23 October Friday

കിടിലമാണ്‌ അനൂപിന്റെ കാർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


കാലടി
അയ്യമ്പുഴ ചുള്ളിയിലെ നാട്ടുവഴികളിലൂടെ ഒഴുകിനീങ്ങുന്ന കിടിലൻ വിന്റേജ്‌ കാർ കാണുന്ന ആരും ഒന്നു നോക്കും. രാജഭരണകാലത്തെ വാഹനങ്ങളെ അനുസ്‌മരിപ്പിക്കുന്ന രൂപം. വിന്റേജ്‌ കാറുകൾക്ക് മോഹവിലയാണെങ്കിൽ കാർ നിർമിച്ചെടുക്കാൻ അനൂപിന്‌ ചെലവായത്‌ ബൈക്കിന്റെ എൻജിനും 10,000 രൂപയും.

ലോക്ക്‌ഡൗൺ വിരസതയിൽനിന്ന്‌ മോചനം തേടിയാണ്‌ അനൂപ് വിചിത്രമായ ആശയം പിന്തുടർന്നത്‌. കാലിയായ ടാർ വീപ്പകൾ ആദ്യം ശേഖരിച്ചു. ബജാജ്‌ പൾസർ 150 ബൈക്കിന്റെ എൻജിൻ അഴിച്ചെടുത്ത്‌ ഫിറ്റിങ്‌ ജോലി ചെയ്തു തുടങ്ങി. സ്പെയർ പാർട്‌സ്‌ വാങ്ങി സ്റ്റിയറിങ്‌, ഗിയർ, ക്ലച്ച്, ബ്രേക്ക്, ലൈറ്റ് എന്നിവ ഘടിപ്പിച്ചു. 20 ദിവസംകൊണ്ട്  ഇരുചക്ര വാഹനത്തിന്റെ എൻജിൻ ഉപയോഗിച്ച് നാലുചക്ര വാഹനം രൂപകൽപ്പന ചെയ്തതോടെ അനൂപ് നാട്ടിൽ താരമായി. അമ്പത്തഞ്ച്‌ കിലോമീറ്റർ മൈലേജും കിട്ടുന്നുണ്ട്. എൻജിൻ കൂടാതെ സ്പെയർ പാർട്‌സിനായി ഏതാണ്ട്‌ 10,000 രൂപ ചെലവാക്കി. ഡ്രൈവർക്കുമാത്രമേ യാത്ര ചെയ്യാൻ പറ്റൂ. യുട്യൂബിൽനിന്നാണ് ആശയം ഉൾക്കൊണ്ടത്. സ്വന്തമായി ഒരു യുട്യൂബ് ചാനലും അനൂപിനുണ്ട്. ചുള്ളി പാറേക്കാടൻ വീട്ടിൽ സാന്റു–-എൽസി ദമ്പതികളുടെ മകനാണ് അനൂപ്. സ്വകാര്യ കമ്പനിയിലാണ്‌ ജോലി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top