടയം വാഴപ്പള്ളി, കോട്ടയം നഗരസഭ, കുമരകം, ഏറ്റുമാനൂർ മേഖലകളിൽ സമ്പർക്ക വ്യാപനം തീവ്രമായി. ബുധനാഴ്ച 2951 പേർക്ക്‌ രോഗം ഭേദമായി.

ചെറുപ്പക്കാർക്കും അപകടം

സംസ്ഥാനത്ത്‌ കോവിഡ്‌ സ്ഥിതി അതീവ ഗുരുതരമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പക്കാർക്ക് കോവിഡ്  അപകടകരമാകില്ലെന്ന അമിത ആത്മവിശ്വാസം ഒഴിവാക്കണം. കോവിഡ്‌ മാനദണ്ഡം പാലിക്കാതെ കൂട്ടംകൂടിയുള്ള സമരങ്ങളും രോഗവ്യാപനം കൂട്ടുന്നു. കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സമരത്തിൽ പങ്കെടുത്ത നാലുപേർക്ക്‌ വീതവും തൃശൂർ രണ്ട്‌,  ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ ഒാരോ ആൾക്കും രോഗം സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top